കുഴൂരിന് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഒരു ആറുവയസ്സുകാരന്റെ ചേതനയറ്റ ശരീരവുമായി ആ നാടുമുഴുവന്‍ തേങ്ങി. കാണാതായതുമുതല്‍ കുഴൂരുകാര്‍ അവനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒടുവില്‍ കുളത്തിന്റെ ആഴങ്ങളില്‍നിന്ന് ജീവനറ്റ ആ കുഞ്ഞുശരീരം കണ്ടെടുത്തതോടെ നെഞ്ചുപൊട്ടികരഞ്ഞു ആ നാട്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ആറുവയസ്സുകാരനെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. വിവരമറിഞ്ഞവരെല്ലാം തിരച്ചില്‍ തുടങ്ങി. മാള പൊലീസും തിരച്ചിലിനിറങ്ങി. നാടാകെ അരിച്ചുപെറുക്കി. ആറുവയസ്സുകാരന്‍ ഒറ്റയ്ക്ക് അധികം ദൂരം പോകാനാടിയില്ലെന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇതിനിടെയാണ് നിര്‍ണായകമായ ആ സിസിടിവി ദൃശ്യം ലഭിച്ചത്.
മോഷ്ടാവും കുഴൂരുകാരനുമായ ജോജോയെ ആറുവയസുകാരനൊപ്പം കണ്ടതാണ് വഴിത്തിരിവായത്. ജോജോ ആദ്യം കുറ്റംസമ്മതിച്ചില്ല. പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ സത്യം പുറത്തുവന്നു. തിരിച്ചിലിന് നാട്ടുകാര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസിനെ ഉള്‍പ്പെടെ വഴിതെറ്റിക്കാനും ജോജോ ശ്രമിച്ചു.
ജോജോയെ പിടികൂടിയതറിഞ്ഞ് മാള പൊലീസ് സ്റ്റേഷനുമുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടി. പ്രതിക്കെതിരായ രോഷം ആരും മറച്ചുവച്ചില്ല. കൊലയാളി ജോജോയുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് നാട്ടുകാര്‍ക്കും ധാരണയുണ്ടായിരുന്നു. പത്താംക്ലാസ് വരെയാണ് പഠിച്ചത് ചെറുപ്പം മുതലേ അസ്വാഭാവിക പെരുമാറ്റം. വീടുകളില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന പ്രകൃതം. ഈ സ്വഭാവം തിരിഞ്ഞറിതോടെ നാട്ടുകാര്‍ അകറ്റിത്തുടങ്ങി. മദ്യപിക്കും. ആളുകളെ അമ്പരപ്പിക്കും വിധം ഭക്ഷണം കഴിക്കും.
കഴിഞ്ഞ വര്‍ഷം മാളയില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിന് പൊലീസ് ജോജോയെ പിടികൂടി. കാക്കനാട്ടെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു ആറുമാസം. പുറത്തിറങ്ങിയശേഷം സ്വഭാവം നന്നാവേണ്ടതിന് പകരം വഷളായി. വിജനമായ പറമ്പുകളില്‍ ജോജോയെ കാണാറുണ്ട്. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോടാണ് താല്‍പര്യം. ലൈംഗിക അതിക്രമം ചെറുത്തതിനാണ് ആറുവയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നതും.
ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തിന്‍റെ പക്കൽ നിന്ന് ആയിരം രൂപ കടം വാങ്ങി. പിന്നെ, സ്വർണപള്ളം പാടത്ത് എത്തി. ചൂണ്ടയിടാമെന്ന് മോഹിപ്പിച്ച് കുട്ടിയെ വിജനമായ പറമ്പിലേയ്ക്ക് കൊണ്ടുപോയി. ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചു. എതിർത്തപ്പോൾ ശ്വാസംമുട്ടിച്ചു. പിന്നെ കുളത്തിൽ താഴ്ത്തി. മരണം ഉറപ്പാക്കി. കുട്ടിയുടെ ബന്ധുവായ ആന്റോയാണ് കുളത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്.
മരണവിവരം അറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ രാവിലെ വിദേശത്തുനിന്ന് വന്നു. മോര്‍ച്ചറിയില്‍ ചേതനയറ്റുകിടക്കുന്ന കുഞ്ഞ് ശരീരം കണ്ടതോടെ ആ അച്ഛന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഒരു കുരുന്നിന്റെ ജീവനെടുത്ത കൊടുംക്രൂരനോടുള്ള രോഷം മുഴുവന്‍ അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു നാട്ടുകാര്‍ ഇന്നലെ മുതല്‍. പ്രതിയെ തെളിവെടുപ്പിനെത്തിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു അവര്‍. കൊലയാളി ജോജോയെ പൊതുജനമധ്യത്തില്‍ കൈകാര്യം ചെയ്യണമെന്നായിരുന്നു ജനവികാരം. കൊലപാതകം നടന്ന കുളത്തിന്റെ പരിസരത്തേക്ക് രാവിലെ തന്നെ ആളുകളെത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ജോജോയുമായി പൊലീസ് സംഘം തെളിവെടുപ്പിനെത്തി.
കനത്ത പൊലീസ് ബന്തവസിലാണ് പ്രതിയെ എത്തിച്ചത്. ജോജോയെ കണ്ടതോടെ രോഷം അണപൊട്ടി. പ്രതിക്കുനേരെ നാട്ടുകാര്‍ പാഞ്ഞടുത്തു. പ്രതിഷേധിച്ച നാട്ടുകാര്‍ക്കിടയിലൂടെ ഒരുകൂസലുമില്ലാത്തെ ജോജോ നടന്നു. കൃത്യം നടത്തിയ വിധം പ്രതിതന്നെ പൊലീസുകാരോട് വിശദീകരിച്ചു.
തെളിവെടുപ്പ് കഴിഞ്ഞ് പ്രതിയെ കൊണ്ടുപോകുമ്പോഴും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ജോജോയെ കയ്യേറ്റംചെയ്യാനുള്ള ശ്രമം ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞത്. നാട്ടുകാരില്‍ ചിലര്‍ പൊലീസുനേരെയും
നാട്ടുകാരുടെ കൈച്ചൂടറിയാതെ ഒരുവിധത്തിലാണ് ജോജോയെ പൊലീസുകാര്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊണ്ടുപോയത്.
കുഴൂര്‍ വിങ്ങിപ്പൊട്ടുകയാണ്. എല്ലാവരുടെയും പൊന്നാമനയായി ഇന്നലെ വരെ കളിചിരികളുമായി ഓടിനടന്ന ആ കുരുന്നിനെ ഓര്‍ത്ത്.