സ്വപ്നങ്ങള്‍ പങ്കുവച്ചും നിലപാട് വ്യക്തമാക്കിയും മോദി; ഇത് സംവാദത്തിന്റെ വേദി

പുതിയ ഇന്ത്യയെക്കുറിച്ചുള്ള ആശയസംവാദത്തിന്റെ പ്രൗഢഗംഭീര വേദിയായി മനോരമ ന്യൂസ് കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത ജനാധിപത്യവും ജനകേന്ദ്രീകൃതസര്‍ക്കാരും കര്‍മനിരതരായ ജനതയുമാണ്  പുതിയ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദവും ക്രിയാത്മക വിമര്‍ശനവും പുതിയ ഇന്ത്യയില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെയായിരുന്നു കോണ്‍ക്ലേവ്. 

പുതിയ ഇന്ത്യയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയും പുതിയ ഇന്ത്യയെന്ന  സ്വപ്നങ്ങള്‍ പങ്കുവച്ചും മനോരമന്യൂസ് കോണ്‍ക്ലേവിന്‍റെ ചര്‍ച്ചാവിഷയത്തെ    പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കത്തില്‍ തന്നെ സജീവമാക്കി. ഉത്തരവാദിത്തമുള്ള ജനങ്ങളും സര്‍ക്കാരുമാണ് പുതിയ ഇന്ത്യയുടെ മുഖം. പങ്കാളിത്ത ജനാധിപത്യവും ജനകേന്ദ്രീകൃതസര്‍ക്കാരുമാണ് പുതിയ ഇന്ത്യയെ നയിക്കുക. കുടുംബപേരുകളെട കാലം കഴിഞ്ഞുവെന്നും പുതിയ ഇന്ത്യയില്‍ സ്വന്തം പേരുണ്ടാക്കാനുള്ള കഴിവാണ് പ്രധാനമെന്നും മോദി വ്യകമാക്കി.

വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദവും വിമര്‍ശനവും അനിവാര്യമാണെന്നും  മോദി പറഞ്ഞു. എല്ലാ ആശയങ്ങളോടും യോജിക്കാനാകില്ലെങ്കിലും ക്രിയാത്മവിമര്‍ശനത്തോടെയുള്ള ചര്‍ച്ചയാണ് പ്രധാനം.   

ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം. ഇതിനായി മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മോദി നിര‍്ദേശിച്ചു. നമുക്ക് കഴിയുമോ എന്ന ആശങ്കപ്പെട്ടിരുന്ന കാലത്ത് നിന്ന്  പുതിയ ഇന്ത്യയില്‍ നമുക്ക് കഴിയുമെന്ന് ജനം പറഞ്ഞു തുടങ്ങിയിരിക്കുന്നു.