സമാനതകളില്ലാത്ത ഒരു കാത്തിരിപ്പായിരുന്നു അത്.. വിദേശത്തുനിന്നുള്ള ഒരു എയര്‍ക്രാഫ്റ്റിനെ പ്രതീക്ഷിച്ച് രാജ്യം ഇതിനുമുന്‍പും പലതവണ അക്ഷമയോടെ കാത്തിരുന്നിട്ടുണ്ട്. നാടുകടത്തപ്പെട്ട ഇന്ത്യന്‍ അഭയാര്‍ഥികള്‍, അതിവിശിഷ്ടരായ അതിഥികള്‍, വെടിയൊച്ച നിറഞ്ഞ കലാപഭൂമികളില്‍ നിന്ന് വീണ്ടെടുക്കപ്പെട്ട ഇന്ത്യക്കാര്‍.... അങ്ങനെ പലരും ആ കാത്തിരിപ്പിലേക്ക് വന്നിറങ്ങിയിട്ടുമുണ്ട്. എന്നാലിതില്‍ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഞെട്ടല്‍ ബാക്കിനിര്‍ത്തുന്ന ഒരു നടുക്കത്തിനുള്ള ഉത്തരമുണ്ടായിരുന്നു. തഹാവൂര്‍ ഹുസൈന്‍ റാണ.. 2008 നവംബര്‍ 26 ന് അരങ്ങേറിയ പൈശാചികമായ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലെ പ്രധാനി. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന പാക് ചാരന്– അതുവഴി പാക് തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തോയ്ബയ്ക്ക് മനുഷ്യക്കുരുതി നടത്താന്‍ ഇന്ത്യയില്‍ കളമൊരുക്കിക്കൊടുത്ത കൊടും കുറ്റവാളി. ഭീകരാക്രമണത്തിനെത്തി പിടിയിലായ അജ്മല്‍ കസബ് അവരുടെ തോക്കിലെ വെടിയുണ്ട മാത്രമായിരുന്നു.
കസബിനും കൂട്ടാളികള്‍ക്കും പിന്നിലേക്ക് നീണ്ടുകിടന്ന അദൃശ്യമായ ആ ചരടിന്റെ അങ്ങേത്തലയ്ക്കല്‍ അവരായിരുന്നു. ആക്രമണത്തിന്റെ ഗൂഢാലോചന മുതല്‍ നടപ്പാക്കുന്നതിന്റെ ബ്ലൂ പ്രിന്റ് വരെ ഒരുക്കിയ, കാര്‍ട്ടൂണ്‍ കാണുന്ന ലാഘവത്തില്‍ ഭീകരതയുടെ നരനായാട്ട് കണ്ട് ആസ്വദിച്ച രണ്ടുപേരില്‍ ഒരാള്‍. മുംബൈക്ക് പിന്നാലെ ഇന്ത്യയില്‍ അടുത്ത ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെ അമേരിക്കയില്‍ 2009 ല്‍ പിടിയിലായതുമുതല്‍ വിട്ടുകിട്ടാന്‍ ഇന്ത്യ നടത്തുന്ന സമ്മര്‍ദങ്ങളുടെ ഫലമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് വൈകിട്ടോടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. തീവ്രവാദബന്ധക്കേസില്‍ യു.എസില്‍ വിചാരണ നേരിട്ടും പുറത്തിറങ്ങി വീണ്ടും അറസ്റ്റിലായും ഇന്ത്യയുടെ കണ്‍വെട്ടത്തുതന്നെ ഉണ്ടായിരുന്നു ഇത്രകാലവും റാണ. ഇന്ത്യയ്ക്ക് കൈമാറാനുള്ള കീഴ്കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ പലരൂപത്തില്‍ നടത്തി. എന്നാല്‍ സുപ്രീംകോടതി കൂടി അത് ശരിവച്ചതോടെ കഴിഞ്ഞദിവസമാണ് റാണയെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയതായി യു.എസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നയതന്ത്രത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയംകൂടിയാണിത്. ഒരുപക്ഷെ, രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതിനുമുന്‍പ് എവിടെയും കാണാത്ത ഒന്നും.
