ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ ദുരൂഹതകളേറുകയാണ്. തട്ടിപ്പ് നടത്തിയെന്ന് പറയുന്ന അഖില്‍ സജീവന്‍ സംസ്ഥാനത്ത് പലയിടത്തും പലവകുപ്പുകളുടെ പേരിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അങ്ങനെയൊരാളെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. തന്‍റെ ജീവന് ഭീഷണിയെന്നും  ആരോപണങ്ങൾക്ക് പിന്നിൽ ചില അഭിഭാഷകരെന്നും അഖില്‍ സജീവന്‍ പറയുന്ന വിഡിയോ പക്ഷേ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ് അഖില്‍. അതിനിടെ, തട്ടിപ്പിനിരയായ ഹരിദാസന്‍ കുമ്മാളിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എട്ടുമണിക്കൂറിലേറെയാണ് മൊഴിയെടുപ്പ് നീണ്ടത്.. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത ഇതാണ്..  ആരോപണവിധേയനായ മന്ത്രിയുടെ സ്റ്റാഫ് അഖില്‍ മാത്യു ഏപ്രില്‍ 10, 11 തീയതികളില്‍ പത്തനംതിട്ടയിലായിരുന്നു എന്ന് തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.  പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരും എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ടോക്കിങ് പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. തട്ടിപ്പില്‍ തെളിയാനെന്തെല്ലാം?