ഫെയ്സ്ബുക്കിൽ തുടങ്ങി അരുംകൊലയില്‍ കലാശിച്ച ബന്ധം; കൃതിയുടെ ഡയറിക്കുറിപ്പുകള്‍

കൊലപാതകങ്ങള്‍ കണ്ട് മനംമടുത്ത മലയാളിക്ക് നടുവിലേക്ക് ഒരു അരുംകൊലയുടെ വാര്‍ത്തയെത്തുന്നു.കുണ്ടറ സ്വദേശി കൃതിയുടെ മരണവാര്‍ത്ത. 26 വയസിനുള്ളില്‍ കൊലചെയ്യപ്പെടുമെന്ന് കൃതി മനസില്‍ ഉറപ്പിച്ചിരുന്നോ? ഉണ്ടെന്ന് വേണം കരുതാന്‍. കൃതിയുടെ മരണത്തിനുമുന്നിലുള്ള വിവരങ്ങള്‍  അന്വേഷിച്ചുചെന്നാല്‍  മുന്‍കൂട്ടിയുള്ള ഉറപ്പിക്കാം.

കൃതി 26 വയസ്. മൂന്നരവയസുള്ള കുഞ്ഞിന്‍റെ അമ്മ. ഈ യുവതി ഡയറി താളുകളില്‍ കോറിയിട്ട ദുരിതകഥ വിരല്‍ചൂണ്ടും അവിടെ നടന്ന അരുംകൊലയുടെ കാരണങ്ങളിലേക്ക്.

എനിക്ക് തെറ്റുപറ്റി. എന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇല്ലാതാകുകയാണ്. ഞാന്‍  സ്വപ്നം കണ്ട സന്തോഷകരമായ ജീവിതം എനിക്ക് കൈവിട്ടുകഴിഞ്ഞു.. അവന്‍ ,വൈശാഖ് അവന്‍റെ ചിരികളികള്‍ സത്യമായിരുന്നില്ല. അതില്‍ ഞാന്‍ വീണുപോയത് എങ്ങനെയാണ്. കല്യാണം കഴിഞ്ഞ് ചുരുങ്ങിയ മാസത്തിനുള്ളില്‍ വൈശാഖ് എനിക്ക് വെറുക്കപ്പെട്ടവനായതെങ്ങനെ. വൈശാഖിന് ഞാനും.

ഒരിക്കല്‍ ജീവിതം വിവാഹജീവിതം തകര്‍ന്നതാണ്. പുതിയൊരു ജീവിതം വാര്‍ത്തെടുക്കാനുള്ള എന്‍റെ സ്വപ്നത്തില്‍ നിറങ്ങള്‍ നിറച്ചത് വൈശാഖാണ്. അവനെ കണ്ടു. എന്‍റെ കുഞ്ഞിനോടുള്ള അവന്‍റെ സ്നേഹം. എന്നെ മോളേ എന്ന് വിളിച്ച അവന്‍റെ സ്നേഹപ്രകടനങ്ങള്‍. മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അഛനെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല. ഒരിക്കലും അവന്‍ ശരിയല്ലെന്ന് അഛന്‍ ഉറപ്പിച്ച് പറഞ്ഞത്  ഇപ്പോള്‍ ശരിയായി.

വിവാഹത്തിന് മുന്നേപോലും വീട്ടില്‍ വരാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കി....അമ്മയും അവന്‍റെ സ്നേഹപ്രകടനത്തില്‍ വീണു..പിന്നീട് എപ്പോഴാണ്  ആ സ്നേഹം സത്യമല്ലാത്തതായി മാറിയത് ?

2019 നവംബര്‍ 11 

അന്ന് വൈശാഖ് വീട്ടിലെത്തി. കുറേ നാളുകള്‍ക്ക്ശേഷം, കൃതിയോടുള്ള പിണക്കം പിന്നീട് വാക്കേറ്റത്തിലും മര്‍ദനത്തിലും എത്തിയിരുന്നു. വീട്ടുകാരും ഇടപെട്ടതോടെ വൈശാഖ് വീട്ടിലേക്കുള്ള വരവും അവസാനിപ്പിച്ചിരുന്നു. പിന്നീട് ആ രാത്രിയിലെ വരവില്‍ എല്ലാവര്‍ക്കും പന്തികേട് തോന്നി.വീടിന് സമീപത്തുള്ള കടയില‍് വെച്ച് പിതാവ് മോഹനനെ കണ്ടു. സംസാരിച്ചു.

ആ വരവില്‍ ആ പിതാവിന് അപകടം മണത്തു. മകളെ കാണാനുള്ള ശ്രമത്തില്‍ നിന്ന് വൈശാഖിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അവന്‍ വീട്ടിലേക്ക് തിരിച്ചു.

