വടകരയില്‍ ഒന്‍പതുവയസുകാരിയെ കാറിടിപ്പിച്ചശേഷം നിര്‍ത്താതെ പോയ ആളെ കണ്ടെത്തി. വടകര സ്വദേശി ഷജീലാണ് അപകടസമയത്ത് കാര്‍ ഓടിച്ചതെന്നും ഷജീല്‍ നിലവില്‍ യുഎഇയില്‍ ആണെന്നും പൊലീസ് പറയുന്നു. ഫെബ്രുവരി 17ന് കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെയാണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് പാനൂര്‍ സ്വദേശി ദൃഷാനയെയും മുത്തശിയെയും കാര്‍ ഇടിച്ച് തെറിപ്പിച്ചത്. മുത്തശ്ശി ബേബി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ദൃഷാന കഴിഞ്ഞ ഒന്‍പത് മാസമായി അബോധാവസ്ഥയിലാണ്. മനോരമന്യൂസിന്‍റെ വഴിയിലെ കണ്ണീര്‍ പരമ്പരയിലൂടെയാണ് ദൃഷാനയുടെ ദുരവസ്ഥ പുറംലോകമറിഞ്ഞത്. വടകര റൂറല്‍ എസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.