അന്ന് പതിവുപോലെ വെളുപ്പിന് 3.30ന് ഗാന്ധിജി ഉണര്‍ന്നു. പ്രാര്‍ഥിച്ചു. മനു ബാപ്പുവിന് തേനും നാരങ്ങനീരും ചേര്‍ത്ത ചൂടുവെള്ളം നല്‍കി. ബാപ്പു മനുവിനോട് പറഞ്ഞു " ഏറ്റവുമടുത്ത സഹചാരികളില്‍ പോലും എന്‍റെ സ്വാധീനം കുറയുന്നതു പോലെ തോന്നുന്നു" . പെഴ്സണല്‍ സെക്രട്ടറി വി കല്യാണം ഫയലുകളും കത്തുകളും കൊണ്ടു വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുനസംഘടന സംബന്ധിച്ച രേഖയില്‍ ഗാന്ധിജി ഇങ്ങനെ കുറിച്ചിരുന്നു. "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചു വിടാനും ലോക് സേവക് സംഘം എന്ന പുതിയ സംഘടനയ്ക്കു രൂപം നല്‍കാനും തീരുമാനിക്കണം" രേഖ വായിക്കാതെ സെക്രട്ടറി പ്യേരേലാലിനെ ഏല്‍പ്പിച്ചു. തിരക്കുള്ള ദിവസം തുടങ്ങി. സന്ദര്‍ശനങ്ങള്‍. അഭിമുഖങ്ങള്‍. കത്തെഴുത്തുകള്‍. ഉച്ചതിരിഞ്ഞ് നാലു മണിക്ക് സര്‍ദാര്‍ പട്ടേല്‍ സന്ദര്‍ശിക്കാനെത്തി. മകള്‍ മണിബെന്‍ പട്ടേല്‍ ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു പട്ടേലിന് പറയാനുണ്ടായിരുന്നത്. നൂല്‍നൂറ്റുകൊണ്ട് പട്ടേലുമായി സംസാരിച്ചിരുന്നു. പ്രാര്‍ഥനയ്ക്കുള്ള സമയം വൈകിയെന്ന് ആഭയും മനുവും സൂചിപ്പിച്ചു.പ്രാര്‍ഥനയ്ക്കിറങ്ങുമ്പോള്‍ കാണാന്‍ കാത്തു നിന്നവരെ നോക്കി ഗാന്ധിജി പറഞ്ഞു. കണ്ടില്ലേ. ഇവരെന്നെ പിടിച്ചു കൊണ്ടു പോകുന്നു. മടിയന്‍ വിദ്യാര്‍ഥിയെപ്പോലെ ഇനിയിപ്പോള്‍ വൈകി. യോഗം കഴിഞ്ഞ് തിരിച്ചു വന്നാല്‍ നിങ്ങളുടെ പ്രശ്നം കഴിഞ്ഞു മാത്രം ബാക്കി കാര്യങ്ങള്‍. പക്ഷേ ബാപ്പു പ്രാര്‍ഥന കഴിഞ്ഞു തിരികെ വന്നില്ല. അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതുമില്ല. ഗാന്ധിയെ തന്നെ പ്രശ്നമായി കണ്ട ചിലര്‍ ജനക്കൂട്ടത്തില്‍ കാത്തു നില്‍പ്പായിരുന്നു.

