വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന് ശശി തരൂര്‍. ഹിന്ദി ഹൃദയഭൂമിയിലുള്‍പ്പടെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും അസമത്വവും മുന്‍പത്തെക്കാളുമേറെ രാജ്യത്ത് വര്‍ധിച്ചുവെന്നും രണ്ടുകോടി തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് തൊഴില്‍ രഹിതര്‍ വോട്ട് ചെയ്യുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. തക്കാളിയുടെ വിലക്കയറ്റം ബാധിക്കുന്നത് സാധാരണക്കാരന്‍റെ ജീവിതത്തെയാണ്. കോവിഡ് കാലത്ത് നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ജനജീവിതം മെച്ചപ്പെടുത്താനുള്ള നടപടികള്‍ മോദി സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുവശത്ത് സാധാരണക്കാരന് തൊഴില്‍ നഷ്ടമാവുകയും മറുവശത്ത് രണ്ടോ മൂന്നോ ശതകോടീശ്വരന്‍മാരുടെ വരുമാനത്തില്‍ മാത്രം വര്‍ധനവുണ്ടാവുകയുമാണെന്നും തരൂര്‍ പറഞ്ഞു