സീപ്ലെയിന്‍ ആകാശത്തേക്ക് പറന്നു. പരീക്ഷണപ്പറക്കല്‍ വിജയം. പറന്നുയരും മുന്‍പെ വിവാദത്തിനും ചിറകുമുളച്ചു. ആരുടെ കുഞ്ഞാണിത് ? അവകാശവാദങ്ങളുമായി സര്‍ക്കാരും സിപിഎമ്മും രംഗത്തുവന്നു. ഉമ്മന്‍ചാണ്ടിയുടെ പദ്ധതിയെ മല്‍സ്യത്തൊഴിലാളി സംഘടനകളെ ഇറക്കി അട്ടിമറിച്ചത് ഓര്‍മപ്പെടുത്തി കോണ്‍ഗ്രസ് സീ പ്ലെയിനിന്റെ പിതൃത്വം ഏറ്റെടുത്തു. പുതിയ ദൃശ്യങ്ങള്‍ ഉയര്‍ത്തി കുതിപ്പ് അടയാളപ്പെടുത്തുന്ന സര്‍ക്കാരിനെ പഴയ ദൃശ്യങ്ങള്‍ ആയുധമാക്കി ആക്രമിക്കുകയാണ് പ്രതിപക്ഷം. ചുരുക്കത്തില്‍ പുതിയ കാലത്തെ ഭാഷ കടമെടുത്താല്‍ ആദ്യദിനം തന്നെ സീപ്ലെയിന്‍ എയറിലാണ്. ഒരിക്കല്‍ തടസ്സപ്പെടുത്തിയ പദ്ധതി, പുതിയ കുപ്പിയിലാക്കി കൊണ്ടുവന്ന് അവകാശവാദം ഉന്നയിക്കുന്ന സിപിഎമ്മിനെ കൂടുതല്‍ തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടിയെ എതിര്‍ത്തവരെ ഭൂതകാലം ഓര്‍മിപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.