ആയിരത്തിലേറെ വരുന്ന ജനക്കൂട്ടത്തിനിടയില്‍ അവര്‍ ഉണ്ടായിരുന്നു. ഗോഡ്സെ പ്രാര്‍ഥനാ വഴിയില്‍ വിലങ്ങനെ നിന്നു. മാറിനില്‍ക്കാന്‍ പറഞ്ഞ മനുവിന്‍റെ കൈതട്ടി മാറ്റി. ഗാന്ധിയെ നോക്കി നമസ്തേ പറഞ്ഞു. ശേഷം വന്ന കാര്യം പൂര്‍ത്തിയാക്കി. ഹിന്ദു രാഷ്ട്ര എന്ന മറാത്തി പത്രത്തിന്‍റെ എഡിറ്ററായിരുന്നു നാഥുറാം ഗോഡ്സേ . പൂന സ്വദേശിയായ ചിത്്പവന്‍ ബ്രാഹ്മണ്‍. പോസ്റ്റല്‍ വകുപ്പില്‍ ജീവനക്കാരനായ അച്ഛന്‍റെ മകന്‍. കുടുംബത്തില്‍ ആണ്‍മക്കള്‍ വാഴില്ല എന്ന വിശ്വാസം കാരണം മൂക്കുത്തിയിട്ടാണ്  പെണ്‍കുട്ടിയെപ്പോലെയാണ് വീട്ടുകാര്‍ നാഥുറാമിനെ വളര്‍ത്തിയത്. ലളിത ജീവിതം. കാപ്പി പ്രിയം അല്ലാതെ മറ്റു താല്‍പര്യമൊന്നുമില്ല. ഇംഗ്ലീഷില്‍ തോറ്റതു കാരണം മെട്രികുലേഷന്‍ പൂര്‍ത്തിയാക്കിയില്ല. രക്തം കണ്ടാല്‍ തലകറങ്ങുന്ന സ്വഭാവമുണ്ടായിരുന്നു അന്തര്‍മുഖനായ ഗോഡ്സെക്ക്. ഡിറ്റക്ടീവ് നോവലും സിനിമയും ഇഷ്ടമായിരുന്നു. അവിവാഹിതന്‍. ഗാന്ധിയില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ഒരു കാലമുണ്ടായിരുന്നു ഗോഡ്സേക്ക്. 1929ല്‍ അച്ഛന് രത്നഗിരിയിക്ക് ട്രാന്‍സ്ഫര്‍ കിട്ടുമ്പോള്‍ നാഥുറാമിന് വയസ്സ് 19. അവിടെയാണ് ജീവിത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. കാലാപ്പാനിയില്‍ നിന്ന് മാപ്പെഴുതി രത്നഗിരിയില്‍ വീട്ടുതടങ്കലിലാണ് സവര്‍ക്കര്‍ അന്ന്. സവര്‍ക്കര്‍ക്ക് വയസ്സ് 46. സവര്‍ക്കറുമായി രത്നഗിരിയില്‍ നടന്ന കൂടിക്കാഴ്ച ഗോഡ്സെയുടെ ജീവിതം മാറ്റിമറിച്ചു. സവര്‍ക്കറുടെ സന്തത സഹചാരിയായി ഗോഡ്സെ. പത്രം തുടങ്ങാന്‍ സഹായിച്ചതും എല്ലാ പിന്തുണയും നല്‍കിയതും സവര്‍ക്കര്‍ ആയിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന ഗോഡ്്സെ പിന്നീട് സവര്‍ക്കറുടെ ഹിന്ദു മഹാസഭയില്‍ സജീവമായി.  ഗാന്ധി വധത്തില്‍ നാഥുറാമിന്‍റെ മുഖ്യ കൂട്ടാളി നാരായണ്‍ ആപ്തേക്ക് പക്ഷേ ഗോഡ്സെയില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവ പ്രകൃതമായിരുന്നു. ഹിന്ദു രാഷ്ട്രയുടെ പബ്ളിഷറായിരുന്ന ആപ്തേ  ഭക്ഷണപ്രിയനായിരുന്നു. നന്നായി മദ്യപിക്കും. വിവാഹിതന്‍. വിവാഹത്തിനു പുറത്തും സ്ത്രീകളുമായി അടുത്ത ബന്ധം .  ജിന്നയെ സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശന വേളയില്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഹൈദരാബാദില്‍ അട്ടിമറി നടത്താനും ആസൂത്രണം നടത്തിയ സംഘത്തില്‍ ആപ്തെയുണ്ടായിരുന്നു. 44ല്‍ ഗാന്ധി പൂനക്കടുത്ത് പഞ്ചാഗ്നിയില്‍ വന്നപ്പോള്‍ ആപ്തെ ആളെക്കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