യു.എസ് ജയിലില്‍ കഴിഞ്ഞിരുന്ന തഹാവൂര്‍ റാണയെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയ വിവരം യു.എസ്. ജയില്‍ വകുപ്പാണ് കഴിഞ്ഞദിവസം ലോകത്തെ അറിയിച്ചത്. ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലെ പാക് പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ശരിവയ്ക്കാന്‍ വഴിയൊരുങ്ങുന്നതിന്റെ ആശ്വാസമായിരുന്നു രാജ്യത്തിന്. ഇന്ത്യയില്‍ എപ്പോള്‍ എത്തിക്കും എന്നതിനെക്കുറിച്ച് അപ്പോഴും അവ്യക്തതകള്‍ ബാക്കിയായിരുന്നു. എപ്പോള്‍ എന്നതിനേക്കാള്‍ എവിടെ എന്ന ചോദ്യവും ഉത്തരമില്ലാതെ ശേഷിച്ചു. ഡല്‍ഹിയിലോ മുംബൈയിലോ എന്ന തരത്തിലായി പിന്നീടുള്ള സൂചനകള്‍. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ സന്ദേഹം ബലപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടി ചര്‍ച്ചയ്ക്കെത്തിയതോടെ റാണയെ ഉടന്‍ ഇന്ത്യയിലെത്തിക്കും എന്നത് ഏറെക്കുറെ ഉറപ്പായി.
കൊണ്ടുവരുന്നത് ഡല്‍ഹിയിലേക്കെന്ന് പിന്നീട് വ്യക്തമായി. അതിന് ബലം പകര്‍ന്നത് തലസ്ഥാന നഗരത്തിലെ തന്ത്രപ്രധാന മേഖലകളില്‍ ഏര്‍പ്പെടുത്തിയ പതിവില്ലാത്ത സുരക്ഷാ സന്നാഹങ്ങളായിരുന്നു
2008 നവംബര്‍ 26 ബുധനാഴ്ച.. സാധാരണപോലെ ഉറക്കമുണര്‍ന്ന പകലന്തിയെത്തിയ മുംബൈ നഗരത്തിനും ഈ രാജ്യത്തിനും അതൊരു ഘോരരാത്രിയായിരുന്നു. പാക് അധീന കശ്മീരിലെ ഭീകരക്യാംപില്‍ കഠിനപരിശീലനം നേടിയ പത്തംഗഭീകരസംഘം കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗം യാത്രതിരിച്ച് ഗുജറാത്ത് തീരത്തെ ഇന്ത്യന്‍ മല്‍സ്യബന്ധനബോട്ട് പിടിച്ചെടുക്കുന്നു. അതിലെ നാല് തൊഴിലാളികളെയും പിന്നീട് കത്തിമുനയില്‍ ബോട്ട് മുംബൈ തീരത്തിനരികെ എത്തിച്ച ക്യാപ്നെയും കൊന്നുതള്ളി ഇന്ത്യയില്‍ പ്രവേശിച്ചു. രണ്ടുപേര്‍ വീതമുള്ള അഞ്ച് സംഘങ്ങളായി തിരിഞ്ഞ് മുന്‍നിശ്ചയിച്ച ലക്ഷ്യസ്ഥാനങ്ങളിലേക്ക്. തെക്കന്‍ മുംബൈയിലെ കഫെ ലെപേഡില്‍ രാത്രി 9.20 ന് ഭീകരതയുടെ താണ്ഡവം തുടങ്ങി. വിവേചനരഹിതമായി വെടിയുര്‍ത്ത ഭീകരര്‍ 11 പേരെ കൊലപ്പെടുത്തി. അജ്മല്‍ കസബ് ഉള്‍പ്പെട്ട സംഘം ഛത്രപതി ശിവജി ടെര്‍മിനസില്‍. അവിടെയും വെടിയൊച്ചയും പിടഞ്ഞുവീണ മനുഷ്യരും മാത്രം. പ്രതിരോധങ്ങളെ ഭേദിച്ച് തട്ടിയെടുത്തകാറുമായി ഭീകരര്‍ മുന്നോട്ട്. ഇടിച്ചുനിന്ന വാഹനത്തില്‍ നിന്ന് കസബിനെ ജീവനോടെ പിടികൂടി. താജ് ഹോട്ടലില്‍ കടന്ന സംഘം ഹോട്ടല്‍മുറികള്‍ കൊലക്കളങ്ങളാക്കി. താജിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വാതിലുകള്‍ ഗ്രനേഡുകൊണ്ട് തകര്‍ത്ത് തീയിട്ടു. ചെറുത്തുനില്‍പ്പിന് സൈന്യമെത്തി. കമാന്‍ഡോ ഓപ്പറേഷന്‍. ട്രൈഡന്റ് ഹോട്ടലില്‍ ബന്ദികളാക്കപ്പെട്ടവര്‍ അപ്പോഴും ജീവനുവേണ്ടി കേണുകൊണ്ടിരുന്നു. ചെറുത്തുനില്‍പ്പിലൂടെ അവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. താജിലും നരിമാന്‍ ഹൗസിലും എന്‍.എസ്.ജി കമാന്‍ഡോ ഓപ്പറേഷന്‍. ആശങ്കയുടെ മൂന്നാംദിനം അവസാനഭീകരനും നിലംപതിച്ചു. ഭീകരരുടെ ഓരോ നീക്കവും നിയന്ത്രിച്ച കണ്‍ട്രോള്‍ റൂം ലഷ്കര്‍ ക്യാംപായിരുന്നു. അവരുടെ പിന്നണിയില്‍ റാണെയും ഹെഡ്‌ലിയും എല്ലാം ടി.വിയില്‍ കണ്ട് രസിച്ചു. 164 ജീവനുകളാണ് ആ അറുപത് മണിക്കൂറുകളിലായി രാജ്യത്തിന് നഷ്ടമായത്. മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണനുള്‍പ്പെടെ രണ്ട് എസ് എസ് ജി കമാന്‍ഡോകള്‍. 15 പൊലീസുകാര്‍. പാക്കിസ്ഥാനെതിരായ വ്യക്തമായ തെളിവുകള്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ നിരത്തി. നിഷേധിച്ചും നിവൃത്തികേടുകൊണ്ട് അംഗീകരിച്ചും നിലപാടെടുത്ത പാക്കിസ്ഥാന് അങ്കലാപ്പുകൂട്ടുന്ന നാളുകളാണിനി. കാരണം..സൂത്രധാരന്‍ റാണ ഇന്ത്യയുടെ കൈപ്പിടിയിലായിക്കഴിഞ്ഞു.
ആരാണ് തഹാവൂര്‍ റാണ? കനേഡിയന്‍ പൗരത്വമുള്ള പാക് വംശജന്‍. മുന്‍പ് പാക് സൈന്യത്തിലെ ഡോക്ടറായിരുന്നു. ഗള്‍ഫ് യുദ്ധകാലത്ത് സൈന്യം സൗദി അറേബ്യയിലേക്ക് നിയോഗിച്ചു. അവിടെവച്ച് പരുക്കേറ്റതിന് പിന്നാലെ ജര്‍മനിയില്‍ ചികില്‍സ തേടി തിരികെയെത്തി. അടുത്ത മിഷന്‍ മഞ്ഞുമലകളിലായിരുന്നു. അതുമായി പൊരുത്തപ്പെടാനാവാതെ രക്ഷപ്പെട്ടോടിയ റാണ പാക്കിസ്ഥാന്‍വിട്ടു. രാജ്യത്തേക്ക് പ്രവേശനവിലക്കും ഏര്‍പ്പെടുത്തി. റാണയെ സഹായിക്കാന്‍ ഐ.എസ്.ഐയുമായി ബന്ധമുള്ള ഹെഡ്‌ലി രംഗത്തെത്തി. പിന്നീട് ഐ.എസ്.ഐയ്ക്കും പാക് ഭീകരര്‍ക്കുമായി വിദേശത്തിരുന്ന് ഇരുവരും ചേര്‍ന്ന് പദ്ധതികളൊരുക്കി. റാണ ഇന്ത്യയില്‍ ഇമിഗ്രന്റ് ലോ സെന്റര്‍ എന്ന സംഘടന സ്ഥാപിച്ചു. ഇതിലൂടെ ഹെഡ്‌ലിക്ക് പലതവണ ഇന്ത്യയിലെത്താന്‍ വഴിയൊരുക്കി. റാണയും പലതവണ ഇന്ത്യയിലെത്തി. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ അടുത്ത പദ്ധതിയുടെ ആസൂത്രണത്തിനിടെ എഫ്.