ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഭാവി ജീവിതം കൂടുതൽ സന്തുഷ്ടമാക്കാനിടയുള്ള കണ്ടുപിടിത്തങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് പോയ വർഷത്തെ ശാസ്ത്ര ലോകം കടന്നുപോയത്. ചന്ദ്രയാൻ മൂന്നിന്‍റെ സമ്പൂർണ വിജയവും രാജ്യത്തിന്‍റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ വണിന്‍റെ വിക്ഷേപണവും ഇന്ത്യയെ അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തിച്ചു. എന്നാൽ മനുഷ്യരാശിക്ക് തന്നെ വെല്ലുവിളിയാകും വിധം ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവ എ.ഐയുടെ കുതിച്ചുചാട്ടം ലോക ജനതയെ തന്നെ മുൾമുനയിൽ നിർത്തുകയാണ്. കാണാം 2023 സാക്ഷ്യം വഹിച്ച പ്രധാന ശാസ്ത്ര നേട്ടങ്ങൾ.
ചാന്ദ്ര ദൗത്യ രംഗത്ത് ഇന്ത്യയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിക്കൊണ്ടാണ് ചന്ദ്രയാൻ 3, 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിനടുത്ത് വിജയകരമായി ഇറങ്ങിയത്. ലാൻഡിങ്ങിൽ പരാജയം നേരിട്ട ചന്ദ്രയാൻ 2 ലെ പിഴവുകൾ തിരുത്തിക്കൊണ്ട്, സാങ്കേതിക വിദ്യകൾ കുറ്റമറ്റ വിധം പരിഷ്കരിച്ചുകൊണ്ടാണ് ഐഎസ്ആർഒ ചന്ദ്രയാൻ 3 വിജയകരമാക്കിയത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രയാന്‍റെ പ്രയാണം മാനവരാശിയുടെ പ്രയാണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഒപ്പം ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തിറങ്ങിയ സ്ഥലത്തെ ശിവശക്തി പോയിന്‍റെന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇതിനെതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു.
ചന്ദ്രയാൻ മൂന്നിന് പിന്നാലെ ഐ.എസ്.ആർ.ഒ മറ്റൊരു ചരിത്രം കൂടി സ്വൃഷ്ടിച്ചു. 2023 സെപ്റ്റംബർ 2 ന് രാജ്യത്തിന്‍റെ ആദ്യ സൗര ദൗത്യമായ ആദ്യത്യ എൽ വണിന്‍റെ വിക്ഷേപണം. വിക്ഷേപണം വിജയകരമായതോടെ സൗര ദൗത്യം നടത്തുന്ന നാലാമാത്തെ രാജ്യമെന്ന ഖ്യാതിയാണ് ഇന്ത്യ കൈവരിച്ചത്. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങൾ തൽസമയം നിരീക്ഷിക്കാനും ആ മാറ്റങ്ങൾ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുക എന്നതുമാണ് ആദിത്യ എൽ വണിന്‍റെ പ്രാഥമിക ലക്ഷ്യം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലംഗ്രേജിയൻ വൺ പോയിന്‍റ് അഥവ എൽ വണിൽ ആദിത്യയെ സന്തുലിതാവസ്ഥയിൽ നിലനിർത്തി കൊണ്ടായിരിക്കും സൂര്യനെ കുറിച്ച് പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക
ചന്ദ്രയാൻ മൂന്നിലും ആ ദിത്യ എൽ വണിലും ഒതുങ്ങുന്നതായിരുന്നില്ല 2023ൽ ശാസ്ത്ര രംഗത്ത് ഐ.എസ്. ആർ.ഒയും ഇന്ത്യയും കൈവരിച്ച നേട്ടങ്ങൾ. മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനു രാജ്യത്തിന്‍റെ സ്വപ്ന പദ്ധതിയായ ഗഗനയാൻ മിഷന്‍റെ ആദ്യ പരീക്ഷണ പറക്കലും ഒക്ടോബർ 21 ന് വിജയം കണ്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍റററില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. മനുഷ്യയാത്രയ്ക്കു യോജിച്ച വിധം പരിഷ്കരിച്ച എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക. ഗഗൻയാൻ പദ്ധതി പൂർണതയിലേക്ക് എത്താൻ ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ വിവിധ പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം മനുഷ്യർ ഇല്ലാതെ ഒരു ഗഗൻയാൻ ദൗത്യം നടത്തും. അതിൽ ‘വ്യോമമിത്ര’ എന്ന സ്ത്രീ റൊബോട്ടാകും ഉണ്ടാവുക. 2025 ഓടെ വിക്ഷേപണമുണ്ടാകുമെന്നാണ് കരുതുന്നത്.