എന്തിനാണിവര്‍ ഗാന്ധിയെ കൊല്ലാന്‍ തീരുമാനിച്ചത്? ഗാന്ധിയുടെ രാഷ്ട്രീയവും മനുഷ്യസ്നേഹവും തന്നെയാണ് കാരണം. മതത്തിന്‍റെ പേരില്‍ തീവ്രവാദം കളിക്കുന്നവര്‍ക്ക് ഗാന്ധിജി എന്നും കണ്ണിലെ കരടായിരുന്നു.  നൗഖാലിയില്‍ 1947ല്‍ ഗാന്ധിയെത്തിയപ്പോള്‍ എതിര്‍പ്പുമായെത്തിയത് ചില മുസ്ലിം സമുദായാംഗങ്ങളായിരുന്നു.   ഹിന്ദുക്കളുടെ സംരക്ഷകനായാണ് ഗാന്ധിയെ അവര്‍ കണ്ടത് വിഭജനം അംഗീകരിക്കൂ..മടങ്ങി പോകൂ എന്ന് അവര്‍ പറഞ്ഞു. പിന്നീട് ആഗസ്റ്റ് 13 ന് ഗാന്ധിജി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ വഴി തടഞ്ഞത് ഹിന്ദു വിഭാഗത്തിലെ ചിലരായിരുന്നു. തിരിച്ചു പോയി ഹിന്ദുക്കളെ രക്ഷിക്കൂ. മുസ്ലിംങ്ങളെയല്ല രക്ഷിക്കേണ്ടത് എന്ന് ജനക്കൂട്ടം പറഞ്ഞു. ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാല്‍ ഇവിടെ വര്‍ഗീയ യുദ്ധം ഉണ്ടാകുമെന്നും അതില്‍ ശക്തരായ മുസ്ലിങ്ങള്‍ക്കു മുന്നില്‍ ഹിന്ദുക്കള്‍ തോറ്റു പോകുമെന്നും ഹിന്ദുത്വവാദികള്‍ ചിന്തിച്ചിരുന്നു. ഗാന്ധിയുടെ അഹിംസ ഹിന്ദുക്കളെ കൂടുതല്‍ ദുര്‍ബലരാക്കുമെന്നും അവര്‍ പറഞ്ഞു. ബുദ്ധമതം ഇല്ലാതായത് അഹിംസ കാരണമെന്ന് സവര്‍ക്കര്‍ ചൂണ്ടിക്കാട്ടി. 1911നാണ് ഹിന്ദു മഹാസഭ തുടങ്ങിയത്. ഹിന്ദു മുസ്ലിം ഐക്യം ആയിരുന്നു ആദ്യകാലത്ത് സംഘടനയുടെ ലക്ഷ്യങ്ങളിലൊന്ന് .ആര്‍ എസ് എസും  ഹിന്ദു മഹാസഭയും ഒരു കാലത്ത് അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ആര്‍ എസ് എസിന്‍റെ തുടക്കത്തിലും വളര്‍ച്ചയിലും ഹിന്ദുമഹാസഭാ നേതാക്കളുടെ സഹായമുണ്ടായിരുന്നു. നിലപാടിലും സമാനതകളുണ്ടായിരുന്നു. ഹിന്ദു താല്‍പര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാരെ എതിര്‍ക്കണ്ട എന്നായിരുന്നു  നിലപാട്. ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയിലും സര്‍വാദരണീയനായിരുന്നു. ഗാന്ധി മുസ്ലിം പക്ഷപാതി ആണെന്ന് കരുതിയ തീവ്രവിഭാഗം രാഷ്ട്രീയത്തില്‍ മാത്രമല്ല നാട്ടുരാജാക്കന്‍മാര്‍ക്കിടയിലുമുണ്ടായിരുന്നു. 37–47 കാലത്ത് ഹിന്ദു ദേശീയത നാട്ടുരാജ്യങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നി. ഗാന്ധി ഇതിനെ എതിര്‍ത്തു. സ്വതന്ത്ര ഇന്ത്യ ജനങ്ങളുടേതാണ്. രാജാക്കന്‍മാരുടേതല്ല. അദ്ദേഹം പറഞ്ഞു. രാജാക്കന്‍മാര്‍ക്ക് േവണമെങ്കില്‍ ജനസേവകരായി നില്‍ക്കാം. നാട്ടുരാജാക്കന്‍മാര്‍ ജനാധിപത്യത്തിന് വഴങ്ങണം എന്നു പറഞ്ഞ ഗാന്ധിക്ക് ബ്രാഹ്മണ ശാപം ഉണ്ടാകുമെന്നാണ് ആള്‍വാര്‍ രാജ്യത്തെ പ്രധാനമന്ത്രി  നാരായണ്‍ ഭാസ്കര്‍ ഖറേ  പറഞ്ഞത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അവകാശികള്‍ എന്നായിരുന്നു ഹിന്ദുമഹാ സഭയുടെ വാദം. 1937ലെ ഇലക്ഷന്‍ പരാജയത്തെത്തുടര്‍ന്ന് ഹിന്ദുമഹാ സഭ കുറുക്കുവഴികള്‍ വഴി അധികാരത്തിലെത്താന്‍ ആഗ്രഹിച്ചു. 

