TOPICS COVERED

കല്യോട്ടെ പി.വി കൃഷ്ണന്റെ മകൻ 19കാരന്‍ കൃപേഷ്, പി. കെ സത്യനാരായണന്റെ മകൻ 23കാരന്‍ ശരത് ലാൽ എന്നിവരെ കല്യോട്ട് സ്കൂൾ - ഏച്ചിലടുക്കം റോഡിൽ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ അക്രമികള്‍ ഇരുവരേയും ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചസംഭവം. രാഷ്ട്രീയ കൊലക്കത്തിയില്‍ രണ്ട് യുവത്വംകൂടി എരിഞ്ഞടങ്ങിയ കാഴ്ച സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍‍ഡ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായൊരു സംഘര്‍ഷം നാടിനെ നടുക്കിയ കൊലപാതകത്തിലേക്കെത്തി. 

നേരത്തേ തന്നെ ഭീഷണികള്‍ ഏറെയുയര്‍ന്നിരുന്നതിനാല്‍ പ്രതികളാരൊക്കെയായിരിക്കുമെന്ന് ഏറെക്കുറെ നിശ്ചയമുണ്ടായിരുന്നു. കൊലപാതകത്തിന്‍റെ തൊട്ടടുത്തദിവസം സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ സജി എന്നിവർ അറസ്റ്റിലായി. ഇതോടെ പീതാംബരനെ പാർട്ടി പുറത്താക്കി. പൊലീസിനെ വേണ്ട, സിബിഐ മതിയെന്ന ആവശ്യമുയര്‍ന്ന കേസില്‍ ഏറെ പ്രകമ്പനങ്ങള്‍ക്ക് ശേഷം കൊലനടന്ന് 9 മാസങ്ങള്‍ക്ക് ശേഷം സിബിഐ അന്വേഷണം ഏറ്റെടുത്തു. ഒടുവില്‍ കഴിഞ്ഞ ഡിസംബര്‍ 28ന് 14 പേർ കുറ്റക്കാരെന്ന് കൊച്ചി സിബിഐ കോടതി വിധിച്ചു. 10 പേരെ വെറുതെവിട്ടു.