വേനലൊടുങ്ങുംമുമ്പെയായിരുന്നു പെരുമഴപ്പെയ്ത്ത്. അതിന്‍റെ കലിയൊന്നടങ്ങി വെയിലും ചൂടും പതിയെ മേഘങ്ങളെ വകഞ്ഞുമാറ്റിയെത്തിയ ചെറിയൊരു ഇടവേള. ഇപ്പോ വീണ്ടുമെത്തി പെരുമഴ. ഒപ്പം കനത്ത നാശവും. രൂക്ഷമായ കടലാക്രമണം, വെള്ളക്കെട്ടില്‍ താഴ്ന്ന പ്രദേശങ്ങള്‍. വെള്ളത്തില്‍ വീണ് മരണങ്ങള്‍. സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്. ഒറ്റനോട്ടത്തില്‍ പലയിടങ്ങളിലും കനത്തമഴയും ഒപ്പം ദുരിതവും പെയ്തൊഴിയുന്നില്ല. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളില്‍ കനത്ത മഴയും രൂക്ഷമായ കടലാക്രമണവും തുടരുകയാണ്. മൂന്നു വീടുകള്‍ തകര്‍ന്നു. ഒട്ടേറെ വീടുകള്‍ അപകട ഭീതിയിലാണ്. നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കടലാക്രമണമാണ് തലസ്ഥാനത്തെ തലവേദന. വെട്ടുകാട് തീരത്താണ് മൂന്നു വീടുകള്‍ തകര്‍ന്നത്.