പാട്ടിന്‍റെ തിരുമലയിറക്കം

ചേര്‍ത്തലക്കാരന്‍  ശിവശങ്കരൻ നായര്‍ കോളജ് വിദ്യാഭ്യാസത്തിനു ശേഷം സിനിമാക്കമ്പം മൂത്ത് മദ്രാസിലേക്കു വണ്ടികയറി. സഹസംവിധായകനായി പതിയെ സിനിമയോട് അടുത്തു. ചെറുപ്പംതൊട്ടേ കവിതകള്‍ കുറിച്ചിരുന്ന ആ യുവാവിനരുകിലേക്ക് മറ്റൊരു നിയോഗം തേടിയെത്തി. സിനിമാപ്പാട്ടെഴുത്ത്. അങ്ങനെ ആ സഹസംവിധായകന്‍ മലയാള സിനിമയിലെ പാട്ടെഴുത്തുകാരനായി . മുപ്പത്തിയെട്ടു പാട്ടുകള്‍ വരെ ഒരു വര്‍ഷം ആ പേനത്തുമ്പില്‍ നിന്ന് പിറന്നു. തിരുവനന്തപുരം തിരുമലയിലേക്ക് താമസക്കാരനായെത്തിയ ശിവശങ്കരന്‍ നായരെ നാം അറിയുക അദ്ദേഹത്തിന്‍റെ ചെല്ലപ്പേരിലാണ്. ബിച്ചു. ബിച്ചു തിരുമല . മലയാളിയുടെ നാവില്‍ വാക്കുകളെ താളത്തില്‍ അര്‍ത്ഥപൂര്‍ണമായി അടുക്കിവച്ചവന്‍. മനോഹരമായ ട്യൂണുകളെ  വാക്കുകള്‍ക്കൊണ്ട് അതിമനോഹരമാകിയവന്‍. മലയാള സിനിമയില്‍ തേനും വയമ്പും ചാലിച്ച പാട്ടെഴുത്തുകാരന്‍. 

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഉപയോഗിച്ചയാളാണ് ബിച്ചു തിരുമല.  എം.കൃഷ്‌ണൻനായരുടെ സംവിധാന സഹായിയായിരുന്നു തുടക്കം. ശബരിമല ശ്രീധർമ്മശാസ്‌താവ് എന്ന സിനിമയുടെ ഭാഗമായി. സിആര്‍കെ നായരുടെ ഭജഗോവിന്ദം  എന്ന സിനിമയിലും സഹസംവിധായകനായി. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന കാലം. ചിത്രത്തിന്‍റെ സഹസംവിധായകനായ ബിച്ചു താന്‍ കുറിച്ച വരികള്‍ ഇതേ സിനിമക്കായി ചിട്ടപ്പെടുത്തുന്നത് യാദൃശ്ചികമായാണ് അറിഞ്ഞത്. വാരികയില്‍ വന്ന കവിത സിനിമയുടെ ഭാഗമായി. അങ്ങനെ മനപ്പൂര്‍വമല്ലാതെ ബിച്ചുതിരുമല   സിനിമാ ഗാനരചയിതാവായി.   ബ്രഹ്‌മമൂഹൂർത്തത്തിൽ എന്ന കവിത ഗാനമായെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. നടന്‍ മധു നിര്‍മിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതിയ ആദ്യം റിലീസായ ചിത്രം. 

ആയിരത്തിതൊളളായിരത്തി എഴുപത്തിരണ്ടിലെ തിരുവോണ നാളിൽ വിശപ്പ് സഹിക്കവയ്യാതെ ബിച്ചു തന്റെ മുറിയിൽ തളർന്നു കിടക്കുമ്പോൾ ഒരാൾ മുറിയിലേക്കു കടന്നു വന്നു. 'നെല്ല്' എന്ന സിനിമയുടെ നിർമാതാവായ എൻ.പി. അബു നിങ്ങളെ വിളിയ്‌ക്കുന്നുവെന്ന് പറഞ്ഞു. ബിച്ചു അദ്ദേഹത്തെ കാണാൻ ചെന്നു. അവിടെ വെച്ച് എം.എസ്. ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ 'സ്‌ത്രീധനം' എന്ന സിനിമയ്‌ക്കു വേണ്ടി 'മോഹമല്ലികേ' എന്ന ഗാനമെഴുതി. സാമ്പത്തിക പ്രതിന്ധി വീണ്ടും തുടർന്നു. അങ്ങനെയിരിക്കുമ്പോൾ കൊളംബിയ ഗ്രാമഫോൺ കമ്പനിക്കുവേണ്ടി തുടർച്ചയായി ഗാനങ്ങളെഴുതുന്ന ജോലി ബിച്ചുവിന് കിട്ടിയത്. ഒരു പാട്ടിന് പത്തുരൂപ പ്രതിഫലം. അന്നു തുടങ്ങിയ എഴുത്ത് പതിറ്റാണ്ടുകളോളം മലയാള സിനിമാ ഗാനങ്ങളില്‍ തെളിഞ്ഞുനിന്നു. ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ്-ലാൽ, മുരളീകൃഷ്‌ണൻ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെയും ആദ്യചിത്രങ്ങൾക്ക് ബിച്ചുവാണ് ഗാനങ്ങളെഴുതിയത് . ആ പാട്ടുകളാകട്ടെ മലയാളത്തിലെ ഏറ്റവും മികച്ചവയെന്ന് എണ്ണപ്പെടുന്നവയും.  

ഋതുഭേദങ്ങള്‍ പോലെ മാറിമറിയുന്ന സകല മാനുഷികഭാവങ്ങളും പാട്ടിലൊതുക്കി, നമ്മളുടെ ഹൃദയത്തിലേറ്റി കുസൃതിനിറഞ്ഞ ചിരിയുമായി ബിച്ചുവും കടന്നുപോകുന്നു. വിഡിയോ സ്റ്റോറി കാണാം.