പരിധിയില്ലാത്ത അധികാരം ഒരാളെ എങ്ങനെയെല്ലാം മാറ്റിമറിക്കും? ജനാധിപത്യത്തില്‍ പരിധിയില്ലാത്ത അധികാരം എന്നൊന്നില്ല. എന്നിട്ടും ഭരണാധികാരത്തിന്റെ പരിധിയില്ലാത്ത വിനിയോഗം  ഒരിക്കല്‍ ഇന്ത്യ കണ്ടു. ജനാധിപത്യവും പൗരാവകാശവും വെറുതെയായിപ്പോയ ഒരു കാലം. ഇന്ദിരാഭരണത്തിലെ ഇടര്‍ച്ചകളുടെ കാലം.

ജീവിതം വഴിമുട്ടി ജനം തെരുവില്‍ തുടരുന്നകാലത്ത് ഇടിത്തീപോലെ ഇന്ദിരയ്ക്കെതിരെ നീതിപീഠം ഒരു വിധിയെഴുതിയത്. 1971 ല്‍ റായ്ബറേലിയിലെ ഇന്ദിരയുടെ വിജയം ചോദ്യം ചെയ്ത് എസ്.എസ്.പി നേതാവ് രാജ് നാരായണ്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതിയുടെ ഇടക്കാല വിധിയായിരുന്നു അത്. ഹൈക്കോടതിയില്‍ കേട്ടയത്ര തീവ്രമല്ലെങ്കിലും ഇന്ദിരയുടെ ഭാഗത്തെ വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു വിധിന്യായം. ഇതോടെ പ്രതിഷേധങ്ങള്‍ അണപൊട്ടി. സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെയാണ് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

ഇന്ദിരയുടെ കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു യുഗമായിരുന്നു. എല്ലാക്കാലത്തും അവര്‍ പോര്‍ക്കളത്തിലുമായിരുന്നു. സ്വന്തം പാര്‍ട്ടിയും എതിര്‍ പാര്‍ട്ടികളും വോട്ടുചെയ്ത ജനങ്ങളും  പലകാലങ്ങളില്‍ അവരുടെ മറുചേരിയില്‍ പടവെട്ടി. ഒരു തോല്‍വിയും അവരെ ഇല്ലാതാക്കിയില്ല. 

ചരിത്രത്തില്‍ ഇന്ദിര മായാതെ നില്‍ക്കുന്നതിന് കാരണവും അവരിലെ പോരാട്ടവീര്യം തന്നെ..