കാറും ലോറിയും കൂട്ടിയിടിച്ചു. ഷൈന്‍ ടോം ചാക്കോ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പിതാവ് മരിച്ചു. താരവും കുടുംബവും സഞ്ചരിച്ച് വാഹനം അപകടത്തില്‍പ്പെട്ടത് തമിഴ്നാട്ടിലെ ധര്‍മപുരിക്കടുത്തുവച്ച്– പ്രഭാതം കേട്ട ഏറ്റവും വലിയ ദുരന്ത വാര്‍ത്ത. ജീവിതം പുതിയ വഴികളിലേക്ക് യാത്ര തുടങ്ങിയ സമയത്തുതന്നെ നടന്റെ കുടുംബം വലിയച്ചെറിയപ്പെട്ടത് ദുരന്തമുഖത്ത്. നടന്റെ ഉയര്‍ച്ചകളിലും വീഴ്ചകളിലും കൂട്ടുകാരനെപ്പോലെ ഒപ്പംനിന്ന പിതാവിന്റെ ചേതനയറ്റ ശരീരവുമായി ഷൈനും കുടുംബവും വൈകിട്ടോടെ കേരളത്തിലേക്ക് മടങ്ങിയത്, ദാരുണമായ അപകടത്തിന്റെ ആഘാതത്തില്‍നിന്ന് ഒരല്‍പംപോലും കരകയറും മുന്‍പെ. ഷൈന്‍ ടോം ചാക്കോയുടെ ചികില്‍സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. വാഹനത്തില്‍ ഉണ്ടായിരുന്നത് അഞ്ചുപേര്‍. രാവിലെ ആറുമണിയോടെ തമിഴ്നാട്ടിലെ ധര്‍മപുരി പലക്കോട് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചിരുന്നു കുടുംബം. ആള്‍ത്തിരക്കില്ലാത്ത ഹൈവേയില്‍ വേഗത്തില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു കാര്‍. ഞൊടിയിടയില്‍ എല്ലാം സംഭവിച്ചു. ട്രാക്ക് മാറി കയറിയ ലോറിയും കാറും കൂട്ടിയിടിച്ചു. ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ കാറിന്‍റെ പിന്‍ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്ക് വന്നിടിച്ചാണ് പരുക്കേറ്റത്. പുറകിലെ കാറില്‍ വന്ന മലയാളികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ചാക്കോയ്ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ രാത്രി 11 മണിയോടെയാണ് ഷൈനും കുടുംബവും കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. വിവാദങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വിരാമമിട്ട് പുതിയൊരു കരിയറിന് തുടക്കമിടാനുള്ള ആത്മാര്‍ഥ ശ്രമത്തിലായിരുന്നു ഷൈന്‍. ചികില്‍സ പൂര്‍ത്തിയാക്കാന്‍ കുടുംബവും ഒപ്പനിന്നു ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ദുരന്തം അതിഥിയാകുന്നത്.
ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം എപ്പോഴും ചാക്കോയുമുണ്ടായിരുന്നു. മകന്റെ കാര്യങ്ങളെല്ലാം നോക്കിയതും പിതാവായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖവുമായി താരത്തൊടൊപ്പം സഞ്ചരിച്ച സി.പി. ചാക്കോയെ സിനിമയിലെ പരിചയക്കാരെല്ലാം സ്നേഹത്തോെട വിളിച്ചത് ഡാഡി എന്നുതന്നെയായിരുന്നു. ആരോടും വഴക്കുകൂടാത്ത പ്രകൃതവും വഴക്ക് പരിഹരിക്കാനുള്ള സന്മനസുമൊക്കെ ചാക്കോയെ ലൊക്കേഷനുകളിലും പ്രിയങ്കരനാക്കി. ചാക്കോയുടെ മരണം ഷൈന്‍ ടോമിനും കുടുംബത്തിനും മാത്രമല്ല, അദ്ദേഹത്തെ അടുത്തറിയാവുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വലിയ ആഘാതമായി. എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ പ്രിയപ്പെട്ട ഡാഡിയെകുറിച്ച്. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ചാക്കോ. ഷൈന്‍ ടോം ചാക്കോയുടെ പ്രതിസന്ധിഘട്ടത്തില്‍ കുടുംബം എപ്പോഴും ഒപ്പമുണ്ടായിരുന്നു. ഡാഡി അതിന് നേതൃത്വം കൊടുത്തു. സകല പ്രശ്നങ്ങളില്‍നിന്നു മോചിതനാക്കി പുതിയ ഉയരങ്ങളിലേക്ക് മകനെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം ഡാഡിയുടെ തീരുമാനത്തിന്റെകൂടി ഭാഗമായിരുന്നു. ഷൈനിന്റെ യാത്രയില്‍ പ്രിയപ്പെട്ട ഡാഡി ഇനി ഒപ്പമില്ല. ഡാഡിയുടെ വാക്കുകള്‍ ഷൈന്‍ ടോമിന് തുടര്‍ന്നുള്ള ജീവിതത്തില്‍ വഴികാട്ടിയാകും, അതുറപ്പിക്കുന്നുണ്ട്, ഇരുവരെയും അടുത്തറിയാവുന്നവര്‍.