വിമാനം തകര്‍ന്ന് ബന്ധു കൊല്ലപ്പെട്ടു; മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചതായി ജോ ബൈഡന്‍

രണ്ടാം ലോക മഹായുദ്ധത്തിന് ഇടയില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട തന്റെ ബന്ധുവിന്റെ മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചിരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യു ഗിനിയയില്‍ നിരവധി നരഭോജികള്‍ ഉള്ളയിടത്താണ് വിമാനം തകര്‍ന്നുവീണത് എന്ന് ജോ ബൈഡന്‍ പറയുന്നു. തന്റെ ജന്മനാടായ പെന്‍സില്‍വാനിയയിലെ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ വാക്കുകള്‍. 

വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ട അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ആംബ്രോസ് ഫിന്നെഗനിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. 'സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളാണ് അദ്ദേഹം പറത്തിയിരുന്നത്. ന്യൂ ഗിനിയയില്‍ ശത്രുക്കളെ നിരീക്ഷിച്ച് പറക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥത്തില്‍ അതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് വരാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാല്‍ അദ്ദേഹത്തിന്റെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു', ജോ ബൈഡന്‍ പറഞ്ഞു.

ന്യു ഗിനിയയുടെ പടിഞ്ഞാറന്‍ തീരത്ത് വെച്ച് വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് പെന്റഗണ്‍ ‍ഡിഫന്‍സ് വിഭാഗത്തിന്റെ രേഖകളില്‍ പറയുന്നത്. 1944 മെയ് 14നായിരുന്നു സംഭവം. വിമാനം തകര്‍ന്നുവീഴാനുണ്ടായ കാരണവും ഇന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു ക്രൂ അംഗം രക്ഷപെട്ടു. തൊട്ടടുത്ത ദിവസം വ്യോമമാര്‍ഗം തിരച്ചിലിന് എത്തിയപ്പോള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്താനായില്ല.

Joe Biden said that the body of his uncle was eaten by cannibals