മഴ വരുന്നു. തോരാതെ പെയ്യുന്നു. നാട് മുങ്ങുന്നു. വിലാപമുയരുമ്പോള്‍ എല്ലാം ശരിയാക്കാം എന്ന് അധികാരികളുടെ പല്ലവി. ഇനി വേനല്‍വരും. വീണ്ടും മഴവരും. അപ്പോഴും തുടരും ശരിയാക്കാം എന്ന ഇക്കൂട്ടരുടെ വാഗ്ദാനം. ജനങ്ങള്‍ക്കുവേണ്ടി ഇന്ന് ഹൈക്കോടതി ഉറക്കെ ചോദിച്ചു– നടപടിക്ക് മഴ ഉച്ചിയിലെത്തുംവരെ കാത്തത് എന്തിന് ?... കൊച്ചിയിലെ വെള്ളക്കെട്ട് കണ്ട ഏതൊരാളും ചോദിച്ചുപോകുന്ന ചോദ്യം ?
കാനകള്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് ഭരിക്കുന്നവര്‍ക്ക് അറിയാത്തതല്ല. ജനങ്ങളുടെ ചോദ്യങ്ങളെ സാങ്കേതികമായ ഉത്തരം പറഞ്ഞ് എത്രനാള്‍ ചെറുക്കാനാകും ? കണ്ണില്‍ പൊടിയിട്ട ശേഷം അടുത്തവര്‍ഷം വെള്ളക്കെട്ടുണ്ടാവില്ല എന്ന് പ്രഖ്യാപിച്ച് സ്വയം അഭിനന്ദിക്കുന്നവര്‍ അറിയുക– നിങ്ങളുടെ പൊള്ളത്തരങ്ങള്‍ ഓരോ കാനകളിലും ഒഴുകാതെ പൊങ്ങിക്കിടക്കുന്നുണ്ട്. കാലവര്‍ഷം ഉടന്‍ എന്ന അറിയിപ്പിനുപിന്നാലെയാണ് തലസ്ഥാനത്തും കൊച്ചിയിലും ഉള്‍പ്പെടെ മഴ ശക്തിപ്പെട്ടത്. ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുമെന്നുറപ്പാണ്. വലിയ ജാഗ്രത ആവശ്യപ്പെടുന്ന സമയം.