സമയം സന്ധ്യകഴിഞ്ഞു... കൃതിയുടെ വീട്ടുമുറ്റത്ത് ആരുമുണ്ടായിരുന്നില്ല, വാതില്‍ അടച്ചിരുന്നില്ല, വൈശാഖ് വീട്ടിലേക്ക് കയറി, അമ്മയോടെ സംസാരിച്ചു. എല്ലാവരുടേയും എതിര്‍പ്പിനെ സ്നേഹത്തില്‍ പൊതിഞ്ഞ മറുപടി കൊണ്ട് വൈശാഖ് കീഴടക്കി കൃതിയുടെ അടുത്തെത്തി. വൈശാഖിന്‍റെ മര്‍ദനത്തിന്‍റെ ഓര്‍മകള്‍ പെട്ടന്ന് മറക്കാന്‍ കഴിയുമായിരുന്നില്ല കൃതിക്ക്. അവന്‍റെ പഞ്ചാരവാക്കുകളിലൊന്നും കൃതി വഴങ്ങിക്കൊടുത്തില്ല.

ഒടുവില്‍ ഞാന്‍ വഴങ്ങി. കയ്പേറിയ ജീവിത അനുഭവത്തിന്‍റെ കാലത്ത് എനിക്ക് സന്തോഷം പകര്‍ന്നവന്‍. താന്‍ പ്രാണനായി കണ്ട് പ്രണയിച്ചവന്‍. അവന്‍ തെറ്റ് ഏറ്റുപറഞ്ഞ് തന്‍റെ മുന്നില്‍ കരയുന്നു. എന്‍റെ മകളെ പിടിച്ച് സത്യം ചെയ്യുന്നു. നന്നായിക്കൊള്ളാമെന്ന് ഇനി വേദനിപ്പിക്കില്ലെന്ന്. ഗള്‍ഫില്‍ പോയി പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന്. പിന്നെ പിടിച്ചുനില്‍ക്കാന്‍ തോന്നിയില്ല. അവന്‍റെ ക്രൂരതകളെല്ലാം മറന്നു ചിരിച്ചു.

പക്ഷേ ആ അമ്മയുടെ മനസ് മന്ത്രിച്ചു. അവന്‍റെ വരവ് വെറുതെയല്ല. കരുതിയിരിക്കണം. ഇടക്കിടെ വാതിലില്‍ ചെവിയോര്‍ത്തു. ഇല്ല. താന്‍ മനസില്‍ കരുതുന്ന പോലെ ഒന്നുമില്ല. മകള്‍ മുറിയില്‍ സുരക്ഷിതയാണ്. എന്നിട്ടും അമ്മയുടെ മനസിലെ ആധിമാറിയില്ല. ഭക്ഷണം കഴിക്കാനെന്ന പേരില്‍ പലതവണ മാറിമാറി വിളിച്ചു. മകള്‍ സ്നേഹത്തോടെ മറുപടി നല്‍കിയപ്പോഴും അകത്ത് നടക്കാന്‍ പോകുന്ന കുരുതിയുടെ മുന്നൊരുക്കങ്ങള്‍ ആ അമ്മക്ക് അറിയാന്‍ കഴിഞ്ഞില്ല.

സമയം ഒമ്പതുമണി കഴിഞ്ഞിട്ടും വൈശാഖും കൃതിയും മുറിക്ക് പുറത്ത് വന്നില്ല. ഇടയ്ക്ക് വൈശാഖ് പുറത്തിറങ്ങിയ സമയം നോക്കി അമ്മ മുറിക്കുള്ളില്‍ കയറി  കൃതിയുമായി സംസാരിച്ചു. വൈശാഖിന്‍റെ ആഗമനഉദ്ദേശ്യം മനസിലാക്കി. കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി അമ്മ പുറത്തേക്ക്. വൈശാഖ് വീണ്ടും മുറിക്കുള്ളില്‍. ഇടക്കിടെ മുറിക്കുള്ളിലേക്ക് കുറുമ്പുകളായി  ചെന്ന  കുഞ്ഞിനെ അമ്മ തന്നെ  എടുത്തുകൊണ്ടുപോയി.

ഒടുവില്‍ അവരെ സൗകര്യത്തിന് വിട്ട് പിതാവ് ഭക്ഷണം കഴിച്ചു..എന്നിട്ടും സംശയം ബാക്കി. മുറിക്കുള്ളില്‍ മകള്‍ സുരക്ഷിതയാണെന്ന്  ഇടക്കിടെ പിതാവും അമ്മയും ഉറപ്പാക്കിക്കൊണ്ടേയിരുന്നു.

ആ സന്തോഷത്തിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം പോലുമുണ്ടായിരുന്നില്ല. അമ്മയുടേയും ആ പിതാവിന്‍റേയും കരുതലുകളും വെറുതെയായി. അവന്‍റെ ക്രൂരത മുന്‍കൂട്ടി അറിയാവുന്ന കൃതിക്കും പിഴച്ചു. ഒടുവില്‍ മിനിട്ടുകള്‍ക്കുള്ളില്‍ പൊടിമോളെ വാതിലിപ്പുറത്ത് നിര്‍ത്തി കൃതി മരണത്തിലേക്ക് നടന്നു.

