vismaya-new-prg

ചടയമംഗലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ചിട്ട് ഇന്ന് മൂന്നാം ദിനം. ഗാര്‍ഹിക പീഡനത്തിന്‍റെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ആ മരണത്തിന് പിന്നാലെ പുറത്തറിഞ്ഞു തുടങ്ങിയത്. വിവാഹം കഴിഞ്ഞ  ഒരു കൊല്ലത്തിനിടെ സ്ത്രീധനത്തിന്‍റെ പേരില്‍ കൊടിയ ശാരീരിക മാനസിക പീഡനം. ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയ വിസ്മയയെ പറഞ്ഞു പറ്റിച്ച് വീണ്ടും കൂടെക്കൂട്ടി ശാസ്താംകോട്ട സ്വേദേശി കിരണ്‍കുമാര്‍. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാര്‍ തന്‍റെ സര്‍ക്കാര്‍ ജോലിയില്‍ അഭിരമിച്ചിരുന്നു. കൂടുതല്‍ തുക സ്ത്രീധനം കിട്ടാനുള്ള യോഗ്യതയായാണ് അയാള്‍ തന്‍റെ ജോലിയെ കണ്ടത്. തുടരെത്തുടരെയുള്ള പീഡനത്തിനൊടുവില്‍ നഷ്ടമായത് ഒരു ഇരുപത്തിനാലുകാരിയായ  BAMS വിദ്യാര്‍ഥിനിയുടെ ജീവനാണ് . 

 

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നിസംശയം അത് പൊലീസ് ഉറപ്പിച്ചിട്ടില്ല. വിസ്മയയുടെ മരണം സമൂഹത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചര്‍ച്ച ചെയ്ത് പഴകിയ സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചുവരെ. ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നിയമം മൂലം നിരോധിച്ച ഒന്നിനെക്കിറിച്ച് ഇപ്പോള്‍ ചര്‍ച്ച ഉയരുമ്പോളും നാം തിരിച്ചറിയണം സ്ത്രീധന നിരോധനം എന്നത് അതിന്‍റെ ആദ്യപടിയില്‍ തന്നെ നില്‍ക്കുകയാണ്. വധു അല്ലാതെ ആരെങ്കിലും സ്ത്രീധനം കൈവശം വയ്ക്കുകയാണെങ്കില്‍ അത് വധുവിന്‍റെ പേരിലേക്ക് മാറ്റേണ്ടതാണ് എന്നാണ് നിയമം പറയുന്നതുതന്നെ. പാര്‍ലമെന്‍റ് ഏകകണ്ഠമായി പാസാക്കിയ നിയമത്തെ എന്തുകൊണ്ടാണ് ആരും ഭയക്കാത്തത്. സ്ത്രീധനം ആചാരമായും അവകാശമായും കരുതുന്ന മനസ്ഥിതി തുടരുന്നിടത്തോളം അതിന്‍റെ പേരിലുള്ള അതിക്രമങ്ങളും തുടരും. അതുകൊണ്ടാണ് വിസ്മയക്ക് ജീവന്‍ നഷ്ടമായത്. പ്രത്യേക പരിപാടി കാണാം.