ആസൂത്രിതമായ കവര്‍ച്ച. തൃശൂരില്‍ നിന്ന് പ്രഭാതം കേട്ടത് മൂന്ന് എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്‍റെ വാര്‍ത്തായിരുന്നു. പുലര്‍ച്ചെ 2.5ന് മാപ്രാണത്താണ് ആദ്യ കവര്‍ച്ച. രണ്ടാമത്തെ കവര്‍ച്ച 3.2ന് ഷൊര്‍ണൂര്‍ റോഡിലെ നായ്ക്കനാല്‍ എടിഎമ്മില്‍. മുന്നാമത്തെ കവര്‍ച്ച കോലഴിയിലായിരുന്നു. 3.40ന്.
കവര്‍ച്ചാ സംഘത്തില്‍ നാലു പേരായിരുന്നു. രണ്ടു പേര്‍ കാറിലിരുന്നു. രണ്ടു പേര്‍ എ.ടി.എം. കൗണ്ടറില്‍ കയറി കൊള്ളയടിച്ചു. സിസിടിവി കാമറയില്‍ കറുത്ത പെയിന്റടിച്ചു. പണം ഇരുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തുറന്നു. എ.ടി.എം. തുറക്കാനെടുത്ത പരമാവധി സമയം പത്തു മിനിറ്റ്. ഹുണ്ടായ് ക്രെറ്റ കാറുമായി കവര്‍ച്ച സംഘം പായുന്നതിന്റെ സിസിടിവി ദൃശ്യം മനോരമ ന്യൂസ് രാവിലെ ആറരയോടെ പുറത്തുവിട്ടു. 2021ല്‍ കണ്ണൂരില്‍ എ.ടി.എം. കൊള്ളയടിച്ച സംഘം കണ്ടെയ്നറില്‍ കാര്‍ കയറ്റി രക്ഷപ്പെട്ടിരുന്നു. ഈ വിവരം സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ എല്ലാ സ്റ്റേഷനുകളിലേക്കും അറിയിച്ചു. മണ്ണുത്തി ദേശീയപാതയിലൂടെ കോയമ്പത്തൂര്‍ മുഖേന തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു.
രാവിലെ പത്തു മണിയോടെ തമിഴ്നാട്ടിലെ നാമക്കലില്‍ കണ്ടെയ്നര്‍ ലോറിയെ തമിഴ്നാട് പൊലീസ് വളഞ്ഞു. പൊലീസ് പിന്‍തുടരുന്നതായി തിരിച്ചറിഞ്ഞ കവര്‍ച്ചാ സംഘം പരക്കംപാഞ്ഞു. നിയന്ത്രണംവിട്ട ലോറി ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. ഇതുകണ്ട നാട്ടുകാരും ലോറി തടയാന്‍ പൊലീസിനൊപ്പം കൂടി. ലോറി തടഞ്ഞ് കവര്‍ച്ചാ സംഘത്തെ കീഴ്പ്പെടുത്തി. പക്ഷേ, പൊലീസിനു നേരെ ഇവരിലൊരാള്‍ നിറയൊഴിച്ചു. പൊലീസും തിരിച്ചു വെടിവച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേരുടെ കാല്‍മുട്ടിലും വെടിയേറ്റു. പരുക്കേറ്റ മോഷ്ടാക്കളെ ആശുപത്രിയിലേക്ക് മാറ്റി. ഹരിയാന, രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ളവരാണ് കവര്‍ച്ചാ സംഘം. കണ്ടെയ്നര്‍ ലോറി ഓടിച്ച മധ്യപ്രദേശുകാരനാണ് വെടിയേറ്റു മരിച്ചത്. വിവരമറിഞ്ഞ് തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം നാമക്കല്ലില്‍ എത്തി.
നാമക്കലില്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ രാജ്യത്തെ പല എടിഎം കൊള്ളകളുടെയും ചിത്രം വ്യക്തമാകുമെന്നുറപ്പ്. കൊള്ളയ്ക്ക് പിന്നിലെ കൃത്യമായ ആസൂത്രണവും നിര്‍വഹണവും പൊലീസിനെയും അമ്പരപ്പിക്കുന്നതാണ്. ഏത് നാട്ടിലും എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെട്ടേക്കാവുന്ന കൊള്ളസംഘം സ്ക്രീനല്ല, നേരിട്ട് കേരളം കാണുകയാണ് അവരെ.