ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്നതാണ് നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പെരിയാറില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് പറയാന്‍ ഇതേ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉന്നയിക്കുന്ന ചോദ്യങ്ങളോട് ബബ്ബബ്ബ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ? മീനുകള്‍ക്കു പിന്നാലെ മനുഷ്യരും ചത്തുപൊങ്ങുന്ന കാലം വിദൂരമല്ലെന്ന് മലിനീകരണ ബോര്‍ഡിന് പ്രത്യേകം ക്ലാസെടുക്കേണ്ടതുണ്ടോ ? ചത്തത് മീനോ നമ്മുടെ സംവിധാനങ്ങളോ ? ചോദ്യത്തിന്റെ ഉത്തരം നാട്ടുകാര്‍ക്കറിയാം, നിങ്ങളെത്ര കൈമലര്‍ത്തിയാലും.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെയുള്ള പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ചു തുടങ്ങിയത്. ഒപ്പം രൂക്ഷഗന്ധവും. തൊട്ടുപിന്നാലെ ശ്വാസം കിട്ടാതെ മീനുകൾ ജലപ്പരപ്പിന് മുകളിലേക്കെത്തി. കരിമീൻ, പൂളാൻ, പള്ളത്തി അടക്കമുള്ള മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങി. ഏലൂർ, എടയാർ പ്രദേശത്തെ ഫാക്ടറികളിൽ നിന്നും രാസമാലിന്യം പുഴയിലേക്ക് തുറന്നു വിട്ടതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
പെരിയാറിൽ കൂട് കെട്ടി നടത്തുന്ന മത്സ്യകൃഷിയെയും വെള്ളത്തിലെ മാറ്റം വലിയ തോതിൽ ബാധിച്ചു. മീനുകൾ ചത്തുപൊങ്ങിയത് ബണ്ട് തുറന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു നാട്ടുകാരന്‍ കൂടിയായ വ്യവസായ മന്ത്രിയുടെ പ്രതികരണം. മീനിന്റെ പിടച്ചില്‍ ഒരു ഭാഗത്ത്. അപ്രതീക്ഷിതമായി തിരിച്ചടിയേറ്റ മല്‍സ്യക്കര്‍ഷകരുടെ നെഞ്ചിന്റെ പിടച്ചില്‍ മറ്റൊരുഭാഗത്ത്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന പരാതി തമാശയായി കാണുന്ന ഉദ്യോഗസ്ഥര്‍ പതിവുപോലെ അനങ്ങാതെ ആസ്ഥാനത്തിരുന്നു. ജനം സമരമുഖത്തേക്ക്. പെരിയാറിലെ മല്‍സ്യക്കുരുതിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. ചീഫ് എന്‍ജിനീയറെ തടഞ്ഞ സമരക്കാര്‍ ഓഫിസിലേക്ക് ചീഞ്ഞ മീന്‍ എറിഞ്ഞു. പുഴയില്‍ രാസമാലിന്യം സ്ഥിരീകരിച്ചില്ലെന്നായിരുന്നു എന്‍വയോണ്‍മെന്‍റ് എന്‍ജിനീയറുടെ വിശദീകരണം. മല്‍സ്യങ്ങള്‍ ചത്തതിന് ഇറിഗേഷന്‍ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരസ്പരം പഴിചാരി.