ഒാഖി ഒാര്‍മത്തിര

ആര്‍ത്തിരമ്പിയ കടലില്‍ നിന്ന് ആയുസിന്റെ ബലംകൊണ്ട് മാത്രം രക്ഷപെട്ടെത്തിയവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അച്ഛനെ, മകനെ, ഭര്‍ത്താവിനെ നഷ്ടപ്പെട്ടവരുടെ കണ്ണീരും അവരെവിടെയെന്നറിയാതെ കാത്തിരിക്കുന്നവരുടെ ആധിയും ഇപ്പോളും തീരത്ത് ആഞ്ഞടിക്കുന്നുണ്ട്. ഓഖി വിശി ഒരു മാസം പിന്നിടുമ്പോളും ഈ തീരത്തുയരുന്നത് ദുരിതക്കാറ്റാണ്...കണ്ണീരുപ്പ് നിറഞ്ഞ കാറ്റ്...

മരണത്തിനും കടലിനുമിടയില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയവര്‍, താണ്ടിയ ദുരിതക്കടലാണീ കേട്ടത്.  ജീവന്‍ തിരികെ കിട്ടിയത്കൊണ്ട് മാത്രം ഇവരെ പൂര്‍ണമായും ഭാഗ്യവാന്‍മാരെന്ന് വിളിക്കാനാവില്ല. ഒരു തരത്തില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ .കണ്‍മുന്നില്‍ മരണത്തിന്റ ആഴക്കയങ്ങളിലേക്ക് താഴ്ന്നുപോയ കൂട്ടുകാരുടെ കുടുംബത്തിന്റെ വേദന നേരിട്ട് അനുഭവിക്കുന്നത് ഇവരാണ്. ആ കാത്തിരിപ്പാണ് ഇപ്പോളും തീരത്തെ പൊള്ളിക്കുന്നത്

ഒാഖി ദുരന്തത്തില്‍ കാണാതായവരുടെ ചിത്രങ്ങളാണിത്. കണ്ടുകിട്ടിയവരുടെ ചിത്രങ്ങളാണ് ഈ കുറത്ത പെയിന്റ് കൊണ്ട് മറച്ചിരിക്കുന്നത്. ഈ ബോര്‍ഡ് മൊത്തം കറുത്ത പെയിന്റടിക്കുന്ന നാളിനാണ് തീരം മുഴുവന്‍ കാത്തിരിക്കുന്നത്.  പക്ഷെ ഓരോ ദിനവും പിന്നിടുമ്പോള്‍  പ്രതീക്ഷകളും നശിക്കുകയാണ്. ഒരായിരം ചോദ്യങ്ങളാണ് തീരത്തുയരുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട നിരാലംബരുടെ, ഉത്തരമില്ലാത്ത ചോദ്യം.  

ഒന്ന് ഉറങ്ങി എണീറ്റപ്പോളേക്കും അച്ഛനില്ലാതായിപ്പോയ കുരുന്നുകളുണ്ട്. ഓഖിയെന്നോ കാറ്റെന്നോ അറിയാതെ അവര്‍ ഇന്നും തീരത്ത് കളിച്ച് നടക്കുകയാണ്. അച്ഛന്‍ എവിടെയെന്ന ചോദ്യത്തിന് അവരോട് അമ്മമാര്‍ പറയുന്ന ഉത്തരം മതി ദുരന്തത്തിന്റെ ആഴം അളന്നെടുക്കാന്‍.

അച്ഛന്‍ സ്വപ്നം കണ്ട ജീവിതമെത്തിപ്പിടിക്കാന്‍ പഠിക്കുന്ന കുട്ടികളുണ്ട്. വീടും തീരവും മാത്രവുമായി കഴിഞ്ഞിരുന്ന അമ്മമാര്‍ക്ക് അറിയില്ല..ഇനി മക്കളെങ്ങിനെ പഠിക്കുമെന്ന്.

ഈ കാത്തിരിപ്പുകളും കണ്ണീരും പറഞ്ഞ് തരുന്ന ഒരു കണക്കുണ്ട്. ഒരു മാസമായി തീരത്തില്ലാത്ത ജീവനുകളുടെ കണക്ക്. ആ കണക്ക് പരിശോധിച്ചാല്‍ ഒരു ആശയക്കുഴപ്പവുമില്ലാതെ പറയാം. ഓഖി ദുരന്തം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത മഹാദുരന്തം. 

