വിവിധ നാടുകളില്‍നിന്ന് പുതിയ ജീവിതം തേടിയെത്തിയ കുറേപേര്‍. കുവൈത്തെന്ന സ്വപ്നഭൂമിയില്‍ കാലെടുത്തുവച്ചതുമുതല്‍ ചിറകുമുളച്ച സ്വപ്നങ്ങള്‍. പക്ഷേ, ഉറക്കത്തില്‍നിന്ന് ഉണര്‍ന്നത് പുകയിലേക്ക്. നിമിഷ നേരം കൊണ്ട് ജീവന്‍ തീ വിഴുങ്ങി. പുകയില്‍ ചിലര്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചു. ചിലര്‍ രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ താഴേക്ക് ചാടി. അവിടെയും മരണം പതിയിരിക്കുന്നുണ്ടായിരുന്നു. മരുഭൂമി ഞൊടിയിടയില്‍ കണ്ണീര്‍ക്കടലായി. രക്ഷപ്പെട്ടവര്‍ കുറച്ചുപേര്‍. നഷ്ടപ്പെടലിന്റെ നീറ്റലില്‍ കുവൈത്ത്. ഉള്‍ക്കൊള്ളാനാകാത്ത വാര്‍ത്തയുടെ പൊള്ളലേറ്റ് കേരളം. എല്ലാം തീ തീന്നു.. മരിച്ചവരിലേറെയും മലയാളികള്‍. മരണസംഖ്യ ഉയരുന്നു. കേരളവും തീ തിന്നുകയാണ്.
തെക്കന്‍ കുവൈത്തിലെ അഹ്മദി ഗവർണറേറ്റിലെ മംഗെഫ് ബ്ലോക്ക് നാലിലെ ഏഴ് നിലകെട്ടിടത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ തൊഴിലാളി ക്യാംപാണ് കെട്ടിടം. ഈജിപ്ത് സ്വദേശിയാ സെക്യുരിറ്റി ജീവനക്കാരന്റെ പൗരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം. ഗ്യാസ് സിലിണ്ടറുകളിലേക്ക് പടർന്ന തീ പെട്ടെന്ന് കെട്ടിടമാകെ ആളി പടരുകയായിരുന്നു.
രാത്രി ജോലി കഴിഞ്ഞെത്തി തളർന്നുറങ്ങുകയായിരുന്നു തൊഴിലാളികളാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു. താഴത്തെ നിലയിൽ നിന്ന് തീ പടരുന്നത് കണ്ട് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയും പൊലീസും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. തൊട്ടടുത്തായി ധാരാളം കെട്ടിടങ്ങളുള്ള റസിഡൻഷ്യൽ മേഖലയാണ് മംഗെഫ്.