ശരീരഭാരം കുറച്ച് പ്രശസ്തയായി; ഇന്‍ഫ്ലുവന്‍സര്‍ക്ക് ഹൃദയാഘാതം; ദാരുണാന്ത്യം

ബ്രസീലിയന്‍ വെയ്റ്റ്​ലോസ് ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. മിലാ ഡി ജീസസ് എന്ന 35കാരിയാണ് മരിച്ചത്. ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ ചെയ്തതിനുശേഷം വെയ്റ്റ്​ലോസ് ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയില്‍ പ്രശസ്തയാണ് മില. ഹൃദയാഘാതമാണ് മിലയുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് ഹൃദയാഘാതത്തിനുളള യഥാര്‍ത്ഥ കാരണമെന്ന് കണ്ടെത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുളള താരമാണ് മില. മിലയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. 

ഗ്യാസ്ട്രിക് ബൈപ്പാസ് സര്‍ജറി വഴിയാണ് മില സോഷ്യല്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടുത്തുടങ്ങിയത്. ചില തീരുമാനങ്ങള്‍ എന്‍റെ ജീവിതം മാറ്റി മറിച്ചു എന്ന കുറിപ്പിനൊപ്പം മില പങ്കുവച്ച ചിത്രം വൈറലായിരുന്നു. ശരീരഭാരം വളരെയധികം കുറച്ചതെങ്ങനെയെന്നും അതിനായി എന്തെല്ലാം ചെയ്യാമെന്നും പറഞ്ഞുകൊണ്ട് മില പങ്കുവച്ച വീഡിയോകളും മറ്റും മിലയ്ക്ക് അനേകം ഫോളേവേഴ്സിനെയും നേടിക്കൊടുത്തിരുന്നു. 

എന്നാല്‍ 2023 ഒക്ടോബറില്‍ തനിക്ക് സോറിയാസിസ് രോഗമാണെന്നും അത് തന്‍റെ ശരീരത്തില്‍ 80 ശതമാനത്തോളം ബാധിച്ചുകഴി‍‍ഞ്ഞെന്നും പറഞ്ഞ് മില ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മൂന്നുമാസമായി ആശുപത്രി സന്ദര്‍ശനവും, മരുന്നുകളും മറ്റുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും മില കുറിച്ചിരുന്നു. അതിന് ശേഷം ജനുവരി 12 പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മില മരണപ്പെടുകയായിരുന്നു. നാല് മാസം മുന്‍പാണ് മില വിവാഹിതയായത്. ആദ്യ വിവാഹത്തില്‍ മിലയ്ക്ക് നാല് മക്കളുമുണ്ട്. 

Brazilian Weight Loss Influencer dies due to Heart Attack