TOPICS COVERED

ഏഴ് ദിവസങ്ങളായി മധ്യപൂര്‍വദേശത്ത് യുദ്ധസമാനസാഹചര്യമാണ്. അതിര്‍ത്തിപങ്കിടാത്ത രണ്ടു രാജ്യങ്ങള്‍ ആകാശം യുദ്ധക്കളമാക്കി പോരാടുകയാണ്. ഇസ്രയേലും ഇറാനും. ആക്രമണപ്രത്യാക്രമണങ്ങളും വാക്പോരും തുടരുന്നു. എന്താണ് ഈ സംഘര്‍ഷത്തിന് കാരണം. ആരാണ് കുറ്റക്കാര്‍. സംഘര്‍ഷംകണ്ട് ലോകം എങ്ങനെ പ്രതികരിക്കുന്നു? ആണവസമ്പുഷ്ടീകരണം ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഇറാനെകൊണ്ട് ഉറപ്പുവാങ്ങുന്നതിന് ഒമാനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു.

അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക്  ‌ഇറാന്‍ വഴങ്ങുന്നില്ലെന്ന യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ വാക്കുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശ്വാസത്തിലെടുത്തു. കരാറിലെത്തിച്ചേരാന്‍ ഇറാന് കൊടുത്ത 60 ദിവസത്തെ കാലാവധി അവസാനിച്ചു. അറുപത്തൊന്നാം ദിവസത്തിലെത്തും മുന്‍പ് മധ്യപൂര്‍വദേശത്തെ യുഎസ് സൈനികത്താവളങ്ങളെലെല്ലാം ജാഗ്രതാ നിര്‍ദേശം. യുഎസ് സൈനികമായി ഇടപെട്ടില്ല. പക്ഷ, ഇസ്രയേല്‍ ഇറാന്‍റെ ആണവസൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം കടുപ്പിച്ചു. ടെഹ്റാന്‍, തബ്രിസ് അങ്ങനെ എല്ലായിടങ്ങളിലും കനത്ത ആക്രമണം.

ഒക്ടോബര്‍ ഏഴിന്‍റെ പേരില്‍ ഗാസയില്‍ ആക്രമണം രൂക്ഷമാക്കിയ ഇസ്രയേല്‍ മറ്റൊരു ആക്രമണത്തിലേക്ക് കടക്കുമോയെന്ന സംശയങ്ങളെ അപ്രസക്തമാക്കി ഇറാനെ ലക്ഷ്യമിട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ആണവപ്ലാന്‍റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്. ആദ്യ ആക്രമണത്തില്‍ ആണവകേന്ദ്രമായ നഥാന്‍സിന് കേടുപാടുകള്‍. ഇറാന്‍ കൂടുതലായി ആണവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ കണ്ടെത്തലുകളെത്തുടര്‍ന്നാണ് ആക്രമണമെന്ന് ന്യായീകരിച്ചുകൊണ്ട് നെതന്യാഹു ലോകത്തോടു പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ആകാശങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍. ഒപ്പം മൊസാദ് ചാരന്‍മാര്‍വഴി ഇറാന്‍റെ മണ്ണിലും ആക്രമണപരമ്പരകള്‍. സൈനികനടപടികളുടെ തീരുമാനമെടുക്കേണ്ട സംയുക്ത സൈനിക മേധാവി മുഹമ്മദ് ബഗേരിയും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍ മേധാവി ഹൊസൈന്‍ സലാമിയും ആദ്യ ആക്രമണത്തില്‍തന്നെ കൊല്ലപ്പെട്ടു. ടെഹ്റാനില്‍ മാത്രം ആറ് ആണവകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ആദ്യ രണ്ടുദിവസത്തിനിടെ പത്തോളം ആണവശാസ്ത്രജ്ഞരെ ഇസ്രയേല്‍ വധിച്ചു. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇറാന്‍ തിരിച്ചടി തുടങ്ങി. ആദ്യദിനം നൂറോളം ഡ്രോണ്‍ ആക്രമണങ്ങള്‍. ടെല്‍ അവീവിലും ജറുസലേമിലും ആക്രമണം. ഇസ്രയേലിന് കൈപ്പേറിയതും വേദനാജനകവുമായ മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി  ഖമനയിയുടെ മുന്നറിയിപ്പ്. തുടര്‍ന്ന് ബാലിസ്റ്റിക് മിസൈലുകളടക്കം തൊടുത്തുവിട്ട് ഇസ്രയേല്‍. 

