migrant-worker

വിജിതയെ ഓര്‍ക്കുന്നുണ്ടോ ? നമ്മുടെ ഭരണസംവിധാനത്താല്‍ പൊതുശല്യമെന്ന പേര് പേറേണ്ടിവന്ന സ്ത്രീ.  തിരുവനന്തപുരം മൂക്കുന്നിമലയിലെ സമരസമിതി പ്രവര്‍ത്തക വി.വി വിജിതയെ പള്ളിച്ചല്‍ പഞ്ചായത്ത് പൊതുശല്യമായി പ്രഖ്യാപിച്ചതിന്റെ കാരണമെന്തായിരുന്നു ?. വിവരാവകാശ രേഖകള്‍ക്കായി നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയതായിരുന്നു കുറ്റം. എന്തിനുവേണ്ടിയായിരുന്നു ആ കയറിയിറക്കം എന്നുകൂടി അറിയണം. ? വിജിത ആരായിരുന്നുവെന്നും. മൂക്കുന്നിമലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ നിരന്തരണം കലഹിച്ചിരുന്ന വെറുമൊരു വീട്ടമ്മ മാത്രമാരുന്നു വിജിത. ക്വാറികള്‍ക്കെതിരെയുള്ള പോരാട്ടം നാള്‍ക്കുനാള്‍ കടുത്തതോടെ വീട്ടമ്മയുടെ റോളില്‍നിന്ന് സമരനായികയായി മുന്നേറി. 

നാട്ടുകാരുടെ പിന്തുണയും പിന്‍ബലവും കൂടിയായപ്പോള്‍ നിയമം ലംഘിക്കുന്ന പാറമട ഉടമകള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന പള്ളിച്ചല്‍ പഞ്ചായത്തിനും വിജിത കണ്ണിലെ കരാടായി. വൈകാതെ വിജിതയെ പൊതുശല്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിജിതയെ ഓര്‍ക്കാന്‍ കാരണം പത്തനംതിട്ടയിലെ പാറമട ദുരന്തമാണ്.  പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ പാറ ഇടിഞ്ഞുണ്ടായത് ചെറിയ ദുരന്തമല്ല. അതുണ്ടായതാകട്ടെ നാട്ടുകാര്‍ക്ക് ശല്യമായി മാറിയ പാറമടയിലും. സമരം ചെയ്യുന്നവര്‍ ഓര്‍ക്കുക. സമരം ക്വാറിക്കെതിരെയാണ്. ശല്യമായി മാറിയ ക്വാറിക്കെതിരെ നാവനക്കിയതിന്റെ പേരില്‍ നിങ്ങള്‍ പൊതുശല്യമായി പ്രഖ്യാപിക്കപ്പെട്ടേക്കാം. കാരണം സംഗതികളുടെ കിടപ്പുവശം അങ്ങനെയാണ്. പത്തനംതിട്ട പയ്യനാമണ്ണിലെ പാറമടയില്‍ ഇന്നലെയാണ് കല്ലിടിഞ്ഞുവീണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ രണ്ട് അതിഥിത്തൊഴിലാളികള്‍ കല്ലുകള്‍ക്കടിയില്‍ കുടുങ്ങി. 

കല്ലിടിഞ്ഞ് മണ്ണുമാന്തിയന്ത്രത്തിന് മുകളില്‍വീഴുകയായിരുന്നു. ചെങ്കുത്തായ പാറയുടെ മുകള്‍ഭാഗത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നില്ല. ഇളകിയ പാറകള്‍  മാറ്റിയാല്‍ വീണ്ടും ഇടിയാന്‍ സാധ്യതയുണ്ടായിരുന്നു. ഒഡീഷയില്‍ നിന്നുള്ള മഹാദേവ പ്രഥാൻ ആണ് മരിച്ചത്. പാറ പൊട്ടിക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ മറ്റൊരാള്‍ ബിഹാർ സ്വദേശി അജയ് റായി. അജയ് റാവുവിന്റെ സഹോദരങ്ങൾ അപകട സ്ഥലത്ത് എത്തിയത് വൈകാരികപ്രതികരണത്തോടെയായിരുന്നു.  ഇന്നലെ രാവിലെ ജോലിക്ക് കയറും മുൻപ് അജയ് വിളിച്ചിരുന്നുവെന്നും മക്കളുടെ ബാഗിനുള്ള പണം അയച്ചു എന്നും സഹോദരൻ ഉദയ് പറഞ്ഞു.  നേരത്തോട് നേരം പിന്നിട്ടിട്ടും അജയിയെ പുറത്തെടുക്കാന്‍ കഴിയാത്തതില്‍ പാറമടയിലിരുന്ന് ഉദയ് പൊട്ടിക്കരഞ്ഞു.

എങ്ങനെ സഹിക്കും ? തിരച്ചില്‍തന്നെ മറ്റൊരു ദുരന്തമായി മാറുന്ന കാഴ്ചയായിരുന്നു പകലുടനീളം കണ്ടത്. ക്രമീകരണം അടിമുടി പാളി. ഏകോപനത്തിലെ വീഴ്ചയില്‍ വിമര്‍ശനവുമുയര്‍ന്നു. നിരാശ മാത്രം ബാക്കിയാകുമ്പോള്‍ അജയ് റായിയുടെ സഹോദരങ്ങളോട് നമുക്കെന്ത് പറയാനുണ്ട്. എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക.... അതിഥി തൊഴിലാളിയുടെ ജീവന് വിലയില്ലേ ?     

ENGLISH SUMMARY:

The rockslide incident at the quarry in Payyanamannil, Pathanamthitta occurred yesterday. Two migrant workers were trapped under the debris. A large rock fell directly onto the excavator. The accident happened at the top of a steep cliff. Rescue operations were extremely challenging, as any movement of the loosened rocks risked triggering further collapse. Mahadev Pradhan from Odisha lost his life in the accident. The other worker, Ajay Rai from Bihar, remained trapped in the rock-breaking machine