സോളര്‍ പീഡനക്കേസിലെ സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തുടങ്ങിവച്ച ചര്‍ച്ചകള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പഴയൊരു വിവാദകാലത്തിന്റെ അറിയാക്കഥകളിലേക്കുള്ള തിരിച്ചുപോക്കായി വളരുകയാണ്. അന്നുമുതലേ ചിത്രത്തിലുള്ളവരും ഇല്ലാത്തവരും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുമെല്ലാം വീണ്ടും വാദങ്ങളുമായി രംഗത്തെത്തുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതി ഇല്ലാക്കഥയായിരുന്നു എന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ കോടതി അംഗീകരിക്കുകകൂടി ചെയ്തതോടെ പിന്നിലിരുന്ന് ചരടുവലിച്ചത് ആരെന്ന ചോദ്യം നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയായി വരെ വളര്‍ന്നു. സഭാതലത്തിലുയര്‍ന്ന ചോദ്യങ്ങളുടെ വലിയ തുടര്‍ച്ചകളുണ്ടായ ദിവസമായിരുന്നു ഇന്ന്. അതില്‍ പ്രധാനം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും മാധ്യമങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്ന ദല്ലാള്‍ നന്ദകുമാറിന്റെ വാര്‍ത്താസമ്മേളനം തന്നെയാണ്. പരാതിക്കാരിക്ക് പണം നല്‍കി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിയ കത്ത് സ്വന്തമാക്കി ഈ കേസിലേക്ക് പ്രവേശിച്ച ദല്ലാള്‍ നന്ദകുമാര്‍. കേസില്‍ തന്റെ ഇടപെടല്‍ വിശദീകരിച്ച നന്ദകുമാറിന്റെ വാക്കുകള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ അലോസരപ്പെടുത്തുന്നതായിരുന്നു വിഡിയോ കാണാം.