അതായിരുന്നു മധ്യപൂര്‍വദേശത്തെ ആശങ്കയിലാക്കിയ ആദ്യദിവസങ്ങള്‍. ആക്രമണത്തിന് തൊട്ടു പിന്നാലെ, രാവിലെ പങ്കാളിത്തമില്ലെന്ന് പറഞ്ഞൊഴിഞ്ഞ യുഎസ് വൈകിട്ട് നിലപാട് മാറ്റി. ആക്രമണത്തെ ന്യായീകരിച്ച പ്രസിഡന്റ് ട്രംപ് ഇനിയും ആക്രമണം തുടരുമെന്ന് ഭീഷണിപ്പെടുത്തി. ഇനിയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ക്രൂരമായിരിക്കുമെന്നും ആണവപദ്ധതി സംബന്ധിച്ച ഇറാന്‍ എത്രയും വേഗം കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കണെന്ന് ഗള്‍ഫിലേതടക്കം ലോകരാജ്യങ്ങളുടെ അഭ്യര്‍ഥന. ഇന്ത്യയടക്കം രാജ്യങ്ങളുടെ ഭരണാധികാരികളെ വിളിച്ച് ഇസ്രയേലും ഇറാനും സാഹചര്യം വിശദീകരിച്ചു. എന്തുകൊണ്ട് ആക്രമിച്ചുവെന്ന് ഇസ്രയേലും പ്രത്യാക്രമണത്തിന്‍റെ സാഹചര്യം എന്താണെന്ന് ഇറാനും.  സംഘര്‍ഷം ഏഴാം ദിനത്തിലെത്തിനില്‍ക്കുമ്പോള്‍ ആക്രമണപ്രത്യാക്രമണങ്ങള്‍ക്കൊപ്പം വാക്പോരും രൂക്ഷമാണ്. ഇറാനില്‍ മരണം അറുന്നൂറോടടുക്കുന്നു. പരുക്കേറ്റവര്‍ അതിലുമേറെയാണ്. ഇസ്രയേലില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന് ഔദ്യോഗികകണക്കുകള്‍ പുറത്തുവന്നിട്ടില്ല. ആക്രമണങ്ങള്‍ക്ക് ശമനമില്ലെന്നതാണ് നിലവിലെ സാഹചര്യം. പകല്‍ ഇടവിട്ടുള്ള ആക്രമണം,  രാത്രി രൂക്ഷമാകുന്നു. അതിനിടെയാണ് ട്രംപും ഇറാന്‍റെ പരമോന്നത നേതാവ് ഖമനയിയുമായുള്ള വാക്പോര്. 

ഖമനയിയെ ഇസ്രയേല്‍ വധിച്ചേക്കുമെന്ന ആശങ്കനിലനില്‍ക്കേ, ഖമനയിയുടെ ഒളിയിടം അറിയാമെന്നും തല്‍ക്കാലം വധിക്കുന്നില്ലെന്നും പറഞ്ഞ് കൂടുതല്‍ പ്രകോപനവുമായി ട്രംപ് രംഗത്തെത്തി. ക്ഷമ അവസാനിച്ചുതുടങ്ങിയെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നുമായിരുന്നു ട്രംപിന്‍റെ ഭീഷണി. ട്രംപിന് അതേഭാഷയിലായിരുന്നു ഖമനയിയുടെ മറുപടി. കീഴടങ്ങണമെന്ന ട്രംപിന്‍റെ ശാസനം തള്ളിയ ഖമനയി അമേരിക്കയുടെ പേരെടുത്തുപറഞ്ഞാണ് മറുപടി നല്‍കിയത്. അടിച്ചേല്‍പ്പിക്കുന്ന യുദ്ധത്തോടോ സമാധാനത്തോടോ യോജിപ്പില്ലെന്നായിരുന്നു വിഡിയോ സന്ദേശത്തിലൂടെയുള്ള പ്രതികരണം. സൈനികമായി ഇടപെട്ടാല്‍ അമേരിക്കയ്ക്ക് താങ്ങാനാകാത്ത നഷ്ടമുണ്ടാകും. ഇറാനെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചും അറിയാവുന്ന ബുദ്ധിയുള്ളവരാരും ഭീഷണിയുടെ ഭാഷ ഉപയോഗിക്കാറില്ല. കാരണം ഇറാനെ കീഴടക്കാനാകില്ലെന്നും ഖമനയി ട്രംപിന് മറുപടിയായി പറഞ്ഞു. ഇസ്രയേലിനോട് ഒരുതരത്തിലും ദയയുണ്ടാകില്ലെന്നും സൈന്യം മറുപടി നല്‍കുന്നുണ്ടെന്നും ഇസ്രയേലിനോടായി ഖമനയി മുന്നറിയിപ്പ് നല്‍കി. അതിനിടെ, ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് രംഗത്തെത്തി. 

ENGLISH SUMMARY:

For the past seven days, the Middle East has been gripped by war-like conditions. Two countries that do not share a border—Israel and Iran—are engaged in fierce conflict, turning the skies into a battlefield. A cycle of attacks, counterattacks, and verbal duels continues to escalate. What triggered this confrontation? Who is to blame? And how is the world reacting to this intensifying crisis?