ഒരു മാസം പിന്നിടുമ്പോളും കേരളത്തിനും കേന്ദ്രത്തിനും സഭയ്ക്കുമെല്ലാം പലതാണ് കണക്ക്. അതിലെ പാകപ്പിഴകളും അനാസ്ഥയും പ്രതിഷേധങ്ങളുമെല്ലാം പലതവണ പറഞ്ഞതിനാല്‍ അതിലേക്ക് വീണ്ടും കടക്കുന്നില്ല. കേരളം ഭരിക്കുന്നവരെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് മാത്രമെടുക്കാം. ഇന്ന് വരെ മരണം 79, കാണാനുള്ളത് 145. ഇവര്‍ തിരികെ വരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആഗ്രഹിക്കുന്നു. പക്ഷെ ഉറ്റവര്‍ പോലും പ്രതീക്ഷ കൈവിട്ട് കഴിഞ്ഞു. അങ്ങിനെ അവര്‍ ഇനി എത്തിയില്ലങ്കില്‍ ഓഖിയില്ലാതാക്കിയവരുടെ എണ്ണം 224 ആകും. നാം കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമിയില്‍  പൊലിഞ്ഞത് 171 ജീവനാണ്. അതായത് സുനാമിയെടുത്തതിനേക്കാള്‍ കൂടുതലാളുകളുടെ ജീവന്‍ ഓഖിയെടുത്തു.  ആ യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ അംഗീകരിച്ചാലും ഇല്ലങ്കിലും അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ അത് തിരിച്ചറിഞ്ഞു, ചോദ്യങ്ങളും ഉയര്‍ത്തിത്തുടങ്ങി.

മരിച്ചവരിലും കാണാതായവരിലും മാത്രം ഒതുങ്ങില്ല നാശവും നഷ്ടവും. ജീവന്‍ തിരികെ കിട്ടിയവര്‍, പതിറ്റാണ്ടുകളായി കടലില്‍ മാത്രം പോയി ജീവിച്ചവര്‍. ഇന്ന് കടല് കണ്ടാല്‍ പേടിക്കുകയാണ്. വിഭ്രാന്തിക്ക് സമാനമായ മാനസിക ആഘാതമാണ്.

ഒരു മാസം കഴിയുമ്പോള്‍ പ്രധാനമായും ഉയരുന്നത്, ഉയരേണ്ടത് ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ്, അതിനാദ്യം വേണ്ടത് ദുരന്തത്തിന്റ തീവ്രത ഇത്രയും വര്‍ധിക്കാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തണം.

വിവാദങ്ങളും പ്രതിഷേധങ്ങളും ഒരു വശത്ത് നടക്കുമ്പോളും മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിത്തുടങ്ങി. എന്നാല്‍ ഓഖിക്ക് മുന്‍പുണ്ടായിരുന്നതിന്റെ പകുതി പോലും പോകുന്നില്ല. വള്ളങ്ങളേറെയും തീരത്ത് അടുക്കിയടുക്കി ഇട്ടിരിക്കുകയാണ്. പോകുന്നവരാകട്ടെ  പട്ടിണിയേപ്പേടിച്ച്, ഒരു സുരക്ഷയുമില്ലാതെ അപകടത്തിന്റെ വക്കിലൂടെയാണ് തുഴഞ്ഞ് നീങ്ങുന്നത്..

ഒരു മാസമായി ഞങ്ങളീ തീരത്തുണ്ട്. അന്ന് തീരം അലറിക്കരഞ്ഞപ്പോഴും ഇന്ന് തേങ്ങിക്കരയുമ്പോഴും.ഈ മുറിവുകള്‍  കാലത്തിന്റ തിരകള്‍ അധികം വൈകാ‌തെ മായ്ക്കും.വള്ളവും വലയുമായി അവര്‍ വീണ്ടും കടലില്‍ പോകും. കാരണം കടലിന്റെ മക്കളാണിവര്‍...കാറും കോളും മറികടന്ന് ഉള്‍ക്കടലില്‍ ജീവിതമെറിഞ്ഞവര്‍ക്ക് ഇതല്ലാതെ മറ്റുവഴികളില്ല. പക്ഷെ  കൂട്ടക്കുരുതിയില്‍ നിന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ എന്തുപാഠം പഠിക്കും..അറിയില്ല.