ബഹിരാകാശ മാലിന്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ നിന്ന് നീക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശവും ഐ.എസ്.ആർ.ഒ ഏറ്റെടുത്തു. തുടർന്ന് 2011 ൽ വിക്ഷേപിച്ച കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ മേല്‍
ട്രോപിക്സ് - 1 നെ മാർച്ച് ഏഴിന് വിജയകരമായി ഭൂമിയിലെത്തിച്ച് നശിപ്പിക്കുന്ന ദൗത്യവും ഐഎസ്ആർഒ നടത്തി. ഐ.എസ്.ആർ.ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്‍റെ അഥവ ആർഎൽവിയുടെ സ്വയം നിയന്ത്രിത ലാൻഡിങ് പരീക്ഷണവും വിജയം കണ്ടു. കർണാടകയിലെ ചല്ലക്കാരെ എയ്റോനോട്ടിക്കൽ റെയ്ഞ്ചിലായിരുന്നു പരീക്ഷണം. വിക്ഷേപണ വാഹനം 2030 ൽ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
റോയൽ മെയിൽ ഷിപ്പ് ടൈറ്റാനിക് അത്‍ലാന്‍റിക് സമുദ്രത്തിൽ മുങ്ങി 110 വർഷം കഴിഞ്ഞ് അതേസ്ഥലത്ത് മറ്റൊരു ദുരന്തം കൂടി 2023 ൽ ഉണ്ടായി. ജൂൺ 18ന് കാനഡയിലെ ന്യൂഫൗണ്ട് ലാൻഡ് തീരത്തുനിന്ന് 700 കി.മീറ്റർ അകലെ, അഞ്ച് യാത്രികരുമായി പുറപ്പെട്ട ടൈറ്റൻ അന്തർവാഹിനിയാണ് ആഴക്കടലിൽ അപ്രത്യക്ഷമായത്. 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്‍റിക് സമുദ്രത്തിലേക്കു പോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്‍റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.
കടലിന്‍റെന്‍റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടകത്തിന്‍റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ടൈറ്റൻ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെന്‍റ് ജോൺസ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ സമയത്തിൽ അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിന്‍റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യാത്ര പുറപ്പെട്ട അന്തർവാഹിനി ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്നലും ലഭിച്ചില്ല. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമായിരുന്നു ടൈറ്റൻ.
2023 ൽ സാങ്കേതിക രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ. മനുഷ്യൻ തന്‍റെ ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ ഒരു മെഷീന് ചെയ്യാൻ സാധിക്കുകയാണെങ്കിൽ അതിനെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് വിളിക്കുന്നത്. എല്ലാ മേഖലകളിലും എ.ഐ അടക്കി വാഴുമ്പോൾ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
എ.ഐയുടെ നല്ല വശങ്ങളേക്കാൾ ചർച്ചയാക്കപ്പെട്ടത് അതിന്‍റെ ദുരുപയോഗങ്ങളെ കുറിച്ചായിരുന്നു. അതിൽ വാർത്തകളിൽ ഇടം പിടിച്ച ഒന്നായിരുന്നു എ.ഐ ഡീപ്പ് ഫേക്ക് വീഡിയോകൾ. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ അതിന് ഇരകളായി. നടി രശ്മിക മന്താനയുടെ ഡീപ് ഫേക്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അതിനെതിരെ താരത്തിന് തന്നെ രംഗത്ത് വരേണ്ടി വന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും വീഡിയോ പ്രചരിപ്പിച്ചരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നമ്മുടെ കോഴിക്കോട്ടും എ.ഐ തട്ടിപ്പിൽ അകപ്പെട്ടവരുണ്ട്. ഓൺലൈനിലൂടെ പണം തട്ടി ചതിക്കപ്പെട്ടവരും ആ കൂട്ടത്തിലുണ്ട്.
