TAGS

വായുവില്‍ പാറിവരുന്നൊരു പന്ത്. അതിനെ  ഇടനെഞ്ചില്‍ ഏറ്റുവാങ്ങി സെക്കന്‍റിന്‍റെ പകുതിസമയംകൊണ്ട് വലംകാലാല്‍ വലയിലെത്തിക്കുക. ഈ വാചകം പറഞ്ഞുതീരാനെടുക്കുന്ന സമയത്തിന്‍റെ നാലിലൊന്നുനേരം മതി  അവന് ഗോളടിച്ച് ആഘോഷം തുടങ്ങാന്‍.  കാല്‍പ്പന്തുകളിയിലെ ആ ഇന്ദ്രജാലക്കാരന് പെലെ എന്നുപേര്‍. കാറ്റുനിറച്ച ഒരു പന്ത് ലോകത്തെ കീഴടക്കാനുരുണ്ടുതുടങ്ങിയ കാലത്ത് കാറ്റടിക്കാന്‍ ഒരു തുകല്‍കഷ്ം പോലും കൈയിലില്ലാതിരുന്നവന്‍ പിന്നീട് സ്വര്‍ണപ്പന്തില്‍ മുത്തമിട്ട് അതിനെ ആകാശത്തേക്കുയര്‍ത്തിയ കഥയെ മാജിക് എന്നാണോ അതോ സ്വപ്നം എന്നാണോ വിളിക്കേണ്ടത്. അല്ല, എഡ്സണ്‍ എന്ന ആ കറുത്തവര്‍ഗക്കാരന് അത് സ്വപ്നസാക്ഷാത്കാരമായിരുന്നു. വര്‍ണവെറിയുടെയും വിവേചനത്തിന്‍റെയും ലോകത്തുനിന്ന് കാലില്‍ ഒട്ടിച്ചമാതിരിയൊരു പന്തുമായി ലോകത്തിനുനേരെ അവന്‍ പാഞ്ഞടുത്തു. ചിവിട്ടിവീഴ്ചത്താന്‍ പാടുപെട്ടവര്‍ക്ക് തോറ്റുനില്‍ക്കാനായിരുന്നു വിധി. ഉരുണ്ടുനീങ്ങുന്ന പന്തിന്‍റെ സമാന വേഗവും വഴക്കവും ആ പന്തുകളിക്കാരനുമുണ്ടായിരുന്നു. ഒരു സാംബാ താളം. അത് ആ കളിക്കാരന്‍റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന‌തായതിനാല്‍ അനുകരിക്കാനോ  അടക്കിനിര്‍ത്താനോ ഒരു പ്രതിരോധ നിരക്കും സാധിച്ചില്ല. എഡ്സണ്‍ അരാന്റെസ് ഡോ നാസിമെന്റോ അഥവാ കാല്‍പ്പന്ത് സാമ്രാജ്യത്തെ കിരീടം വച്ച ചക്രവര്‍ത്തി. വിഡിയോ കാണാം.