ഐ.ഐ ഇരുവരെയും പിടികൂടി. ഇരുവരെയും ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യമുയര്‍ന്നു. ഭീകരവാദ ബന്ധം ഏറ്റുപറഞ്ഞും ഭീകരരുടെ പ്രവര്‍ത്തനരീതി ചോര്‍ത്തിക്കൊടുത്തും ഇന്ത്യയ്ക്ക് കൈമാറില്ല എന്ന ഉറപ്പില്‍ യു.എസിലെ ജയില്‍ശിക്ഷ ഏറ്റുവാങ്ങി ഹെഡ്‌ലി തടികാത്തു. അതേസമയം മുംബൈ ഭീകരാക്രമണക്കേസില്‍ റാണെയെ കുറ്റവിമുക്തനാക്കിയ യു.എസ് കോടതി ലഷ്കര്‍ ബന്ധത്തിന്റെ പേരിലും മറ്റൊരു ഭീകരാക്രമണക്കേസിലും റാണെയെ ശിക്ഷിച്ചു. ഇത് പൂര്‍ത്തിയാകുന്ന വേളയിലാണ് ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം. ഇതിനെതിരെ നിയമുദ്ധം നടത്തിയെങ്കിലും റാണയ്ക്ക് തിരിച്ചടിയേറ്റു.
റാണെയുടെ അറസ്റ്റ് ഇന്ത്യയുടെ നയതന്ത്രവിജയത്തേക്കാള്‍ ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ നിലപാടുകള്‍ക്ക് സ്വീകാര്യത ലഭിക്കാനുള്ള സാഹചര്യത്തിന് കൂടിയാണ് വഴിമരുന്നിടുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെ ദേശീയ അന്വേഷണ ഏജന്‍സി ശേഖരിച്ച വിവരങ്ങളുടെ ഒരു കൂടാരത്തിന് നടുവിലാണ് റാണെ ചോദ്യം ചെയ്യലിനിരിക്കുന്നത്. വെടിക്കോപ്പുമായി വന്ന് കൂട്ടക്കൊല നടത്തിയ ഒരു പ്രതിയില്‍ നിന്ന് ലഭിച്ച പ്രാഥമികവിവരങ്ങളുടെ ചുവടുപിടിച്ച് സൂത്രധാരന്മാര്‍ ആരെല്ലാം എന്ന് കണ്ടെത്തിയ എന്‍.ഐ.എയ്ക്ക് പലതിനും ഉത്തരം കിട്ടേണ്ടതുണ്ട്. അതിലേക്കുള്ള ചുവടുവയ്പ്പ് തന്നെയാണിതെന്ന് ഭീകരാക്രമണ അന്വേഷണകാലത്ത് എന്‍.ഐ.എയിലായിരുന്ന മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ അടിവരയിട്ട് പറയുന്നു. നയതന്ത്രതലത്തിലെ വിജയവും അതിന്റെ തുടര്‍നേട്ടങ്ങളും ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു
ആഭ്യന്തരസുരക്ഷയില്‍ ഇന്ത്യ വളരെയേറെ ഇന്ന് മുന്നിലാണ്. രാജ്യത്തിനകത്തേക്ക് നുഴഞ്ഞുകയറിയുള്ള തീവ്രവാദ ആക്രമണങ്ങള്‍ കേള്‍ക്കാനില്ല. അതിര്‍ത്തിയിലെ ഭീകരനീക്കങ്ങളെ സായുധസേന തുരത്തിയെറിയുന്നു. എങ്കിലും ഇന്ത്യയില്‍ ഒരുകാലത്ത് ഭീകരര്‍ ലക്ഷ്യമിട്ട പ്രവര്‍ത്തനരീതിയുടെ നേര്‍ച്ചിത്രം റാണയിലൂടെ പുറംലോകമറിയുമെന്ന് ഉറപ്പാണ്. രാജ്യസുരക്ഷ പ്രധാന ചര്‍ച്ചയാകുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിനും ഇത് വഴിമരുന്നിടുന്നു.