'ബൈജൂസ് ആപ്പ്'; പുസ്തകങ്ങൾക്കും അധ്യാപകർക്കും പകരമല്ല

നമ്മുടെ വിദ്യാഭാസ സമ്പ്രദായം നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവസംരംഭകനും ബൈജൂസ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. ക്ലാസ് മുറികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാകരുത് കുട്ടികളുടെ പഠനം. ചോദ്യങ്ങള്‍ ചോദിക്കാനും സ്വയം ഉത്തരങ്ങള്‍ കണ്ടെത്താനും കുട്ടികളെ സ്വതന്ത്രരാക്കണമെന്നും പുതിയ ഇന്ത്യയെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കവെ ബൈജു പറഞ്ഞു. 

നമ്മുടെ കുട്ടികളില്‍ ജിജ്ഞാസ തിരികെ കൊണ്ടുവരണം. ചോദ്യങ്ങള്‍ ചോദിക്കാത്തതുകൊണ്ട് അവരൊന്നും പഠിക്കുന്നില്ല. ക്ലാസ് മുറികള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല അവരുടെ ലോകം. ക്ലാസ് മുറിക്ക് പുറത്ത് അവരെന്ത് പഠിക്കുന്നു എന്നതിലാണ് കാര്യം.

പഠിക്കുന്ന കാര്യങ്ങളെ സ്നേഹിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കിയാല്‍ വലിയ മാറ്റങ്ങളുണ്ടാകും. പുസ്തകങ്ങളെടുത്ത് പഠിക്കാനും ട്യൂഷന് പോകാനും അവരെ നിര്‍ബന്ധിച്ചാല്‍ അതിന്റെ ഫലം ഒരു പരീക്ഷയിലേക്ക് മാത്രമായി ഒതുങ്ങിപ്പോകും. കുട്ടികളുടെ കാര്യത്തിലുള്ള അമിത ഇടപെടലും ശ്രദ്ധ ചെലുത്തലും അവരെ പഠിക്കാന്‍ അനുവദിക്കുന്നില്ല. ലളിമായി പറഞ്ഞാല്‍ രണ്ടുരീതിയുണ്ട്. ഒരു കാര്യം ചെയ്യാന്‍ ഒരാളെ നിര്‍ബന്ധിക്കാമെന്നത് ആദ്യരീതി. ചെയ്യുന്ന കാര്യത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുക എന്നതാണ് രണ്ടാമത്തെ രീതി. പരീക്ഷകള്‍ ഇതിന്റെ ഒരുഭാഗം മാത്രമാണ്, ഒന്നിന്റെയും അവസാനമല്ല. 

എന്റെ മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. ഒരു കാര്യത്തിലും അവരെന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിച്ചു. ഞാന്‍ ഒരു സംരംഭകന്‍ ആകാന്‍ കാരണം എന്റെ അച്ഛനാണ്. കുട്ടികളെ സ്വതന്ത്രരാക്കുക. അവരെ അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ അനുവദിക്കുക.

സംരംഭകത്വമെന്നാല്‍ കഠിനാധ്വാനവും തീവ്രമായ ആഗ്രഹവുമാണ്.  കാരണം വിജയങ്ങളേക്കാള്‍ കൂടുതല്‍ തോല്‍വികളുടെ കഥയാണ് അവര്‍ക്ക് പറയാനുള്ളത്. വിജയഗാഥകള്‍ മാത്രമേ നാം കേള്‍ക്കാറുള്ളൂ. ആര്‍ക്കും ചെവികൊടുക്കാതിരിക്കുക. എല്ലാവരില്‍ നിന്നും പഠിക്കുക- ഭാവി സംരംഭകരോടായി ബൈജു പറഞ്ഞു.

ബൈജൂസ് ആപ്പ് കുട്ടികളുടെ വായനാശീലത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ''ബൈജൂസ് ആപ്പ് ഒരിക്കലും അധ്യാപകര്‍ക്കോ സ്കൂളുകള്‍ക്കോ പാഠുപുസ്തകങ്ങള്‍ക്കോ പകരമാകുന്നില്ല. പഠിക്കുന്ന കാര്യങ്ങള്‍ വീണ്ടും വായിക്കാനും ചിന്തിക്കാനും അറിയാനുമാണ് ആപ്പ് സഹായിക്കുന്നത്''.