ഇന്ത്യയുടെ വിഭജനം വര്‍ഗീയ ശക്തികള്‍ വളരാന്‍ അനുകൂല സാഹചര്യമായി കണ്ടു. പാക്കിസ്ഥാനായി മാറിയ ദേശങ്ങളില്‍ നിന്ന് വേരറ്റു വന്ന ഹിന്ദുക്കള്‍ക്ക് പറയാനുണ്ടായിരുന്നത് അവര്‍ നേരിട്ട ക്രൂരതകളുടെ ദാരുണാനുഭവങ്ങളായിരുന്നു. മുസ്ലിം വിരോധം കത്തിക്കാന്‍ ഇത് ധാരാളമായിരുന്നു. 1947 നവംബറില്‍ പാനിപ്പറ്റില്‍ എത്തിയ ഗാന്ധിയെ അക്രമിക്കൂട്ടം വളഞ്ഞു. പോ..പോയി മുസ്ലിങ്ങളെ സംരക്ഷിക്ക് .. താങ്കളുടെ ഭാര്യയെ അല്ലല്ലോ ബലാല്‍സംഗം ചെയ്തത്. താങ്കളുടെ കുട്ടിയെ അല്ലല്ലോ വെട്ടി നുറുക്കിയത്. അവര്‍ ചോദിച്ചു. ഗാന്ധി പറഞ്ഞു. അതെ എന്‍റെ വീട്ടിലെ സ്ത്രീകളാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. എന്‍റെ മക്കളാണ് കൊല്ലപ്പെട്ടത്. നിങ്ങളുടെ വനിതകള്‍ എന്‍റെയും സ്വന്തക്കാരാണ്. നിങ്ങളുടെ കുട്ടികള്‍ എന്റേയുമാണ്. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ നിന്ന ഹൈദരാബാദ് നിസാമിന്‍റെ നിലപാടും തീവ്ര നിലപാടുകാരെ പ്രകോപിതരാക്കി. ഗാന്ധിയുടെ മുസ്ലിം സൗഹൃദം തുടര്‍ന്നാല്‍ ഇന്ത്യക്കകത്തൊരു മുസ്ലിം രാജ്യത്തിന് വഴങ്ങേണ്ടി വരുമെന്ന് പ്രചാരണം തുടങ്ങി. കലുഷിതമായ ഈ അന്തരീക്ഷത്തിലാണ് പാക്കിസ്ഥാന് കൊടുക്കേണ്ട 55 കോടിയുടെ പ്രശ്നം ഉയര്‍ന്നു വരുന്നത്. വിഭജനത്തെത്തുടര്‍ന്നുള്ള വീതം വയ്പ്പില്‍ പാക്കിസ്ഥാന് ഇന്ത്യ 55 കോടി നല്‍കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കശ്മീരില്‍ ചതി പ്രയോഗത്തിലൂടെ യുദ്ധം നടത്തിയ പാക്കിസ്ഥാന് പണം കൊടുക്കരുത് എന്നൊരു വാദം രാജ്യത്ത് ശക്തമായി. തല്‍ക്കാലം ആ പണം കൊടുക്കേണ്ടന്ന് മന്ത്രിസഭ തീരുമാനമെടുത്തു. മന്ത്രിസഭ ഏകകണ്ഠമായെടുത്ത ഈ നിലപാടിനെ എതിര്‍ക്കാന്‍ ഗാന്ധി തീരുമാനിച്ചു. 1948 ജനുവരി 13ന് രാവിലെ 11ന് ഗാന്ധിജി ഉപവാസം ആരംഭിച്ചു. ഗാന്ധിജിയുടെ ജീവിത്തിലെ അവസാനത്തെ ഉപവാസം. അദ്ദേഹം പറഞ്ഞു. "പാക്കിസ്ഥാന്‍ അനാവശ്യമായാണ് നമ്മളെ കശ്മീര്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. നാമാണെങ്കില്‍ അഭയാര്‍ഥി പ്രശ്നത്തില്‍ ബുദ്ധിമുട്ടി നില്‍ക്കുന്ന സമയവും. എങ്കിലും നാം തെറ്റു ചെയ്യരുത്. അവര്‍ക്കു നല്‍കാനുള്ള സംഖ്യ ഏതു ദുരന്ത സാഹചര്യത്തിലും കൊടുത്തു തീര്‍ക്കുക തന്നെ വേണം. അങ്ങനെ ചെയ്യാതിരിക്കുന്നത് നെറികേടാണ് " . 78കാരനായ ഗാന്ധിയുടെ നിരാഹാര സമരം രാജ്യത്തെ ഞെട്ടിച്ചു. പിന്‍മാറാന്‍ നടത്തിയ അഭ്യര്‍ഥനകളൊന്നും ഫലിച്ചില്ല. നെഹ്റുവും പട്ടേലുമടക്കം പ്രധാനനേതാക്കളെല്ലാം ബിര്‍ല ഹൗസിലായിരുന്നു. അവിടെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം പാക്കിസ്ഥാന് കൊടുക്കാനുള്ള 55 കോടി കൊടുക്കാന്‍ തീരുമാനിച്ചു. അല്ലാതെ ബാപ്പുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേറെ വഴിയില്ലായിരുന്നു. ഗാന്ധി ഉപവാസം പിന്‍വലിച്ചു.ഗാന്ധിവധത്തിലേക്ക് നയിച്ച ഏറ്റവും ഒടുവിലത്തെ പ്രകോപനം ഇതായിരുന്നു. രാജ്യത്തെ പാക്കിസ്ഥാന് ഗാന്ധി തീറെഴുതി എന്ന് ഗാന്ധിവധത്തിന്‍റെ ഗൂഢാലോചകര്‍ മനസിലുറപ്പിച്ച ദിവസം. ഗാന്ധി ഇനിയും ജീവിച്ചിരുന്നാല്‍ അപകടമാണെന്ന് ഭീകരവാദികള്‍ തീരുമാനമെടുത്ത നിമിഷം. പിന്നെ അത് നടപ്പാക്കാനുള്ള പണികള്‍ തുടങ്ങി. നാഥുറാം ഗോഡ്്സെയും നാരായണ്‍ ആപ്തേയും മാത്രമായിരുന്നില്ല അതിനു പിന്നില്‍.

