ഇൗ പത്തുപേരിൽ ഒന്നാമനാര്? ഇനി വോട്ടു ചെയ്യാം

2018 ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള അഭിപ്രായവോട്ടെടുപ്പ് ആരംഭിച്ചു. കല്യാണ്‍ സില്‍ക്സിന്‍റെ സഹകരണത്തോടെ  നടത്തുന്ന 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018'–ന്‍റെ പ്രാഥമികപട്ടികയില്‍ പത്തുപേര്‍ ഇടംനേടി. ഒരാഴ്ചത്തെ വോട്ടെടുപ്പിലൂടെ നാലുപേര്‍ രണ്ടാം റൗണ്ടിലെത്തും. ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനൊടുവില്‍ വാര്‍ത്താതാരത്തെ പ്രഖ്യാപിക്കും. മനോരമ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡാണ് പ്രാഥമികപട്ടിക തയ്യാറാക്കിയത്. പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാക്കിയായിരുന്നു പ്രഖ്യാപനം. കായിക താരം ജിന്‍സണ്‍ ജോണ്‍സന്‍, നടി കീര്‍ത്തി സുരേഷ് , ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ക്വിസ് ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍, നടി പ്രിയ പ്രകാശ് വാരിയര്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ശശി തരൂര്‍ എം.പി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, വിമന്‍ ഇന്‍ സിനിമ കലക്ടീവ്, പ്രളയരക്ഷാപ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികള്‍ എന്നിവരാണ് പ്രാഥമികപട്ടികയിലുള്ളത്. 

ജിന്‍സന്‍ ജോണ്‍സന്‍– അരനൂറ്റാണ്ടിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരം. 800 മീറ്ററില്‍ വെള്ളി മെഡല്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ട് ദേശീയ റെക്കോര്‍ഡുകളും ജിന്‍സണ്‍ ഈ വര്‍ഷം തകര്‍ത്തു.  ഏപ്രിലില്‍ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത് ഗെയിംസില്‍ 1500 മീറ്ററില്‍ ജിന്‍സണന്‍ മറികടന്നത് ബഹാദൂര്‍ പ്രസാദിന്‍റെ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. ജൂണില്‍ ഗുവാഹത്തിയില്‍ നടന്ന ഇന്‍റര്‍ സ്റ്റേറ്റ് അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ജിന്‍സണ്‍ തകര്‍ത്തത് അത്‍ലറ്റിക്സില്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള റെക്കോര്‍ഡ്. 

കീര്‍ത്തി സുരേഷ്– മഹാനടിയെന്ന ഒറ്റച്ചിത്രംകൊണ്ട് രാജ്യമൊട്ടാകെ ആരാധകരെ നേടി. പഴയകാലനടി സാവിത്രിയുടെ ജീവിതം  തിരശീലയിലേക്ക് ഗംഭീരമായി പകര്‍ത്താന്‍ കീര്‍ത്തിക്ക് കഴിഞ്ഞെന്ന് സിനിമാലോകം വാഴ്ത്തി. നാലുവര്‍ഷത്തിനിപ്പുറം പ്രതിഭ കൊണ്ട് തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ നടിയെന്ന് വിലയിരുത്തല്‍. ധനുഷ്, സൂര്യ, വിജയ്, വിക്രം, വിശാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായിക.

എസ്.നമ്പി നാരായണന്‍ – രണ്ട് വ്യാഴവട്ടക്കാലം നീതിക്കുവേണ്ടി പോരാടിയ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍.  നമ്പി നാരായണന് സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ചത് ഈ വര്‍ഷം സെപ്റ്റംബര്‍ 14ന്. അദ്ദേഹത്തെ കേസില്‍ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.അടുത്തമാസം തന്നെ സംസ്ഥാന സര്‍ക്കാര്‍  നഷ്ടപരിഹാരം കൈമാറി. 