മനുഷ്യന്‍റെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് മൊബൈൽ ഫോണുകൾ. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൊബൈൽ ഫോണുകളെ പോലും ഇല്ലാതാക്കുമെന്നും 2023 ൽ തെളിയിച്ചു. ആപ്പിൾ മുൻ ജീവനക്കാരനായ ഇമ്രാൻ ചൗധരിയും ബെഥനി ബോൺ ജിയോർണയും ചേർന്ന് മൊബൈൽ ഫോണുകൾക്ക് പകരം എ.ഐ പിന്നുകൾ വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി സ്ക്രീനില്ലാതെ, ആപ്ലിക്കേഷൻ ഇല്ലാതെ സ്പർശനവും മനുഷ്യ ശബ്ദം കൊണ്ട് മാത്രം നിയന്ത്രിക്കാവുന്ന ഉപകരണം. ഒരു കോഡ് ലെസ് മൈക്ക് പോലെ വസ്ത്രങ്ങളിൽ ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഏകദേശം 699 യു.എസ് ഡോളറാണ് എ.ഐ പിന്നുകളുടെ വില.
ശാസ്ത്ര രംഗത്ത് നാഴിക കല്ലുകൾ സൃഷ്ടിക്കുന്ന അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ 2023 ലും പതിവ് തെറ്റിച്ചില്ല. ജനുവരി 13 ന് നാസയുടെ ജയിംസ് വെബ് ടെലിസ്കോപ് ഒരു പുറം ഗ്രഹം അഥവാ എക്സോ പ്ലാനറ്റിനെ കണ്ടെത്തി. എൽ.എച്ച്.എസ്. 475 എന്നാണ് ഗ്രഹത്തിന്‍റെ പേര്. ഭൂമിയിൽ നിന്ന് 41 പ്രകാശവർഷം അകലെയാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്.
പച്ചവാൽ നക്ഷത്രം എന്നറിയപ്പെടുന്ന C/2022 E3 വാൽ നക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്ത സഞ്ചാര പാതയിലൂടെ കടന്നു പോയതും 2023 ഫെബ്രുവരി 1 നായിരുന്നു. അമേരിക്കയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റിയിലുള്ള വൈഡ് ഫീൽഡ് സർവേ ക്യാമറ ഉപയോഗിച്ചാണ് നക്ഷത്രത്തെ കണ്ടെത്തിയത്.
സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹമുള്ള ഗ്രഹം ശനിയിൽ നിന്ന് വ്യാഴം സ്വന്തമാക്കിയതും 2023 ൽ തന്നെ. ഫെബ്രുവരിയിൽ സ്മിത്സോണിയൻ ആസ്ട്രോ ഫിസിക്കൽ ഒബ്സർവേറ്ററിയിലെ ശാസ്ത്രഞ്ജർ വ്യാഴത്തിന് ചുറ്റും 12 ഉപഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതോടെ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളിലേക്ക് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജ്യൂസ് പേടകവും ഏപ്രിൽ 14 ന് വിക്ഷേപിച്ചു.
2023 ൽ ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിച്ചവരെ കൂടി പരിചയപ്പെടാം. നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് രണ്ടിനുള്ള ദൗത്യ സംഘത്തെ ഏപ്രിൽ 3 ന് പ്രഖ്യാപിച്ചിരുന്നു. ആദ്യമായി ചാന്ദ്ര ദൗത്യത്തിൽ ഉൾപ്പെടുന്ന ആദ്യ ആഫ്രോ- അമേരിക്ക വംശജയെന്ന നേട്ടം വിക്ടർ ഗ്ലോവർ സ്വന്തമാക്കി. അറബ് ലോകത്ത് നിന്നെത്തി ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി എന്ന നേട്ടം യു.എ.ഇയുടെ സുൽത്താൻ അൽ നെയ്ദി ഏപ്രിൽ 29 ന് സ്വന്തമാക്കി. യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി കൂടിയാണ് അൽ നെയ്ദി. മെയ് 22 ന് അറബ് ലോകത്ത് നിന്ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വനിതയെന്ന നേട്ടം സൗദി അറേബ്യയുടെ റയ്യാന ബർനാവി കരസ്ഥമാക്കി. സ്താനാർബുദ ഗവേഷക കൂടിയാണ് 33 കാരിയായ ബർനാവി. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ആദ്യ പാക് വനിതയായി ചരിത്രം കുറിച്ചത് നമിറ സലിമായിരുന്നു. ഒക്ടോബർ ആറിനായിരുന്നു നമിറയുടെ ബഹിരാകാര യാത്ര.
Technological and Scientific developments in 2023