terror-sajid

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ  മുഖ്യ സൂത്രധാരനായ ലഷ്കറെ തയിബ കമാന്‍ഡര്‍ സാജിദ് മിര്‍ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍. ഇസ്ലമാബാദിലെ ദേരാഘാസി ഖാനിലുള്ള സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ക്ക് വിഷം നല്‍കിയത് ആരെന്ന് വ്യക്തമല്ല. പാക് ചാരസംഘടനയായ െഎഎസ്െഎ ഇയാളെ വിമാനമാര്‍ഗം ബഹാന്‍വല്‍പൂരിലെ ആശുപത്രിയിലെത്തിച്ച് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജയിലിലെ മുഖ്യ പാചകക്കാരനെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കാണാതായിട്ടുണ്ട്.ഇയാള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

 

2008 നവംബര്‍ 26ന് നടന്ന  മുംബൈ ഭീകരാക്രമണത്തിന്  സാമ്പത്തിക സഹായം നല്‍കിയതിന്   കഴിഞ്ഞ വര്‍ഷമാണ്  പാക്കിസ്ഥാന്‍ കോടതി മിറിന് 15വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.ഇയാള്‍ ജീവിച്ചിരിപ്പില്ലെന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്‍റെ അവകാശവാദം.എന്നാല്‍ ഇതിന് തെളിവ് ഹാജരാക്കാന്‍  പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് 2022 ഏപ്രിലില്‍ അറസ്റ്റ് ചെയ്ത് ഭീകര വിരുദ്ധ കോടതിയില്‍ വിചാരണ നടത്തിയത്.

156 പേരുടെ ജീവൻ കവർന്ന മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രകരിൽ പ്രധാനിയാണ് ഭീകരവാദിയായ സാജിദ് .ഇന്ത്യ കൊടും ഭീകരരുടെ പട്ടികയിൽ സാജിദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദശലക്ഷം ഡോളറാണ് ഈ ഭീകരൻറെ തലയ്ക്ക് അമേരിക്ക വിലയിട്ടിരിക്കുന്നത്.