നിഹാല്‍ സരിന്‍– ചെസിലെ പരമോന്നത പട്ടമായ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ഈ ഒന്‍പതാം  ക്ലാസുകാരനെ തേടിയെത്തിയത് ഓഗസ്റ്റില്‍ അബുദാബിയില്‍ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍.   കളിച്ചുകളിച്ച് ഈ കൊച്ചുപയ്യന്‍ വിശ്വവിജയി വിശ്വനാഥന്‍  ആനന്ദിനെവരെ സമനിലയില്‍ തളച്ചു– നവംബര്‍ 11ന്  കൊല്‍ക്കത്തയില്‍ നടന്ന റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍. 

പ്രിയ പ്രകാശ് വാരിയര്‍ – ഒരു അടാര്‍ ലവ് എന്ന സിനിമയിലെ  കേവലം 30 സെക്കന്റുകള്‍ മാത്രംവരുന്ന ഗാനരംഗം   തൃശൂര്‍ക്കാരിയായ പ്രിയ വാരിയരെ പ്രശസ്തയാക്കി.  വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രിയയുടെ താരമൂല്യംകുതിച്ചുകയറി. ഇന്‍സ്റ്റഗ്രാമില്‍ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെപ്പോലും പിന്നിലാക്കി ക്രിസ്റ്റ്യനോ റോണാള്‍ഡോയ്ക്ക് തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനത്തെത്തി ഈ മലയാളിപെണ്‍കുട്ടി. 

കെ.കെ.ശൈലജ– നിപ്പയെ തുരത്താന്‍ കേരളം നടത്തിയ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വ്യക്തിയ ആരോഗ്യമന്ത്രി.  ഡോക്ടര്‍മാരുടെ സമരം കൈകാര്യം ചെയ്യുന്നതിലും , ആരോഗ്യമേഖലയിലെ സേവനനിലവാരം ഉറപ്പിക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം കൊണ്ടുവരുന്നതിലും ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍. സുപ്രീംകോടതിവരെ നിരാകരിച്ച കണ്ണൂര്‍–കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് നിശിതവിമര്‍ശനം ഏറ്റുവാങ്ങി. 

ശശി തരൂര്‍– പുസ്തകം , പ്രസംഗം, ട്വീറ്റുകള്‍ –  എന്തുതൊട്ടാലും വാര്‍ത്ത. തരൂര്‍. 'വൈ അയാം എ ഹിന്ദു" ,   ' ദ പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍" എന്നീ രണ്ട് പുസ്തകങ്ങള്‍.

'ഹിന്ദു പാക്കിസ്ഥാന്‍', 'ചായ്‍വാല', 'ശിവലിംഗത്തിലെ തേള്‍' തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍. നെടുനീളന്‍ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍.  സുനന്ദ പുഷ്ക്കറിന്‍റെ മരണത്തില്‍ കുറ്റപത്രം. 

പി.എസ്.ശ്രീധരന്‍ പിള്ള– ബി.െജ.പി.സംസ്ഥാന അധ്യക്ഷനായി ഈ വര്‍ഷം ചുമതലയേറ്റു. ശബരിമല യുവതീപ്രവേശന പ്രശ്നത്തില്‍ സര്‍ക്കാരിന്‍റെ മുഖ്യവിമര്‍ശകന്‍. 'ബി.ജെ.പിയുടെ അജന്‍ഡ', 'തന്ത്രിയുടെ ഫോണ്‍ വിളി 'തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗം വലിയ വിവാദമായി.

WCC-  നടിയാക്രമണക്കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള 'അമ്മ' തീരുമാനത്തിനെതിരെ  രൂക്ഷമായ പ്രഷേധം. നാലുപേരുടെ രാജി. അമ്മയുടെ പുതിയനേതൃത്വവും വഞ്ചിച്ചുവെന്ന   പരസ്യപ്രഖ്യാപനം. 

പ്രളയരക്ഷകരായ മല്‍സ്യത്തൊഴിലാകളികള്‍ – പ്രളയകാലത്ത് അറുപത്തിയയ്യാരംപേരെ രക്ഷപ്പെടുത്തി.

അസാമാന്യ ധൈരവ്യും കൂട്ടായ്മയും.  കേരളത്തിന്‍റെ രക്ഷാസൈന്യമെന്ന വിശേഷണം. 

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ www.manoramanews.com/newsmaker