മദന്‍ലാല്‍ പാഹ്്വ– പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ഥി. കണ്‍മുന്നില്‍ ഒരുപാട് ക്രൂരതകള്‍ കണ്ട യുവാവ്. അഭയാര്‍ഥികള്‍ക്കായി ഫണ്ട് ശേഖരണവും പ്രവര്‍ത്തനവും നടത്തി.  വിഷ്ണു കര്‍ക്കറെ അഹമ്മദബാദ് സ്വദേശി. ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരന്‍. ഗാന്ധിക്കെതിരെ പ്രതിഷേധിക്കാന്‍ നവഖാലിയില്‍ പോയ പരിചയം. ദിഗംബര്‍ ബാഡ്ജേ കൊല, ബാങ്കു കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്ക് 17 വര്‍ഷത്തിനിടെ 37 തവണ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ . ബുക് സ്റ്റോറും അതിന്‍റെ മറവില്‍ ആയുധ വില്‍പനയും. ജനുവരി 20 നാണ് ഗാന്ധി വധം ആദ്യം തീരുമാനിച്ചത്. ജനുവരി 19ന് നാഥുറാം ഗോഡ്സെയും ആപ്തെയും ബിര്‍ള മന്ദിറില്‍ എത്തി  പരിശോധന നടത്തി.  20ന് രാവിലെ ആപ്തെയും ബാഡ്ജെയും വീണ്ടുമെത്തി പരിശോധിച്ചു.  പ്രാര്‍ഥനാ സ്ഥലത്തിനടുത്ത് ബോംബ് പൊട്ടിച്ച് പരിഭ്രാന്തി പരത്തുക. പലയിടങ്ങളില്‍ നിന്ന് വെടിവച്ച് ഗാന്ധിയെ കൊല്ലുക. ഇതായിരുന്നു പദ്ധതി.മദന്‍ലാല്‍ –പ്രാര്‍ഥന സ്ഥലത്തിനടുത്ത് ബോംബ് പൊട്ടിക്കും ബാഡ്ജെ– പിന്നിലെ മുറിയില്‍ നിന്ന് ഗ്രനേഡ് എറിയും,  വെടിവയ്ക്കുംകര്‍ക്കറെ–മുന്നില്‍ നിന്ന് ഗ്രനേഡ് എറിയും. നാഥുറാം, ആപ്തെ– ഇവരാകും സിഗ്നല്‍ നല്‍കലും നിയന്ത്രണവും. പിന്നിലെ മുറിയിലുള്ള ആളിന് 10 രൂപ കൊടുത്ത് തൊഴിലാളി ക്വാര്‍ട്ടേഴ്സില്‍ കയറി. മുറിയിലെ ആള്‍ ഒറ്റക്കണ്ണന്‍ ആയത് ദുഃശകുനം ആണെന്ന് പറഞ്ഞ് ബാഡ്ജെ കൃത്യത്തിന് വിസമ്മതിച്ചു. ഗോപാല്‍ ആ കൃത്യം ഏറ്റെടുത്തു. ബാഡ്ജെയോട് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഗാന്ധിയെ വെടിവയ്ക്കാന്‍ പറഞ്ഞു. എന്നാല്‍ പിന്നിലെ മുറിയിലെ ജനാലയ്ക്ക് ഉയരം കൂടുതലായിരുന്നു. ചാര്‍പോയ് വലിച്ചിട്ട് ഗോപാല്‍ ഗോഡ്സെ അതില്‍ കയറി. എന്നിട്ടും കൃത്യം ഉന്നം കിട്ടിയില്ല. 

