തിരുത്തിയൊരു ഭേഗതി എങ്ങനെയാകും? സർക്കാർ ശ്രമം എന്ത്?

തിരഞ്ഞെടുപ്പുകാലം എല്ലാം ചര്‍ച്ചചെയ്യാനുള്ളതാണ്. തദ്ദേശതിര‍ഞ്ഞെടുപ്പാകുമ്പോള്‍ സ്വന്തം വാര്‍ഡ് അംഗമാകാന്‍ കുപ്പായമിടുന്നവര്‍ തൊട്ട് അങ്ങ് മുകളിലേക്ക് എല്ലാം, വികസനം, വിവാദം എല്ലാം ചര്‍ച്ചയാകും. ഇന്നത്തെ ദിവസം രണ്ട് തരത്തില്‍ പ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് സീസണില്‍. ഒന്ന് സംസ്ഥാനമാകെ സ്ഥാനാര്‍ഥിചിത്രം അന്തിമമായി. രണ്ട്, രണ്ട് വിവാദങ്ങള്‍ പുതിയ തലങ്ങളില്‍ വിക്ഷേപിക്കപ്പെട്ട ദിവസം എന്ന നിലയില്‍. ബാര്‍ കോഴയില്‍ പിന്നെയും വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. പക്ഷെ ഈ മണിക്കൂറില്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്നത് രണ്ടാമത്തെ വിവാദമാണ്.

പ്രതിഷേധക്കൊടുങ്കാറ്റ് കണ്ട പൊലീസ് നിയമഭേദഗതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്, നിയമസഭയിലടക്കം വിശദമായി ചര്‍ച്ചചെയ്തേ തുടര്‍ നടപടിയുണ്ടാകൂ എന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചത്. എന്തുകൊണ്ടാണ് ആശങ്കകള്‍ അസ്ഥാനത്ത് എന്ന ഇന്നലത്തെ നിലപാടില്‍നിന്ന് എല്ലാവരെയും കേട്ടിട്ടേ മുന്നോട്ടുള്ളു എന്ന് ഒറ്റ ദിവസംകൊണ്ട് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്? തിരഞ്ഞെടുപ്പുകാലം ഒരു ഘടകമായോ? നിയമഭേദഗതി വഴി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ശ്രമിച്ചതെന്താണ്? തിരുത്തിയൊരു ഭേദഗതി വരുമെങ്കില്‍ എന്താകണം അതിന്റെ സ്വഭാവം?