ബിസ്ക്കറ്റ് കഴിച്ചു; നര്‍ത്തകിയായ 25കാരിക്ക് ദാരുണാന്ത്യം; കാരണമിങ്ങനെ..

തെറ്റായി ലേബല്‍ ചെയ്ത ബിസ്ക്കറ്റ് കഴിച്ച് നര്‍ത്തകിക്ക് ദാരുണാന്ത്യം. 25കാരിയായ ഓർല ബാക്സെൻഡേലാണ് ബിസ്ക്കറ്റ് കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. ന്യൂയോര്‍ക്കാലാണ് ദാരുണസംഭവം നടന്നത്. ബിസ്ക്കറ്റിന്‍റെ ലേബലില്‍ നിലക്കടലയുടെ സാന്നിധ്യം രേഖപ്പെടുത്താത്തതാണ് ഓർലയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബിസ്ക്കറ്റ് നിര്‍മാതാക്കളായ കുക്കീസ് യുണൈറ്റഡും സൂപ്പര്‍മാക്കറ്റ് ഉടമയും ബിസ്ക്കറ്റ് വിതരണക്കാരും തമ്മില്‍ പരസ്പരം പഴിചാരുന്നതല്ലാതെ ഓർലയുടെ മരണത്തിന്‍റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ബിസ്ക്കറ്റ് വാങ്ങിക്കഴിച്ച ശേഷം ഓർലക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശരീരത്തില്‍ പലതരം അലര്‍ജിസംബന്ധമായ മാറ്റങ്ങളും ബുദ്ധിമുട്ടുകളും കണ്ടുതുടങ്ങി. തുടര്‍ന്ന് ഭക്ഷണ അലര്‍ജിയിലെത്തന്നെ അപകടകരമായ അവസ്ഥയായ അനാഫൈലാറ്റിക് ഷോക്ക് എന്ന അവസ്ഥയിലെത്തുകയും ഓർല മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓർലയ്ക്ക് പീനട്ട് അലര്‍ജിയുണ്ടായിരുന്നെന്നും ബിസ്ക്കറ്റിലെ പീനട്ടിന്‍റെ സാന്നിധ്യമാണ് മരണകാരണമെന്നും ഓർലയുടെ കുടുംബഅഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

നിലക്കട കഴിച്ചാല്‍ ഗുരുതര അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്ന ഓർല ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ലേബലിലെ ചേരുവകള്‍ നോക്കുമായിരുന്നു. മരണകാരണമായ ബിസ്ക്കറ്റ് വാങ്ങിയപ്പോഴും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ബിസ്ക്കറ്റിന്‍റെ ലേബലില്‍ നിലക്കടലയുടെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നില്ല. അതറിയാതെ ബിസ്ക്കറ്റ് വാങ്ങിക്കഴിച്ചതാണ് 25കാരിയായ നൃത്ത വിദ്യാര്‍ഥിനി കൂടിയായ ഓർലയുടെ മരണത്തിന് കാരണമായതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

ഓർലയുടെ മരണത്തെക്കുറിച്ചുളള അന്വേഷണത്തില്‍ നിന്ന് ബിസ്ക്കറ്റ് നിര്‍മാതാക്കളുടെ/വില്‍പ്പനക്കാരുടെ ഭാഗത്തുനിന്നുളള ഗുരുതര വീഴ്ച അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ബിസ്ക്കറ്റിന്‍റെ ലേബലില്‍ നിലക്കടലയുടെ സാന്നിധ്യം രേഖപ്പെടുത്താത്തത് ഇരുകൂട്ടരുടെയും അശ്രദ്ധയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഓര്‍ലയുടെ മരണത്തിന് കാരണം തങ്ങളല്ലെന്നും സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ബിസ്ക്കറ്റ് വിതരണം ചെയ്യുന്ന ലോങ് ഐലന്‍റ് ബേക്കറിയാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ആരോപിച്ചു. ബിസ്റ്റിന്‍റെ ചേരുവകളില്‍ മാറ്റം വരുത്തിയത് വിതരണക്കാര്‍ തങ്ങളെ അറിയിച്ചില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ വാദം. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പേ ഇക്കാര്യം അറിയിച്ചിരുന്നെന്നും സംഭവം സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരുടെ ഭാഗത്തെ വീഴ്ച്ചയാണെന്നും വിതരണക്കാര്‍ ആരോപിച്ചു. സൂപ്പര്‍മാറ്റുകാര്‍ തങ്ങളുടെ ബ്രാന്‍ഡിന് കീഴില്‍ ബിസ്ക്കറ്റ് വില്‍ക്കുമ്പോള്‍ ശരിയായി പാക്ക് ചെയ്യാത്തതും ശരിയായി ലേബല്‍ ചെയ്യാത്തതുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. 

യുകെ സ്വദേശിനിയായ ഓർല നൃത്തപഠനത്തിനായാണ് 2018ല്‍ ന്യൂയോര്‍ക്കിലെത്തിയത്. സ്കോളര്‍ഷിപ്പോടെയായിരുന്നു ഓർലയുടെ നൃത്തപഠനം. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് അടക്കമുളള പല പ്രമുഖ പരിപാടികളിലും നൃത്തം അവതരിപ്പിക്കാനും ഓർലക്ക് കഴിഞ്ഞിരുന്നു. ഓർലയുടെ മരണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് സിഇഒ അനുശോചനം രേഖപ്പെടുത്തി. 

Dancer Dies In New York After Eating Cookies