
ഇസ്രയേല്‍ തിരച്ചില്‍ തുടരുന്ന ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ മരിച്ച രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ആശുപത്രിയിലെ വൈദ്യുതി വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയില്‍ 20 രോഗികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ തുരങ്കമുണ്ടെന്നും ഹമാസ് ഇവിടെ നിന്ന് ആക്രമണം നടത്തുന്നതായുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
വൈദ്യുതി വിതരണം മുടങ്ങിയതോടെ പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ നിയോനാറ്റല്‍ ഐസിയുവിലെ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ഇത് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ ജയിലായി ആശുപത്രി മാറി കഴിഞ്ഞതായി അല്‍ ഷിഫ മെഡിക്കല്‍ കോംപ്ലക്സ് ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. ആശുപത്രിയിലെ പ്രധാന വാട്ടര്‍ പൈപ്പ് ഇസ്രയേല്‍ തകര്‍ത്തതായും മുഹമ്മദ് അബു സാല്‍മിയ ആരോപിക്കുന്നു.
രോഗികളും അഭയാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇസ്രയേലിന്റെ തിരച്ചില്‍ ഏതാനും ദിവസം കൂടി നീണ്ടുനില്‍ക്കുമെന്നാണ് വിവരം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12,000 കവിഞ്ഞതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ അയ്യായിരത്തോളം കുട്ടികളാണ്.