സണ്ണിയെ കാണാന്‍ നകുലനെത്തി; ഗംഗയെ രക്ഷിക്കാനല്ല

ദൈവനാമം ഉച്ചരിച്ചാല്‍ കേരളത്തില്‍ കേസെടുക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇക്കാര്യം കേരളത്തില്‍വച്ചു പറഞ്ഞാല്‍ തനിക്കെതിരെയും പിണറായി വിജയന്‍ കേസെടുത്തേക്കുമെന്നൊരു പേടി മോദിക്കുണ്ടെന്നു തോന്നുന്നു. കേരള പര്യടനത്തിന്‍റെ വേളയില്‍ ശബരിമല പറയാതിരുന്ന മോദി അതിര്‍ത്തി കടന്ന് മംഗലാപുരത്തു കേറിയശേഷമാണ് ശരണംവിളി തുടങ്ങിയത്. ഭക്ഷണം കഴിക്കാന്‍ വാ തുറക്കാന്‍ മറന്നു പോയാലും ഹിന്ദു തീവ്രവാദം പറയുന്നതിന് ആ വാ എപ്പോളും തുറന്നുതന്നെയിരിക്കുമെന്ന് കേരളത്തിലെ ഇടതുപക്ഷം പ്രത്യേകിച്ച് പിണറായിക്ക് നന്നായറിയാം. പരസ്പരം കള്ളന്‍ കള്ളന്‍ എന്നാണ് ഈ നേതാക്കളഎല്ലാം ഇപ്പോള്‍ സംബോധന ചെയ്യുന്നത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഏറ്റവും ഉപയോഗിക്കപ്പെട്ട പദവും കള്ളന്‍ എന്നതുതന്നെയാകും. ടെലിവിഷനു മുകളില്‍ നുണപരിശോധനാ യന്ത്രം സ്ഥാപിച്ചിരുന്നെങ്കില്‍ ഈ നേതാക്കളുടെയൊക്കെ പ്രസംഗം കേട്ട് മെഷീന്‍ ചിലപ്പോള്‍  നിര്‍ത്താതെ അലമുറയിട്ടേനേ.

**************

തേങ്ങ ഒരു ആയുധമായും ഉപയോഗിക്കാമെന്ന് മലയാളി തിരിച്ചറിഞ്ഞ കാലം കൂടിയാണ് കടന്നു പോകുന്നത്. ഭക്ഷണത്തിനും എന്തിന് നാം ശ്വസിക്കുന്ന വായുവിനുവരെ രാഷ്ട്രീയമുണ്ടെന്ന് മലയാളിക്കറിയാം. അതുകൊണ്ടാണ് പഴയ തേങ്ങാക്കഥ സംഘപരിവാറിനുനേരെ മുഖ്യന്‍ തിരിച്ചുവിടുന്നത്. ഇതുകൊണ്ടൊന്നും ഒരു തേങ്ങയും തങ്ങള്‍ക്ക് സംഭവിക്കില്ലെന്നാണ് സംസ്ഥാന ബിജെപിയുടെ പക്ഷം. സത്യം പറയുന്നത് ശീലമാക്കിയ വക്കീലാണ് താനെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് പിണറായി സര്‍ക്കാരിനെ പിഎസ് ശ്രീധരന്‍പിള്ള നേരിടുന്നത്. കള്ളം മാത്രം പറയുന്നവര്‍ക്കിടയില്‍ ഒരു സത്യസന്ധനായി ജനിച്ചതാണ് എല്ലാത്തിനും കാരണം. പക്ഷേ ഒരു വക്കീല്‍ താന്‍ സത്യം മാത്രം പറയുന്ന ആളാണെന്ന് എത്ര സത്യംചെയ്തുപറഞ്ഞാലും നാട്ടാര്‍ വിശ്വസിക്കില്ല. അതാണ് സത്യം.

***************

മിസോറാമില്‍ നിന്ന് പല കളികളും പടിച്ചാണ് കുമ്മനം മടങ്ങിയെത്തിയിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. എന്നാല്‍ ആ പറഞ്ഞത് സത്യമാണ്. വെറുതെ നടന്ന ഒരു മനുഷ്യനെ കൊണ്ടുപോയി വിവിഔപി ആക്കി തിരിച്ചുകൊണ്ടുവന്ന് തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയ അമിത് ഷായുടെ ദീര്‍ഘ വീക്ഷണമൊന്നും മറ്റൊരു രാഷ്ട്രീയക്കാരനും അടുത്തിടെ ഉണ്ടായിട്ടില്ല. പിന്നെ ബുദ്ധി രണ്ടുതരമുണ്ട്. നല്ലതിനും ഉപയോഗിക്കാം നശിപ്പിക്കാനും ഉപയോഗിക്കാം.

****************

സണ്ണിയെ കാണാന്‍ നകുലനെത്തി. ഗംഗയെ രക്ഷിക്കണമെന്നല്ല, തൃശൂരിലെ സ്ഥാനാര്‍ഥിയായ തന്നെ രക്ഷിക്കണമെന്നായിരുന്നു ആവശ്യം. നിശബ്ദ പ്രചാരണം സുരേഷ്ഗോപിയെപ്പോലെ ഇത്രയും ക്രിയേറ്റീവായി ഉപയോഗിച്ച മറ്റൊരു സ്ഥാനാര്‍ഥിയും കാണില്ല. താന്‍ നവാഗത സംവിധായകനാകാന്‍ പോകുന്നുവെന്ന് ലാല്‍ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിനം. മറ്റെവിടെ നിശബ്ദമായി സഞ്ചരിച്ചാലും ക്യാമറകളുടെ സ്വാധീനം ഇത്ര കണ്ട് ഉറപ്പിക്കാന്‍ സുരേഷ് ഗോപിക്ക് കഴിയില്ലായിരുന്നു. വാട്ട് ആന്‍ ഐഡിയ സുരേഷി ജീ. എല്ലാം ഒരു പരകായ പ്രവേശം.

**************

ഇനി സ്ഥാനാര്‍ഥികളുടെ അവസാന ലാപ്പ് ഓട്ടം കാണാം. ഓട്ടമെന്നു പറഞ്ഞാപ്പോരാ നെട്ടോട്ടമെന്നുവല്ലോം പറയണം. മികച്ച പെര്‍ഫോമന്‍സാണ് മിക്ക സ്ഥാനാര്‍ഥികളും ഇതിനോടകം പുറത്തെടുത്തത് എന്ന് പറയാതെ വയ്യ.