2005ല്‍ പുറത്തിറങ്ങിയ സ്പില്‍ബര്‍ഗ് ചിത്രം മ്യൂണിച്ച് കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകും ഇസ്രയേലി ചാരസംഘടനയായ മൊസാദിന്‍റെ ഇന്‍റലിജന്‍സ് സംവിധാനത്തെക്കുറിച്ചുള്ള സിനിമാറ്റിക് വ്യൂ. എത്രയെത്ത ഹോളിവുഡ് സിനിമകളാണ് മൊസാദിനെ കേന്ദ്രമാക്കി പുറത്തുവന്നിരിക്കുന്നത്. ഒരു പക്ഷേ മൊസാദ് ലബനനില്‍ നടത്തിയ ഓപറേഷന്‍ ഒരു സിനിമയുടെ തിരക്കഥയിലെഴുതാന്‍ ഹോളിവുഡ് പോലും ധൈര്യപ്പെടാത്തതാണ്. മൂവായിരം പേജറുകളിലൂടെ ഒറ്റയടിക്ക് അപ്രതീക്ഷിത സ്ഫോടനം നടത്തുക നടത്തുക. പിറ്റേന്ന് വോക്കിടോക്കികള്‍ വഴി സമാന ആക്രമണത്തില്‍ ശത്രുവിനെ വിറപ്പിക്കുക. അസാധ്യമെന്ന് കരുതുന്ന, ഒരിക്കലും ചെയ്യരുതാത്തതുമായ യുദ്ധമുറ. ആ ഓപറേഷന്‍ മൊസാദ് യഥാര്‍ഥത്തില്‍ നടപ്പാക്കിയെന്നതാ ഹിസ്ബുല്ലയെ ഞെട്ടിച്ചതും. എങ്ങനെയായിരുന്നു ആ ആക്രമണത്തിന്‍റെ സൂത്രധാരണം എന്നത് ഇന്നും ലോകത്തിന് പിടികിട്ടിയിട്ടില്ല. നിഗമനങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്.
മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കൂ. അതില്‍ മുഴങ്ങുന്നത് നിങ്ങളുടെ മരണമണിയാരിക്കും എന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലബനനിലെ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ല പ്രഖ്യാപിച്ചത്. മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്ത് ഹിസ്ബുല്ല കേന്ദ്രങ്ങള്‍ കണ്ടെത്തി ആക്രമിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു മുന്നറിയിപ്പ്. ഹിസ്ബുല്ല പോലെ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ട്രാക്കിങ് സാധ്യത കുറഞ്ഞ, പഴയകാല സംവിധാനങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതും ഈ ചോര്‍ത്തല്‍ തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. 1996 ല്‍ ഹമാസ് നേതാവായിരുന്ന യഹിയ അയ്യാഷ് കൊല്ലപ്പെടുന്നത്, മൊബൈല്‍ ഫോണ്‍ വഴിയുള്ള ആക്രമണത്തിലായിരുന്നു. ഹമാസിന് വേണ്ടി ഉഗ്രശേഷിയുള്ള ബോബുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്നു യഹിയ.ഹമാസിന്‍റെ എന്‍ജീനീയര്‍ എന്നാണ് അറിയപ്പെട്ടിരുന്നതും. സാങ്കേതികവിദ്യയില്‍ മിടുക്കനായിരുന്ന യഹിയയുടെ കൊല ഹമാസിന് വന്‍ നഷ്ടമായി. അതിന് ശേഷമാണ് ഹിസ്ബുല്ലയടക്കമുള്ള ഗ്രൂപ്പുകള്‍ ആശയവിനിയം ചോരാതിരിക്കാന്‍ ഫോണുകള്‍ അകറ്റിനിര്‍ത്തിയത്. പേജറുകള്‍ വഴിയായിരുന്നു ആശയവിനിമയം. പേജറുകള്‍ റേഡിയോ സിഗ്നലില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. വോയിസ് , ടെക്സ്റ്റ് മെസേജുകള്‍ അയക്കാം. കോള്‍ ചെയ്യാന്‍ പറ്റില്ല. ട്രാക്ക് ചെയ്യാനും പാടുള്ള ഒരു ലോ-ടെക് ഡിവൈസ്. ഹിസ്ബുല്ലയുടെ ടോപ് കമാന്‍ഡര്‍ വരെ ഇതുപയോഗിക്കുന്നു. ഒരര്‍ഥത്തില്‍ ഹിസ്ബുല്ലയുടെ വന്‍ സ്ട്രോറ്റജികളില്‍ ഒന്നായിരുന്നു പേജര്‍
മൂന്നുമാസം മുന്‍പാണ് തായ്വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ അയ്യായിരം പേജറുകള്‍ക്ക് ഹിസ്ബുല്ല ഒരുമിച്ച് ഓര്‍ഡര്‍ നല്‍കിയത്. യുഎസും യൂറോപ്യന്‍ യൂണിയനും അടക്കം ഒട്ടേറെ രാജ്യങ്ങള്‍ ലെബനന് മേല്‍ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തായ്വാനില്‍ നിന്ന് ലെബനനിലേക്ക് എത്തിക്കാന്‍ കുറേയേറെ ക്ലിയറന്‍സുകള്‍ വേണ്ടിയിരുന്നു. ഇതിന് മൂന്നുമാസം സമയമെടുത്തു. ഇതിനിടെയാകാം പേജറുകളില്‍ മൊസൊദിന്‍റെ ഓപറേഷന്‍ നടന്നതെന്നാണ് നിഗമനം. പൊട്ടിത്തെറിച്ചതും അല്ലാത്തതുമായ പേജറുകളില്‍ ലെബനന്‍ നടത്തിയ പരിശോധനകളില്‍ പോലും എങ്ങനെയാണ് മൊസാദ് ഈ ആസൂത്രണം നടത്തിയതെന്ന് മനസിലായിട്ടില്ല. നിഗമനങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
പേജറുകളില്‍ ഉപയോഗിച്ചത് 2.7 സെമീ കനവും 90 ഗ്രാം ഭാരവും ഉള്ള റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളാണ്. ഒന്നുകില്‍ ഇത് ഒരുമിച്ച് പ്രത്യേക ടെക്സ്റ്റ് മെസേജ് കോഡ് ഉപയോഗിച്ച് ഓവര്‍ ഹീറ്റ് ചെയ്തു. അല്ലെങ്കില്‍ മൂന്ന് ഗ്രാം എക്സ്പ്ലോസീവ്സ് ബാറ്ററിക്ക് പുറത്ത് നിറച്ചു. ഇതിന് പുറത്ത് മെറ്റല്‍ സോളാറുണ്ട്. സ്ഫോടനമുണ്ടാക്കുന്ന ഫോഴ്സിനെ ലോഹ ശകലങ്ങള്‍ വഴി പുറത്തേക്ക് തള്ളിവിടുന്നു. ഇത് സ്ഫോടനമാരകത വര്‍ധിപ്പിച്ചു. ലെബനന്‍ സമയം വൈകിട്ട് മൂന്നിന് എല്ലാ പേജറുകളിലേക്കും ഹിസ്ബുല്ല നേതൃത്വത്തിന്‍റേത് എന്ന് കരുതുന്ന ഒരു പ്രത്യേക കോഡ് മെസേജ് അയക്കുന്നു. സ്ഫോടനം നടന്ന ശേഷമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാലറിയാം തുടര്‍ച്ചയായ ബീപ് ശബ്ദം കേട്ട് പേജറുകള്‍ തുറന്നു നോക്കുകയോ, കേട്ടു നോക്കുകയോ ചെയ്യുമ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്. മുഖത്തും കണ്ണുകള്‍ക്കും പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പലരുടെയും കൈകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. അബദ്ധത്തില്‍ പേജറുകള്‍ കയ്യില്‍വച്ച, മൂന്ന് ഹിസ്ബുല്ല എംപിമാരുടെ മക്കളും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നടുങ്ങിയ ലെബനന് ആദ്യമെന്ത് സംഭവിച്ചെന്ന് പോലും വ്യക്തമായില്ല. ബെയ്റൂട്ട് മുതല്‍ ബെക്കാവാലി വരെയും എന്തിന് ഈ പേജറുമായി സിറിയയിലുണ്ടായിരുന്നവര്‍ക്കും പരുക്കുണ്ട്. സാധാരണ സോഫ്റ്റ്് വെയറുകള്‍ ഹാക്ക് ചെയ്ത് സുരക്ഷാ സംവിധാനം പൊളിക്ക രീതിയൊക്കെ കാണാറുണ്ടെങ്കിലും ഇത്തരത്തില്‍ ഹാര്‍ഡ് വെയര്‍ ഓപറേഷന്‍, അതും ഇത്ര വിപുലമായ രീതിയിലുണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഹിസ്ബുല്ല പോലെ ആയുധശേഷിയും സാങ്കേതികമികവുമുള്ള സംഘങ്ങള്‍ക്ക് നല്‍കുന്ന ഉപകരണങ്ങള്‍ നേരിട്ട് തിരിമിറി നടത്തുക എന്ന അസാധ്യമായ നീക്കമാണ് മൊസാദ് പാളിച്ച കൂടാതെ നടത്തിയെടുത്തതെന്നാണ് ലോകത്തെ ഞെട്ടിച്ചത്.
