സഭയിൽ സാധാരണ നടക്കുന്ന സംഭവങ്ങളാണോ? അക്രമത്തിന് ന്യായമുണ്ടോ?

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് നാമെല്ലാം അഭിമാനിക്കുന്ന ഒരിടത്തെ അക്രമത്തിന് എന്തെങ്കിലും ന്യായമുണ്ടോ? അത് മുഖ്യമന്ത്രി പറഞ്ഞപോലെ സഭയില്‍ സാധാരണ നടക്കുന്ന സംഭവങ്ങളില്‍പ്പെട്ടതോ? അതിന്റെ പേരില്‍ കോടതിയെടുക്കുന്ന തീര്‍പ്പ് അംഗീകരിക്കേണ്ട ബാധ്യത ഒറ്റക്കെട്ടായി നാടിനില്ലേ? അതിനെതിരെ അപ്പീലിന് ആലോചിക്കുന്നത് ധാര്‍മികമോ? ഈ ചോദ്യങ്ങള്‍ ഉയരുന്നത് ഇന്നലെ തിരുവനന്തപുരം സിജെഎം കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന ഉത്തരവിനെച്ചൊല്ലിയാണ്. 2015 മാര്‍ച്ച് 13ന് ബജറ്റ് അവതരണവേളയില്‍ നിയമസഭാ ഹാളിലുണ്ടായ കയ്യാങ്കളിക്കിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇന്നത്തെ രണ്ട് മന്ത്രിമാരടക്കം അന്നത്തെ ആറ് എംഎല്‍എമാര്‍ വിചാരണ നേരിടണം എന്ന ഉത്തരവ്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് രൂക്ഷമായാണ് കോടതി പ്രതികരിച്ചത്. അപ്പോള്‍, കോടതിയുടെ ഈ തീര്‍പ്പ് അംഗീകരിക്കുന്നതിനുമപ്പുറം ഒരു നിയമനടപടിക്ക് സര്‍ക്കാരിന് അവകാശമുണ്ടോ?