മദന്‍ ലാല്‍ കൃത്യമായി ബോംബ് പൊട്ടിച്ചു. പ്രതീക്ഷിച്ച പോലെ ആള്‍ക്കൂട്ടം പേടിച്ചു. എന്നാല്‍ ഗ്രില്ല് ഭാഗത്ത് നിന്ന് തോക്കു വരുന്നത് കാണാതെ കര്‍ക്കറെ പരിഭ്രമിച്ചു. ഗോപാല്‍ ഗോഡ്സെ പിന്‍മുറിയില്‍ നിന്നുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു. ആകെ ഭയന്നു പോയ കര്‍ക്കറെ ബാഡ്ജെയെ തിരഞ്ഞു. ബാഡ്ജെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വലിഞ്ഞു.  കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ മദന്‍ലാലിനെ കണ്ട് അലറിവിളിച്ചു. പോലീസെത്തി പിടികൂടി. കടുത്ത മൈഗ്രേനായിരുന്നു ഗോഡ്സേക്ക് അന്ന്. ശ്രമം പാളിയതിനെത്തുടര്‍ന്ന് കൊലയാളി സംഘം മടങ്ങി. ഗോപാലിനോട് പൂനൈയ്ക്ക മടങ്ങാന്‍ നാഥുറാം നിര്‍ദേശിച്ചു. ആപ്തെയ്ക്കൊപ്പം നാഥുറാം ഡല്‍ഹിയില്‍ തങ്ങി. ബാഡ്ജെ തിരികെ പൂനെയ്ക്ക് പോയി. ഈ വധശ്രമത്തിന്‍റെ അന്വേഷണം കാര്യമായി നടത്തിയിരുന്നു എങ്കില്‍ പത്തു ദിവസത്തിനപ്പുറം നടന്ന ഗാന്ധിവധം ഒഴിവാക്കാമായിരുന്നു. മദന്‍ലാലില്‍ നിന്ന് മൂന്നാംമുറ ഉപയോഗിച്ച് പൊലീസ് ചില വിവരങ്ങള്‍ പുറത്തെടുത്തു. കൂട്ടാളികള്‍ക്ക് രക്ഷപ്പെടാന്‍ സമയം കൊടുക്കാന്‍ വേണ്ടി സമയമെടുത്താണ് അയാള്‍ മറുപടി നല്‍കിയത്. ഡല്‍ഹി പൊലീസ് രണ്ട് ഉദ്യോഗസ്ഥരെ മുംബൈയ്ക്ക് അയച്ചു. എന്നാല്‍ അവര്‍ മദല്‍ലാലിന്‍റെ സ്റ്റേറ്റ്മെന്‍റിന്‍റെ കോപ്പി പോലും എടുക്കാതെയാണ്  അവര്‍ പോയത്. ഗോഡ്സെയുടെ പത്രത്തിന്‍റെയും കര്‍ക്കറെയുടെയും സൂചനകള്‍ അതിലായിരുന്നു. മുംബൈ പൊലീസുംഡല്‍ഹി പൊലീസും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. തിരിച്ച് ഡല്‍ഹിയിലെത്തിയ പൊലീസ് ഹിന്ദു രാഷ്ട്ര എഡിറ്ററെ സൂക്ഷിക്കണം എന്ന് മുംബൈ പൊലീസിനെ അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് പിന്നീട് ഡയറിയില്‍ എഴുതിച്ചേര്‍ത്തതായിരുന്നു.  

മൊറാര്‍ജി ദേശായി ആയിരുന്നു മുംബൈ ആഭ്യന്തര മന്ത്രി. കര്‍ക്കറയുടെ ഹോട്ടല്‍ മാനേജറുടെ പക്കല്‍ നിന്ന് ആയുധം കണ്ടെത്തിയ സമയത്ത് തന്നെ കര്‍ക്കറയെ അറസ്റ്റ് ചെയ്യാന്‍ ദേശായി ആവശ്യപ്പെട്ടിരുന്നു. 7 ദിവസം കഴിഞ്ഞാണ് ആ ഉത്തരവ് അഹമ്മദ്നഗറില്‍ എത്തിയത്.  ജനുവരി 24നാണ് വാറന്‍റ് ഇറക്കിയത്. സവര്‍ക്കറെ അറസ്റ്റ് ചെയ്യാന്‍  അനുമതി ചോദിച്ചു. ആര്‍ യു മാഡ് എന്നാണ് മൊറാര്‍ജി ദേശായി തിരിച്ചു ചോദിച്ചത്. വി.