കവർച്ചാശ്രമത്തിനിടെ കൊലപാതകം; താഴത്തങ്ങാടി വധക്കേസിൽ ചുരുളഴിയുന്ന ക്രൂരകഥ

കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ബിലാല്‍ റിമാന്‍ഡില്‍. പ്രതി മോഷ്ടിച്ച ആഭരണങ്ങള്‍, കാര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. കൃത്യത്തിന് മുന്‍പും ശേഷവും വീട്ടില്‍ നിന്ന് പ്രതി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

കവര്‍ച്ചാശ്രമത്തിനിടെയാണ് താഴത്തങ്ങാടി ഷാനി മന്‍സിലില്‍ ഷീബ സാലിയെ പ്രതി മുഹമ്മദ് ബിലാല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ബിലാലിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഷീബയുടെ ഭര്‍ത്താവ് അബ്ദുല്‍ സാലി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വര്‍ഷങ്ങളായി അബ്ദുള്‍ സാലിയെയും കുടുംബത്തെയും അടുത്തറിയുന്നയാളാണ് അയല്‍വാസി കൂടിയായ പ്രതി മുഹമ്മദ് ബിലാല്‍. വീടുവിട്ടിറങ്ങിയ ബിലാല്‍ നാട് വിടാന്‍ തീരുമാനിച്ചു ഇതിനായി പണംകണ്ടെത്തുകയായിരുന്നു ലക്ഷ്യം. മേശയുടെ ഫ്രെയിം ഉപയോഗിച്ച് അബ്ദുല്‍ സാലിയെയാണ് ബിലാല്‍ ആദ്യം ആക്രമിച്ചത്. പിന്നീട് ഷീബയെ.. രക്തത്തില്‍ കുളിച്ചുകടന്ന ഇരുവരും എഴുനേല്‍ക്കാന്‍ ശ്രമിക്കവെ വീണ്ടും വീണ്ടും അടിച്ചുവീഴ്ത്തി. സ്വര്‍ണവും പണവുമായി കടന്നുകളയാനുള്ള വ്യഗ്രതയില്‍ തെളിവ് നശിപ്പിക്കാനുള്ള പ്രതിയുടെ നീക്കം പരാജയപ്പെട്ടു.

പതിനേഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അന്വേഷണസംഘം ശേഖരിച്ചത് നിര്‍ണായക തെളിവുകള്‍. മോഷ്ടിച്ച സ്വര്‍ണവും പണവും കൊച്ചിയില്‍ പ്രതി താമസിച്ച വീട്ടില്‍ നിന്ന് കണ്ടെത്തി. ഹോട്ടലില്‍ ജോലി തേടിയാണ് പ്രതി കൊച്ചിയിലെത്തിയത്. 

ബിലാല്‍ മൂന്നാാംക്ലാസ് വരെ പഠിച്ച ആലപ്പുഴ മുഹമ്മദന്‍സ് സ്കൂളിന് മുന്‍പിലാണ് മോഷ്ടിച്ച കാര്‍ ഉപേക്ഷിച്ചത്. പ്രതിയുടെ രക്തകറയും തിരിച്ചറിയല്‍ കാര്‍ഡും കാറില്‍ നിന്ന് ലഭിച്ചു. പിന്നീട് വീട്ടില്‍ തെളിവെടുപ്പ്.

ദമ്പതികളുടെ മൂന്ന് മൊബൈല്‍ഫോണുകള്‍ പ്രതി തണ്ണീര്‍മുക്കം ബണ്ടില്‍ എറിഞ്ഞുകളഞ്ഞു. ഇതുള്‍പ്പെടെ കണ്ടെത്താനും കൂടുതല്‍ ചോദ്യം ചെയ്യാനും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.