തായ്് വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ഗോള്‍ഡ് എന്തായായും പേജര്‍ ഉണ്ടാക്കിയത്, അവരല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തി. ഹംഗറി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാക് കമ്പനിയാണ് ഉല്‍പ്പാദകരെന്നായിരുന്നു വിശദീകരണം. ബുഡാപെസ്റ്റിലെ കമ്പനിയുടെ ആസ്ഥാനത്തെത്തിയ ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടി. എ ഫോര്‍ സൈസ് പേപ്പറില്‍ ബാക് എന്നെഴുതിവച്ച ഒറ്റമുറി. യഥാര്‍ഥത്തില്‍ മൊസാദ് ഈ ഓപറേഷന് വേണ്ടി തയാറാക്കിയ ഷെല്‍ കമ്പനിയായിരുന്നു ബെക്.
ആദ്യ ആക്രമണത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പ് പിറ്റേന്ന് വോക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. പേജര്‍ ആക്രമണത്തില്‍ മരിച്ച ഹിസ്ബുല്ല നേതാക്കളുടെ സംസ്കാര ചടങ്ങുകള്‍ക്കിടെയായിരുന്നു സ്ഫോടനം. രണ്ടു സ്ഫോടനങ്ങളിലുമായി മുപ്പതോളം പേര്‍ മരിച്ചു. മൂവായിരത്തോളം പേര്‍ക്ക് പരുക്കേറ്റു.ഇതില്‍ ഇരുന്നൂറിലേറെപ്പേരെ പരുക്ക് ഗുരുതരമാണ്. ഐകോം എന്ന ജാപനീസ് കമ്പനിയുടേതായിരുന്നു വോക്കിടോക്കികള്‍. ബ്രാന്‍ഡ് മാത്രമേ തങ്ങളുടേതായുള്ളൂ അടുത്തത് ലാപ് ടോപ്പും മൊബൈലുകളുമാണെന്ന് വാര്‍ത്ത പരന്നതോടെ ജനം മൊബൈലുകള്‍ വലിച്ചെറിഞ്ഞു. ആക്രമണമുണ്ടാക്കിയ ആള്‍നാശത്തേയും പരുക്കുകളേയും കാള്‍ ഹിസ്ബുല്ലെയെ മുറിവേല്‍പ്പിച്ചത്, സ്വന്തം സുരക്ഷാസംവിധാനത്തിലേക്ക് മൊസാദ് നുഴഞ്ഞുകയറിയെന്ന യാഥാര്‍ഥ്യമാണ്. ഹിസ്ബുല്ലയുടെ ആശയവിനിമയസംവിധാനം മുഴുവന്‍ താളം തെറ്റി. പല പ്രധാനപ്പെട്ട നേതാക്കള്‍ക്കും പരുക്കേറ്റു.