എച്ച്. റാണ എന്ന പൂണ പൊലീസ് ഓഫിസറും വലിയ വീഴ്ച വരുത്തി. ഹിന്ദു രാഷ്ട്രക്കെതിരെ മുന്‍പ് നടപടിയെടുത്തിട്ടുള്ള റാണ പക്ഷേ ഡല്‍ഹി പൊലീസിന്‍റെ അറിയിപ്പ് കിട്ടിയിട്ടും ആ പത്രത്തിന്‍റെ എഡിറ്ററെ പിടികൂടാന്‍ നോക്കിയില്ല. അക്രമികള്‍ വീണ്ടും അത് ചെയ്യില്ല എന്ന തോന്നലായിരുന്നു റാണക്ക്. പൊലീസ് ഓഫിസര്‍  ഗാന്ധിയെ കണ്ട് അക്രമി ഒറ്റക്കല്ലെന്നും ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. സുരക്ഷ പാടില്ലെന്ന് ഗാന്ധി വാശിപിടിച്ചു. എന്‍റെ ജീവന്‍ ദൈവത്തിന്‍റെ കയ്യിലാണ്. പ്രാര്‍ഥനയ്ക്ക് എത്തുന്നവരെ പരിശോധിച്ചാല്‍ ഡല്‍ഹി വിടുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി.  മദന്‍ലാലിനെ വിട്ടയക്കാന്‍ ഗാന്ധി ആവശ്യപ്പെട്ടു. നേരത്തേ ആളുകൂടിയതുകൊണ്ടാണ് ശ്രമം പരാജയപ്പെട്ടതെന്ന് വിലയിരുത്തിയ ഗോഡ്സെയും ആപ്തെയും ഇത്തവണ പ്ലാന്‍ മാറ്റി. ഇത്തവണ ഒറ്റയാള്‍ മതി. നാഥുറാം ആ ചുമതല സ്വയം ഏറ്റെടുത്തു. സഹായിയായി ആപ്തെ. കര്‍ക്കറെയോട് ഡല്‍ഹിക്ക് വരാന്‍ പറഞ്ഞു. നാഥുറാമും ആപ്തെയും വീണ്ടും ഡല്‍ഹിക്ക് വിമാനം കയറി. പൈസ സംഘടിപ്പിച്ചു. പക്ഷേ തോക്കില്ല.  തോക്ക് വാങ്ങാന്‍ ഇരുവരും ഗ്വോളിയാറില്‍ പോയി. ഹോമിയോ ഡോക്ടര്‍ ദത്താത്രേയ പര്‍ച്ചുരെ തോക്കു കൊടുത്തു. ഇറ്റാലിയന്‍ നിര്‍മിതം. മൂവരും ഡല്‍ഹിയില്‍ ഒഴിഞ്ഞ സ്ഥലത്തെത്തി വെടിവയ്പ്പ് പരിശീലിച്ചു. പൂണെ പൊലീസിലെ വി.എച്ച് . റാണ കൊലയാളികളെ മനസിലാക്കി. മദന്‍ലാലിന്‍റെ ആദ്യ  സ്റ്റേറ്റ്മെന്‍റ് വന്ന് 9 ദിവസത്തിന് ശേഷം. പൂര്‍ണ സ്റ്റേറ്റ്മെന്‍റ് വന്ന് 4 ദിവസം കഴിഞ്ഞ്. പക്ഷേ, അക്രമികളുടെ ചിത്രങ്ങള്‍ ഡല്‍ഹിക്ക് അയച്ചു കൊടുത്തിരുന്നില്ല. ബിര്‍ള മന്ദിറിലെ ഗേറ്റിലും എത്തിച്ചില്ല. റയില്‍വേ സ്റ്റേഷന്‍ റസ്റ്റ് റൂമിലായിരുന്നു പ്രതികള്‍ താമസിച്ചത്. തലേന്ന് രാത്രി പോയി വെജിറ്റേറിയന്‍ സദ്യ കഴിച്ചു. നാഥുറാം സന്തോഷത്തിലായിരുന്നു. രാത്രി അയാള്‍ കുറ്റാന്വേഷണ നോവല്‍ വായിച്ച് സുഖമായുറങ്ങി. ആപ്തെയും കര്‍ക്കറെയും സിനിമ കാണാന്‍ പോയി. രാവിലെയും കൊല്ലാന്‍ വ്യക്തമായ പ്ളാന്‍ ഉണ്ടായിരുന്നില്ല. ക്യാമറ ബോക്സ് വാങ്ങി അതില്‍ തോക്ക് ഒളിപ്പിച്ച് കടത്താം എന്നും ബുര്‍ഖ ധരിച്ച് പോകാം എന്നുമൊക്കെ ആലോചിച്ചു. അതൊക്കെ വാങ്ങുകയും ചെയ്തു. പിന്നീട് സൈനികരുടെ മാതിരി കാക്കി ഉടുപ്പ് ധരിച്ചു. നാഥുറാമിന് കപ്പലണ്ടി കഴിക്കാന്‍ തോന്നി. കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മറ്റുള്ളവര്‍ പറഞ്ഞെങ്കിലും അയാള്‍ വാശിപിടിച്ചു. കഷ്ടപ്പെട്ട് സംഘടിപ്പിച്ചു. ആപ്തെയും കര്‍ക്കറെയും ക്ഷേത്ര ദര്‍ശനം നടത്തി. ഗോഡ്സെക്ക് താല്‍പര്യമുണ്ടായില്ല. ബിര്‍ള ഹൗസില്‍ ചെക്കിങ് ഉണ്ടായില്ല. നാഥുറാം  ഗോഡ്സെ ആ ഭീകരകൃത്യം ചെയ്തു

