വിട്ടുവീഴ്ച ഉണ്ടാകുമോ?; തീരത്തെ സമാധാനം എത്ര അകലെ?

കറുത്ത ഞായര്‍. ഇരുപത്തിയേഴാം തീയതി അരങ്ങേറിയതോര്‍ക്കുമ്പോള്‍ അങ്ങനെ വിളിച്ചുപോകും ആ ദിനത്തെ. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടു. ഇരുപത്തിയാറാം തീയതി ശനിയാഴ്ച മുല്ലൂരില്‍ നടന്ന സമരത്തെ തുടര്‍ന്ന് അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തുന്നു. പിന്നെ എല്ലാം കൈവിട്ടുപോകുന്നു. വിഡിയോ കാണാം.

മൂവായിരം പേര്‍ക്കെതിരെയാണ് തുടര്‍ന്ന് പൊലീസ് കേസെടുത്തത്. മുല്ലൂരില്‍ ശനിയാഴ്ച നടന്ന സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത് ആര്‍ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ, സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസം ഉള്‍പ്പെടെയുള്വവര്‍ക്കെതിരെ കേസെടുത്തിരുന്നു. സര്‍ക്കാരും സഭയും രണ്ടുചേരിയായി നിന്ന് പരസ്പരം പോര്‍വിളിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടതോടെ അതുവരെ സമാധാനപരമായി മുന്നേറിയിരുന്ന സമരം വല്ലാത്ത പ്രതിസന്ധിയിലായി.  അദാനിയുടെ ഏജന്‍റുമാരാണ്  കല്ലെറിഞ്ഞതെന്ന് സഭയും സമരക്കാരും ഉറപ്പിച്ചു പറഞ്ഞു. സമരം പൊളിക്കുക എന്ന തീരുമാനം ചിലര്‍ തന്ത്രപൂര്‍വം നടപ്പാക്കുകയായിരുന്നെന്നും മനപ്പൂര്‍വം ഉണ്ടാക്കിയ സംഘര്‍ഷം എന്നും പ്രക്ഷോഭക്കാര്‍. എന്നാല്‍ സര്‍ക്കാരും ഇടതുപക്ഷവും ഈ ആക്രമണത്തെ തിരിച്ചടിക്കാനുള്ള ആയുധമാക്കി കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സെക്രട്ടറിയേറ്റ് . സമരക്കാരെ വിമര്‍ശിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള സെമിനാറില്‍ ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശം സമരത്തിന്‍റ ഗതിയെ മറ്റൊരു വഴിക്ക് കൊണ്ടുപോയി.