കുത്തേറ്റിട്ടും കുഞ്ഞിനെയുമെടുത്ത് ഓടി; ആഷ്​ലി മരിച്ചത് ഒരു ജീവന്‍ രക്ഷിച്ച ശേഷം

Image / BBC

സിഡ്​നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആഷ്​ലി മരിച്ചത് സ്വന്തം കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ശേഷം. കുത്തേറ്റ ശേഷവും കുഞ്ഞിനേയുമെടുത്ത് ഓടിയ ആഷ്​ലി കുഞ്ഞിനെ സമീപത്തുള്ളവര്‍ക്ക് കൈമാറിയെന്ന് സംഭവത്തിന് ദൃക്സാക്ഷിയായവര്‍ പറഞ്ഞു. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയാണ് അമ്മ സുരക്ഷിതയാക്കിയത്. പരുക്കേറ്റ കുട്ടി ശസ്​ത്രക്രിയക്ക് ശേഷം സുഖമായിരിക്കുകയാണ്. 

തന്‍റെ കൈകളിലേക്കെത്തുമ്പോള്‍ കുഞ്ഞിന് നല്ല പരുക്കുണ്ടായിരുന്നുവെന്നും തറയിലാകെ രക്തമായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിച്ച യുവാവ് പറഞ്ഞു. സഹോദരനൊപ്പം മാളിലൂടെ നടക്കുമ്പോള്‍ കുഞ്ഞിനെ പിടിച്ചുകൊണ്ട് അമ്മ ഞങ്ങളുടെ അടുത്തേക്ക് ഒാടിവരികയായിരുന്നു. അവര്‍ കുഞ്ഞിനെ ഞങ്ങളുടെ കയ്യില്‍ തന്നു. ഉടനെ ഞങ്ങള്‍ അവരുമായി ഒരു കടയിലേക്ക് കയറി വാതിലടച്ചു. രക്തസ്രാവം തടയാനായി അമ്മയുടെ കുഞ്ഞിന്‍റേയും മുറിവുകളില്‍ അമര്‍ത്തിപിടിച്ചു. അപ്പോള്‍ കയ്യില്‍ കിട്ടിയ ഷര്‍ട്ട് ഉപയോഗിച്ച് മുറിവില്‍ കെട്ടി.  കുട്ടി രക്ഷപ്പെടുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുഞ്ഞിന് ഇനി അമ്മയില്ലെന്നത് ഒാര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുകയാണെന്നും ആഷ്​ലിയുടെ കുടുംബം പറഞ്ഞു. കുഞ്ഞിനെ സംരക്ഷിച്ച രണ്ട് യുവാക്കള്‍ക്കും കുടുംബം നന്ദി പറ‍ഞ്ഞു. 

കഴിഞ്ഞ ശനിയാഴ്ചയാണ് ഷോപ്പിങ് ജോയല്‍ കൗച്ച് എന്ന യുവാവിന്‍റെ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറയുന്നു. പ്രതി കുത്തികൊലപ്പെടുത്തിയ ആറുപേരിൽ അഞ്ച് പേരും സ്ത്രീകളായിരുന്നു. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പാകിസ്താൻ വംശജൻ ഫറാസ് താഹിർ മാത്രമാണ് കൊല്ലപ്പെട്ടവരിൽ പുരുഷൻ. ഒടുവില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ജോയല്‍ കൗച്ചിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Ashley died after saving her own baby's life