കേസില്‍ 8 പ്രതികള്‍. നാഥുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ, വിഷ്ണു കര്‍ക്കറെ, മദല്‍ലാല്‍ പാവ, ദത്താത്രേയ പര്‍ച്ചുറെ, സവര്‍ക്കര്‍, ദിഗംബര്‍ ബാഡ്ജേ, ബാഡ്ജെയുെട വേലക്കാരന്‍. ബാഡ്ജെ മാപ്പുസാക്ഷി. ചെങ്കോട്ടയിലെ പ്രത്യേക കോടതില്‍  ജസ്റ്റിസ് ആത്മ ചരണ്‍  ഫെബ്രുവരി 10ന് വിധി പറഞ്ഞു.  ഗോഡ്സെയും ആപ്തെയെയും വധശിക്ഷയ്ക്ക് വിധിച്ചു. നാലു പേര്‍ക്ക് ജീവപര്യന്തം. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സവര്‍ക്കറെ വെറുതെ വിട്ടു. പര്‍ച്ചുറെ , ബാഡ്ജെയുടെ വേലക്കാരന്‍ എന്നിവര്‍ അപ്പീലില്‍ രക്ഷപ്പെട്ടു. ഗാന്ധിയുടെ രണ്ടു മക്കളും ശിഷ്യന്‍മാരും വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജി കൊടുത്തു. നിരസിക്കപ്പെട്ടു. 1949 നമ്പ. 15ന് അമ്പാല ജയിലില്‍ ഗോഡ്സെയെയും ആപ്തെയെയും തൂക്കിക്കൊന്നു. മരിക്കില്ലെന്നാണ് ആപ്തെ സ്വന്തം കൈനോക്കി പ്രവചിച്ചിരുന്നത്. വധശിക്ഷ ദിനം രാവിലെ ആപ്തെ തകര്‍ന്നുപോയി. അഖണ്ഡ ഹിന്ദുരാഷ്ട്രം ഉണ്ടായശേഷമേ തന്‍റെ ചിതാഭസ്മം ഒഴുക്കാവൂ എന്ന് ഗോഡ്സെ പറഞ്ഞിരുന്നു. മാപ്പുസാക്ഷിയായ  ബാഡ്ജെക്ക് പൊലീസ് മുംബൈയില്‍ താമസം ശരിയാക്കിക്കൊടുത്തു. 60കളുടെ അവസാനം ബാക്കിയുള്ളവര്‍ പുറത്തിറങ്ങി. മദന്‍ലാല്‍ മുംബൈയില്‍ കളിപ്പാട്ടക്കട തുടങ്ങി ജനുവരി 20നുള്ള ആക്രമണത്തിന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ നാഥുറാം ഗോഡ്സെ തന്‍റെ പേരിലെ രണ്ട് ഇന്‍ഷുറന്‍സുകള്‍ക്ക് അവകാശികളെ എഴുതി നല്‍കിയിരുന്നു. മൂവായിരം രൂപയുടേത് സഹോദരന്‍ ഗോപാല്‍ ഗോഡ്സെയുടെ ഭാര്യയുടെ പേരിലും രണ്ടായിരം രൂപയുടേത് നാരായണ്‍ ആപ്തെയുടെ ഭാര്യയുടെ പേരിലും. 

ഗാന്ധി വധക്കേസിലെ അന്വേഷണം മാത്രമല്ല, ഗാന്ധിയെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ അന്വേഷണവും അപൂര്‍ണമാണ്.  എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് ഗാന്ധി പറഞ്ഞിരുന്നു. ആ കൊലപാതകവും ഒരു സന്ദേശമാണ്.  മതഭീകരതയ്ക്ക്, രാഷ്ട്രപിതാവിനെ വരെ കൊല്ലാനുള്ള ക്രൂരത കൈമുതലായുണ്ടെന്ന സന്ദേശം. കൊന്നാലും തീരാത്ത മാഹാത്മ്യമാണ് ബാപ്പു എന്ന സന്ദേശം