അനുകരണ കലയില്‍ നിന്ന് സിനിമജീവിതം തുടങ്ങി അനേകരെ ചിരിപ്പിച്ച് കടന്നു പോകുന്ന സിനിമയുടെ, ചിരിയുടെ ഗോഡ് ഫാദറിന് വിട. സൃഷ്ടിച്ച കഥാപാത്രങ്ങള്‍ തലമുറകളിലൂടെ കടന്നുപോകുംപോലെ അമരത്വം നിറഞ്ഞ ആ ജീവിതത്തിന് കലാലോകം വിടചൊല്ലി. നിറകണ്ണുകളോടെ. ഇന്നലെ രാത്രി ഒന്‍പതേമുക്കാലോടെയാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സിദ്ധിഖിന്‍റെ വിയോഗവാര്‍ത്ത ലോകത്തെ അറിയിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെയായിരുന്നു അന്ത്യം. മലയാളികളുടെ സങ്കടങ്ങളിലും ഒറ്റപ്പെടലുകളിലും വേദനകളിലുമൊക്കെ ചിരിയിലൂടെ മൂഡ് മാറ്റിയ ആ വലിയ കലാകാരന് വിടചൊല്ലാന്‍ കലാലോകം ഒന്നടങ്കം കൊച്ചിയിലെത്തി. സിദ്ധിഖ്–ലാല്‍ എന്ന ആ കൂട്ടുകെട്ട് ജീവിതത്തിലും വേര്‍പിരിയേണ്ടി വന്നതിന്‍റെ സങ്കടക്കാഴ്ച. ഉറ്റ സുഹൃത്തിന്റെ മൃതദേഹത്തിന് അരികിൽ കണ്ണുനിറഞ്ഞു നിന്ന ലാൽ. ആ കൂട്ടുകെട്ടിൽ പിറന്ന ചിരിപടങ്ങൾ കണ്ട് മതി മറന്നു ചിരിച്ചവർക്ക് നൊമ്പരക്കാഴ്ചയായി ലാലിന്റെ ആ നിൽപ്പ്. വിഡിയോ കാണാം,