അരിക്കൊമ്പനെ പൂട്ടണം; കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദൗത്യം

അരിക്കൊമ്പന്‍ ഇടുക്കിക്കാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങളായി. അരിപ്രിയനാണ്. അരി കിട്ടാനായി എന്തും ചെയ്തുകളയുന്ന കൊമ്പന്‍. റേഷന്‍ കട തകര്‍ക്കും, വീടിന്‍റെ അടുക്കളവശത്തെത്തി ചുമര് തകര്‍ത്ത് അരി കട്ടെടുക്കും. ആളുകളെപേടിപ്പിക്കും. ആനയെ പേടിച്ച് ഉറങ്ങിയിട്ട് എത്രയോ നാളായി ഈ നാട്ടുകാര്‍. നാട്ടുകാരുടെ നിരന്തര ആവശ്യവും പ്രതിഷേധവും കനത്തപ്പോള്‍ ആണ് കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് ഉത്തരവിട്ടത്. അങ്ങനെ ആ ദൗത്യം ഇങ്ങെത്താറായി.  ആനയെ പിടിക്കാനുള്ള സമ്പൂർണ പദ്ധതി ഇക്കഴി‍ഞ്ഞ ചൊവ്വാഴ്ചയോടെയാണ് തയ്യാറായത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രയാസമേറിയ ദൗത്യത്തിനാണ് ഇടുക്കിയിൽ വനം വകുപ്പ് തയാറെടുക്കുന്നത്.

സർവ്വ സന്നാഹങ്ങളും സജ്ജമാക്കിയാണ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദൗത്യത്തിന് വനം വകുപ്പ് പദ്ധതി തയ്യാറാക്കിയത്. വനംവകുപ്പ് നിശ്ചയിച്ച 301 കോളനിക്ക് സമീപത്തുള്ള സ്ഥലത്താണ് അരിക്കൊമ്പന് നേരെ വെടി ഉതിർക്കുക. 25ന് പുലർച്ചെ ആന തമ്പടിച്ച സ്ഥലം നിരീക്ഷിച്ച ശേഷമാണ് ദൗത്യത്തിലേക്ക് കടക്കുക. 71 പേർ അടങ്ങുന്ന 11 സംഘങ്ങളാണ് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിലുള്ളത്. എന്നാൽ 25 ന് തന്നെ കൊമ്പനെ പിടിക്കാൻ കഴിയണമെന്നും ഇല്ല.