സന്തോഷം പതിയെ മങ്ങി...എന്തോ പറഞ്ഞ് ബഹളം വെച്ചു...വഴക്കായി..ഞാനും കഴിഞ്ഞ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു...പുറത്ത് അഛനും അമ്മയും കാത്തിരിക്കുന്നത് മനസില്‍ ധൈര്യം പകര്‍ന്നു...അല്‍പം മുമ്പ് അമ്മ വന്ന് കരുതിയിരിക്കാന്‍ പറഞ്ഞത് എത്രശരിയാണ്..ആലോചനകള്‍ നീളുന്നതിന് മുമ്പേ അയാള്‍ എന്നെ അടിച്ചുവീഴ്ത്തി..കട്ടിലിലേക്ക് വീഴുമ്പോഴും ഒരു അടി എന്നതിനപ്പുറം ഞാന്‍ പ്രതീക്ഷിച്ചില്ല..

പക്ഷേ പറഞ്ഞ് പറഞ്ഞ് അയാള്‍ എന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു..ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ് പൊത്തി...അടുത്ത് കിടന്ന തലയിണ  മുഖത്ത് അമര്‍ത്തി എന്നെ ശ്വാസം മുട്ടിച്ചു...ജീവനുവേണ്ടി പിടയുമ്പോഴും ഇപ്പോള്‍ വിടുമെന്ന് ഞാന്‍  പ്രതീക്ഷിച്ചു...പക്ഷേ ..പക്ഷേ ആ പ്രതീക്ഷ വെറുതെയാക്കി.. വാതിലിനപ്പുറത്തുള്ള അഛനേയും അമ്മയേയും ഒരു ശബ്ദം കൊണ്ടെങ്കിലും അറിയിക്കാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു...

അല്‍പ സമയം മുമ്പ് എന്‍റെ കണ്‍മുന്നിലുണ്ടായിരുന്ന എന്‍റെ പൊന്നോമനയെ ഒരുനോക്കൊന്ന് കാണാന്‍ പോലും അനുവദിക്കാതെ അയാള്‍ എന്‍റെ ശ്വാസം നിലയ്ക്കുംവരെ തലയിണ അമര്‍ത്തിപ്പിടിച്ചു. കൃതിയെ കൊലപ്പെടുത്തിയ ശേഷം അവള്‍ക്കരികെ കിടന്ന് കൂട്ടുകാരിക്ക് സന്ദേശമയച്ച് തെളിവുകള്‍ അനുകൂലമാക്കാനും വൈശാഖ് ശ്രമം നടത്തി.

കൊലചെയ്യപ്പെടാന്‍ മാത്രം കുറ്റം കൃതി ചെയ്തിരുന്നോ? ആ കു​ഞ്ഞിനെ തനിച്ചാക്കി അരുംകൊല നടത്തിയ കാരണങ്ങള്‍ വൈശാഖ് പൊലീസിനോട് വിവരിച്ചു. കൃതിയുടെ  കൊലപാതകം ആസൂത്രിതമാണെന്നുതന്നെയാണ് പൊലീസ് കണ്ടെത്തല്‍ കൃതിയും വീട്ടുകാരും എല്ലാം തനിക്കെതിരാകുന്നത് വൈശാഖിന് സഹിച്ചില്ല..അവസാനം ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതും വൈരാഗ്യത്തിന് കാരണമായി.

ഇടയ്ക്കിടെ മരണത്തിന്‍റെ സൂചനകള്‍ വൈശാഖ് വീട്ടില്‍ നല്‍കിയിരുന്നു..കൂട്ടമരണമായിരുന്നു അവന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഈ മാതാപിതാക്കള്‍ ഇപ്പോള്‍ ഞെട്ടലോടെ ഒാര്‍മിക്കുന്നു. വൈശാഖിന്‍റെ എല്ലാപ്രവര്‍ത്തികളും നിയന്ത്രിച്ചിരുന്നത്  എക്സൈസില്‍ ഉദ്യോസ്ഥനായ പിതാവായിരുന്നുവെന്ന് കൃതിയുടെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്കിലൂടെ കൃതി തന്നെ കണ്ടെത്തിയ ബന്ധം. അത് അരുംകൊലയില്‍ കലാശിച്ചു.

ആര്‍ക്കും ആരേയും കൊല്ലാം. ചിലത് ഉടന്‍ തെളിയും. മറ്റുചിലകേസില്‍ പ്രതികള്‍ വൈകിപിടിയിലാകും. ചിലപ്പോള്‍ ശിക്ഷക്കപ്പെടും അല്ലേല്‍ രക്ഷപെടും.  എങ്കിലും ഒാരോ കൊലപാതകങ്ങള്‍ക്കു പിന്നിലും ഒാരോ കാരണങ്ങള്‍ ഉണ്ട്...ആ കാരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം ഉണ്ടായാല്‍ അരുംകൊലകള്‍ അത്രയെങ്കിലും നമുക്ക് കുറക്കാം....ആ ശ്രമങ്ങള്‍ക്ക് പൊലീസിന് മാത്രമല്ല നമുക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നോര്‍ക്കുക.