എന്താണ് ഹിസ്ബുല്ല? ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള കുടിപ്പകയ്ക്ക് പിന്നിലെ കഥയെന്താണ്? ഇസ്രയേല്‍ വിരുദ്ധത തന്നെയാണ് ഹിസ്ബുല്ലയുടെ രൂപീകരണത്തിന് പിന്നില്‍. 1982 ലാണ് ഇസ്രയേല്‍ ലെബനനില്‍ അധിനിവേശം നടത്തുന്നത്. ഇസ്രയേലിനെ പ്രതിരോധിക്കാന്‍ ഇറാന്‍ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ഷിയാ മുസ്ലിം സംഘടനയാണ് ഹിസ്ബുല്ല. ആയുധവും പരിശീലനവും സാങ്കേതികവിദ്യയും ഇറാന്‍ നല്‍കിയതോടെ സംഘടന സായുധമായി ശക്തിപ്പെട്ടു. ലോകത്തെ അത്യാധുനീക ഇന്‍റലിജന്‍സ് സംവിധാനവും സൈനീകശേഷിയുമുള്ള ഇസ്രയേലിനെ ഹിസ്ബുല്ല രണ്ടായിരത്തോടെ ലെബനനില്‍ നിന്ന് തുരത്തി. ഒരര്‍ഥത്തില്‍ ഇസ്രയേല്‍ തോല്‍വി സമ്മതിച്ചിട്ടുള്ളത് ഹിസ്ബുല്ലയ്ക്ക് മുന്നില്‍ മാത്രമാണ്.
യുഎസും യൂറോപ്യന്‍ യൂണിയനും യുഎഇയും അടക്കം 60 രാജ്യങ്ങള്‍ ഭീകരസംഘടനായായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണിത്. ലബനന്‍ പാര്‍ലമെന്‍റില്‍ നിര്‍ണായക സ്വാധീനമാണ് ഹിസ്ബുല്ലയ്ക്കുള്ളത്. ലെബനില്‍ സായുധകലാപം നടന്ന സമയത്താണ് ഹിസ്ബുല്ല രാഷ്ട്രീയത്തിലേക്ക് കടന്നത്. നിലവില്‍ 128 അംഗ ലബനന്‍ പാര്‍ലമെന്‍റില്‍ 25 അംഗങ്ങള്‍ ഹിസ്ബുല്ലയ്ക്കുണ്ട്. അവരുടെ സായുധ പിന്തുണയില്ലാതെ ലെബനന് നിലനില്‍പ്പില്ല. ആയുധശേഷിയും, പുതിയ സാങ്കേതികവിദ്യയും ഉള്ള സായുധസംഘമാണ് ഹിസ്ബുല്ലയുടേത്. ഗാസയില്‍ ഹമാസും യെമനിലെ ഹൂതി വിമതരുമായി കൈകോര്‍ത്ത് ഇസ്രയേലിന്‍റെ ശത്രുപക്ഷത്താണ് ഹിസ്ബുല്ല.
ഗാസയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ ഹമാസിന് ഹിസ്ബുല്ലയുടെയും അവര്‍ക്ക് പിന്നില്‍ ഇറാന്‍റെയും പിന്തുണയുണ്ട്. സുന്നികളായ ഹമാസിന് ഷിയാക്കളെ തങ്ങളുടെ പിന്തുണയുണ്ടെന്ന് ഹിസ്ബുല്ല വ്യക്തമാക്കുന്നത് അറബ് വികാരം ഉണര്‍ത്താനാണ്. വടക്ക് നിന്നുള്ള ഈ ഭീഷണി മുന്നില്‍ കണ്ടാണ് ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ലെബനനിലേക്ക് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ഇടയ്ക്കിടെ മിസൈലുകളയച്ച് ശക്തി പ്രകടിപ്പിക്കുമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലോടെയായിരുന്നു ഇതുവരെ ഹിസ്ബുല്ലയുടെ പ്രതികരണം. അണികളെ ബോധ്യപ്പെടുത്താനുള്ള പ്രത്യേക്രമണങ്ങള്‍ക്ക് അപ്പുറത്തേക്ക് ദീര്‍ഘകാലം നീളുന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ഹിസ്ബുല്ലയ്ക്ക് താല്‍പ്പര്യമില്ല.സാമ്പത്തികമായി തകര്‍ന്ന ലബനന് ഒരു യുദ്ധത്തിനുള്ള ശേഷിയില്ലെന്നതാണ് കാരണം . യുദ്ധം ഭയന്ന് ഇരു രാജ്യങ്ങള്‍ക്കും അതിര്‍ത്തിയില്‍ നിന്നുള്ള പതിനായിരങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്നു. ഇവരെ തിരിച്ചുകൊണ്ടുവരികയെന്നത് ഇസ്രയേലിന് പ്രധാനമാണ്. അതിന് ഹിസ്ബുല്ലയെ ഒതുക്കണം. ഹിസ്ബുല്ലയുടെ ഹോം ഗ്രൗണ്ടായ തെക്കന്‍ ലബനന്‍ തന്നെ പിടിക്കണം. ഹമാസില്‍ നിന്ന് ഹിസ്ബുല്ലയിലേക്ക് ആക്രമണമുന തിരിക്കുന്നതിന് പിന്നില്‍ നെതന്യാഹുവിന് വൃക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് യുദ്ധം ഒരിക്കലും അവസാനിക്കരുതെന്ന ആഗ്രഹമാണ്. ലെബനന്‍ ആക്രമിക്കാന്‍ ഉല്‍സാഹം കാട്ടാത്ത പ്രതിരോധമന്ത്രി യവ് ഗാലന്‍റിനെ മാറ്റാന്‍വരെ നെതന്യാഹു ആലോചിച്ചു.
ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാതിരിക്കാന്‍ യുദ്ധം തുടരേണ്ടത് അത്യാവശ്യമാണ്. യുദ്ധം നിര്‍ത്തിയാലുടന്‍ നെതന്യാഹു അധികാര ഭ്രഷ്ടനാക്കപ്പെടും. കോടതികളില്‍ പെന്‍ഡിങ് ഉള്ള അഴിമതിക്കേസുകള്‍ ആക്ടീവാകും. ചിലപ്പോള്‍ ശിഷ്ടകാലം അഴിക്കുള്ളിലാകും. സാമ്പത്തികവും സായുധവുമായ സകലപിന്തുണയുമായി യുഎസിനെപ്പോലുള്ള വന്‍ശക്തികള്‍ ഒപ്പമുണ്ട്. അപ്പോള്‍ യുദ്ധക്കോപ്പുകള്‍ക്ക് ക്ഷാമമില്ല, ഗാസ തരിപ്പണമാക്കിയ സ്ഥിതിക്ക് പുതിയ ശത്രുവിനെ കണ്ടെത്തണം. പരമാവധി പ്രകോപിപ്പിച്ചിട്ടും ഇറാന്‍ കുലുങ്ങുന്നില്ല. ഇനി ഹിസ്ബുല്ലയെ ഇളക്കുകയാണ് മാര്‍ഗം. തെക്കന്‍ ലബനന്‍ കേന്ദ്രമാക്കി സൈനീക ട്രൂപ്പുകളെ ഇറക്കുകയാണ് ഇസ്രയേല്‍. ഗാസയില്‍ നിന്ന് ക്ഷീണിതരായ, എണ്ണത്തില്‍ കുറഞ്ഞ ഇസ്രയേല്‍ സൈനീകര്‍ തെക്കന്‍ ലബനന്‍ അതിര്‍ത്തിയില് ഫോക്കസ് ചെയ്യുകയാണ്. അതിര്‍ത്തിയിലും ആകാശത്തും ലബനനെ യുദ്ധഭീതിയിലാക്കുകയാണ്. സൗത്ത് ലബനനിലൂടെ ഒഴുകുന്ന ലിത്വാനി നദിക്ക് അക്കരയിലേക്ക് ഹിസ്ബുല്ലയെ ഒതുക്കുകയാണ് ഇസ്രയേല്‍ പടയൊരുക്കത്തിന് പിന്നില്‍
യുദ്ധമാണ് ഇസ്രയേല്‍ ലക്ഷ്യമെന്ന് വ്യക്തമാക്കി, ഹിസ്ബുല്ല നേതാവ് ഹസന്‍ നസറല്ല വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഇസ്രേയല്‍ വിമാനങ്ങള്‍ ഉഗ്രശബ്ദമുണ്ടാക്കി താഴ്ന്നു പറന്നു. ഒക്ടോബര്‍ 7ന് ഇസ്രയേലിലേക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തുമ്പോള്‍ മൊസാദ് എവിടെപ്പോയി എന്നായിരുന്നു ഇസ്രയേല്‍ നേരിട്ട പ്രധാന ചോദ്യം. പഴുതടച്ച ഇന്‍റലിജന്‍സിന് പേരുകേട്ട മൊസാദ് എന്തുകൊണ്ട് ഈ ആക്രമണത്തെക്കുറിച്ച് ഒന്നുമറിഞ്ഞില്ല എന്നതും മൊസാദിന്‍റെ ചരിത്രം നോക്കുമ്പോള്‍ അവിശ്വസനീയമാണ്. ആ വീഴ്ചയ്ക്ക് പേജര്‍ അറ്റാക്കിലൂടെ പകരം വീട്ടി എന്നാണ് മൊസാദ് കരുതുന്നത്. ആക്രമണത്തിന് പിന്നില്‍ അവരാണെന്ന് ഇസ്രയേല്‍ ഇതുവരെ സമ്മതിച്ചില്ലെങ്കിലും കൃത്യമായി ടാര്‍ഗറ്റ് സെറ്റ് ചെയ്ത് കാത്തിരുന്ന് കൃത്യസമയത്ത് സൂക്ഷ്മതയോടെ ആക്രമണം നടത്തുകയെന്ന രീതി മൊസാദിന്‍റെയാണ്. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വച്ച് കൊല്ലുമ്പോഴും ഇതേ സൂക്ഷ്മതയായിരുന്നു മൊസാദിന്. ഇറാന്‍റെ പുതിയ ഭരണാധികാരിയായി പെസഷ്കിയാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത്, ഇറാന്‍റെ കര്‍ശന സുരക്ഷയുടെ മൂക്കിന് താഴെയായിരുന്നു ആ ആക്രമണം. ഇറാനിലെത്തുമ്പോള്‍ അദ്ദേഹം പതിവായി കഴിയാറുള്ള, അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിലാണ് അന്ന് മൊസാദ് ബോംബ് വച്ചത്. മാസങ്ങള്‍ക്ക് ശേഷം ഹനിയ്യ ആ മുറിയിലെത്തിയ ദിവസം രാത്രിയില്‍ സ്ഫോടനം. ഡ്രോണ്‍ വഴിയുള്ള ആക്രമണമാണെന്നും വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇസ്രയേലോ ഇറാനോ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. ശക്തമമായി തിരിച്ചടിക്കുമെന്ന ഇറാന്‍റെ പ്രതികരണം ഇസ്രയേലിലേക്ക്, വലിയ വ്യാപ്തിയില്ലാത്ത റോക്കറ്റുകള്‍ തൊടുക്കുന്നതിലൊതുങ്ങി. ഇസ്രയേല്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചിട്ടും യുദ്ധത്തിലേക്ക് നീങ്ങാത്ത ഇറാന്‍ അതേ മാര്‍ഗനിര്‍ദേശം തന്നെയാകും ലബനനും ഹിസ്ബുല്ലയ്ക്കും നല്‍കുക. മിതവാദിയായ പുതിയ പ്രസിഡന്‍റ് പെസഷ്കിയാന്‍ യുദ്ധപ്രേമിയുമല്ല.
ഇസ്മയില്‍ ഹനിയ്യയുടെ കൊലയിലൂടെ ഇസ്രയേല്‍ ലക്ഷ്യമിട്ടത് മേഖലയില്‍ കൂടുതല്‍ പോര്‍മുഖങ്ങള്‍ തുറക്കുകയെന്നാണ്. തിരിച്ചടിക്ക് ഇറാനെ നിര്‍ബന്ധിതമാക്കുകയാണ് ഹമാസ് നേതാവിനെ ഇറാനില്‍ വധിച്ചതോടെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണവും പ്രാദേശീക യുദ്ധത്തിലേക്ക് മറ്റുള്ളവരെക്കൂടി വലിച്ചിടുകയെന്ന ലക്ഷ്യത്തിലാണ്. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ തയാറല്ല എന്നു കൂടിയാണ് മനസിലാക്കേണ്ടതും.
