ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍നിന്ന് മരണത്തിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട കല്യാണി. മൂന്നര വയസ്സുമാത്രമുള്ള, മുടി ക്രോപ് ചെയ്തിട്ട്, പിങ്ക് ടോപ്പും നീല ജീന്‍സുമിട്ട് അമ്മയുടെ ഒക്കത്തിരുന്ന് പോകുന്ന ഒരു പ്രതീക്ഷയായിരുന്നു അവള്‍. എവിടെയോ മറഞ്ഞിരിക്കുന്ന, ഭയ വിഹ്വലമായ കണ്ണുകളോടെ പ്രിയപ്പെട്ടവരുടെ വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പ്രതീക്ഷ. കരഞ്ഞു കലങ്ങിയ കുഞ്ഞിക്കണ്ണുമായി കാത്തിരുന്ന് ഒടുവില്‍ ആര്‍ത്തലച്ച് വിളിച്ചെത്തുന്ന അമ്മയുടെ കൈകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ വലിഞ്ഞുമുറുകുന്ന അവളുടെ കാഴ്ച. എട്ടര മണിക്കൂര്‍ ഒരു നാട് മുഴുവന്‍ കാത്തിരുന്നത് ആ നിമിഷത്തിനുവേണ്ടിയാണ്. പക്ഷേ ചാലക്കുടി പുഴയില്‍ മുങ്ങിനിവര്‍ന്നവരുടെ കൈയ്യിലിരുന്ന് വിറച്ച ആ വിളറിവെളുത്ത കാല്‍പാദങ്ങള്‍...... അതുണ്ടാക്കിയ ഭാരം........ നാടിന്‍റെ കണ്ണീരില്‍ മങ്ങിപ്പോയ ആ കാഴ്ച...... നോവുമാത്രം ബാക്കിയാക്കിയ കല്യാണി.