ഉയർച്ച താഴ്ചകളുടെ ഓഹരിവിപണി; മുഹൂർത്തവ്യാപാരം

ഓഹരിവിപണിയില്‍ സംവത് 2075ലെ മുഹൂര്‍ത്ത വ്യാപാരത്തിന് തുടക്കമായിരിക്കുന്നു. ഇപ്പോള്‍ മുതല്‍ ആറര വരെ ഒരു മണിക്കൂര്‍ നേരത്തേക്കാണ് മുഹൂര്‍ത്ത വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താതിരുന്ന വിപണിയുടെ ഇന്നത്തെ പ്രകടനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍. നോക്കാം മുഹൂര്‍ത്ത വ്യാപാരത്തിലെ വിപണിയുടെ പ്രകടനം. 

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരിവിപണികള്‍ രാഷ്ട്രീയത്തിന് അതീതമെന്ന് പറയുമ്പോഴും വിപണി ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ബിജെപി സര്‍ക്കാരുകളുടെ കാലത്തുതന്നെ. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് വിപണിയില്‍ വളര്‍ച്ച താഴോട്ടുമായിരുന്നു. സാമ്പത്തിക രംഗത്ത് കുതിപ്പ് ഉണ്ടാകുമ്പോഴും നരേന്ദ്ര മോദി സര്‍ക്കാരിനുകീഴിലും വിപണിക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടായിട്ടില്ല. 

പി.വി.നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991–96 കാലത്താണ് ഓഹരിവിപണി, ഇതേവരെയുള്ളതില്‍ വച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്. ആ അഞ്ചുവര്‍ഷത്തില്‍ സെന്‍സെക്സില്‍ വളര്‍ച്ചയുണ്ടായത് 180 ശതമാനം.  ആഗോളവല്‍ക്കരണത്തിന് തുടക്കമിട്ട കാലയളവില്‍  ധനമന്ത്രിയായിരുന്നത് മന്‍മോഹന്‍ സിങ്ങും. 

തൊട്ടുപിന്നാലെ എ.ബി.വാജ്പേയി അധികാരത്തിലെത്തിയപ്പോള്‍ വിപണിയുടെ വളര്‍ച്ച താഴോട്ടുമായി. ബിജെപി ആദ്യമായി അധികാരം കയ്യാളിയ ആ കാലഘട്ടത്തില്‍ സെന്‍സെക്സിന് നെഗറ്റീവ് വളര്‍ച്ച. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രായായിരുന്ന 1980–84 ആണ് വിപണിയുടെ തുടക്ക കാലം. 

267 പോയിന്റ് നിലവാരത്തിലേക്കെത്തിയ സെന്‍സെക്സ് അഞ്ചുകൊല്ലം കൊണ്ട് നൂറു ശതമാനത്തിലേറെയാണ് വളര്‍ന്നത്. പിന്നീട് രാജീവ് ഗാന്ധി അധികാരത്തിലെത്തിയപ്പോഴും  ഓഹരി വിപണി ക്രമാനുഗതമായി വളരുകയായിരുന്നു. 

വാജ്പേയി സര്‍ക്കാരിനുകീഴില്‍ വിപണിക്ക് തളര്‍ച്ചയായിരുന്നെങ്കില്‍ മുന്‍ ധനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമൊക്കെയായിരുന്ന മന്‍മോഹന്‍സിങ്ങിലൂടെ യുപിഎ സര്‍ക്കാര്‍ വിപണിയുടെ താളം വീണ്ടെടുത്തു. 

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തേതിന് സമാനമായ വളര്‍ച്ച മുന്‍മോഹന്‍ സിങ്ങ് വിപണിക്ക് സമ്മാനിച്ചു. എന്നാല്‍ മന്‍മോഹന്‍ അധികാരത്തില്‍ തുടര്‍ന്ന 2009 മുതലുള്ള അഞ്ചുവര്‍ഷം വിപണിക്ക് ഗതിവേഗം നഷ്ടപ്പെട്ടു. 

നരേന്ദ്ര മോദിയിലൂടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയിട്ടും വിപണിയുടെ വളര്‍ച്ച കാര്യമായി മുന്നോട്ടു നീങ്ങിയില്ല. 2014 മുതല്‍ ഇന്നലെവരെ  38 ശതമാനം മാത്രമാണ് സെന്‍സെക്സിന് വളര്‍ച്ചയുണ്ടായത്.