ചുറ്റും ശത്രുരാജ്യങ്ങളാല്‍ വലയം ചെയ്തു നിന്നിട്ടും ഇസ്രയേലിനെതിരെ രംഗത്തുവരാന്‍ ആരുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇസ്രയേല്‍ ഉപരോധം കാരണം ഇപ്പോള്‍ തന്നെ പാതി ഇരുട്ടിലായ ഈജിപ്തും ആക്രമണമുന നീട്ടാനുളള സാധ്യതയില്ല. ഇസ്രയേലിന്‍റെ യുദ്ധതാല്‍പ്പര്യത്തിന് തക്ക എതിരാളി നിലവില്‍ പശ്ചിമേഷ്യയിലില്ലെന്നതാണ് യാഥാര്‍ഥ്യം . ഇറാനും ലെബനനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂതി വിമതരും ഒത്തുപിടിച്ചാലും ഇസ്രയേലിനേ നേരിടാനാകില്ല. ഗാസയോടോ പലസ്തീനോടോ സൗദിയും യുഎഇയുമടക്കമുള്ള രാജ്യങ്ങള്‍ ഒരു താല്‍പ്പര്യവും കാണിച്ചിട്ടില്ല. ഇറാനെതിരെയുള്ള പൊതുവിരോധവും സൗദിയിലെ എണ്ണപ്പാടങ്ങളില്‍ ഹൂതി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളമൊക്കെ ഇതിന് ഒരു കാരണമാണ്. ഇസ്രയേല്‍ പ്രതിരോധത്തിലാകുമ്പോഴൊക്കെ ബലിസ്റ്റിക് മിസൈലുകളും വിമാനവാഹിനിക്കപ്പലുകളുമായി യുഎസ് ചെങ്കടലില്‍ നിലയുറപ്പിക്കും. യുഎസിന്‍റെ ഈ സ്നേഹം ഇസ്രയേല്‍ പരമാവധി മുതലെടുക്കും. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്‍ഞെടുപ്പില്‍ പോലും മുഖ്യവിഷയമായി ഇസ്രയേല്‍ ഗാസ സംഘര്‍ഷം നിലനിര്‍ത്തുന്നതില്‍ നെതന്യാഹു വിജയിച്ചു. ഇസ്രയേലിന്‍റെ സ്വയം സംരക്ഷണാവകാശം സംരക്ഷിക്കണം എന്ന് നിലപാടുകാരാണ് കമല ഹാരിസും ഡെമോക്രാറ്റിക് പാര്‍ട്ടിയും. ലെബനന്‍ കൂടി ആക്രമണ കേന്ദ്രമാകുന്നു എന്ന് കണ്ടതോടെ കിട്ടുന്ന വിമാനത്തില്‍ സ്വന്തം നാട്ടിലേക്ക് തിരികെ വരാന്‍ യുഎസ് അവരുടെ പൗരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു. തെക്കന്‍ ലബനനില്‍ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേല്‍. യുദ്ധത്തിന്റെ പുതിയഭാഗത്തേക്ക് ഞങ്ങള്‍ കടന്നുവെന്ന് പ്രതിരോധമന്ത്രി യെവ് ഗാലന്‍റ് വ്യക്തമമാക്കി കഴിഞ്ഞു. നൂറുകണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് യു.എസ് വ്യക്തമാക്കി. ഇസ്രായേലും ഹിസ്ബുല്ലയും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ കടന്നാക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി ഇടപെടണമെന്ന് ലബനന്‍റെ ആവശ്യവും ഫലം കാണുന്ന ലക്ഷണമില്ല
ലോകത്തെ ഏറ്റവും വിനാശകരമായ യുദ്ധതന്ത്രങ്ങളിലൊന്നാണ് മൊസാദിന്‍റെ പേജര്‍ അറ്റാക്ക് വിലയിരുത്തപ്പെടുന്നത്. യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത സാധാരണക്കാരുടെ ജീവന് പോലും വിലകല്‍പ്പിക്കാത്ത യുദ്ധമുറ അക്ഷരാര്‍ഥത്തില്‍ ലോകത്തെ മുഴുവന്‍ ഭീതിയിലാക്കുന്നു. ആള്‍നാശത്തേക്കാള്‍ ആത്മവിശ്വാസത്തിന് മുറിവേറ്റ ഹിസ്ബുല്ല തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശത്രുപക്ഷത്തെ വിറപ്പിച്ച ഇസ്രയേല്‍ നീക്കം, സമാന ആക്രമണങ്ങളുടെ ഭീതിയിലേക്ക് കൂടി ലോകത്തെ തള്ളിയിടുകയാണ്. പ്രതിരോധത്തിന് ഏതടവും പയറ്റാനും ഏതു സുരക്ഷാമേഖലയും നുഴഞ്ഞുകയറി പൊളിക്കാനും പറ്റുന്ന ശക്തിയായി ഇസ്രയേല്‍ മാറുന്നത് പശ്ചിമേഷ്യ കൂടുതല്‍ അശാന്തമാക്കുകയാണ്.