'നിങ്ങളും ജോ ബൈഡനും പരാജയപ്പെടുന്നു...': കമല ഹാരിസിന് നേരെ പ്രതിഷേധവുമായി യുവാവ്; വിഡിയോ

രാജ്യത്തെ കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ആരോപിച്ച് യുഎസ് വൈസ്പ്രസിഡന്‍റ് കമല ഹാരിസിന് നേരെ പ്രതിഷേധവുമായി യുവാവ്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ യുഎസ് വൈസ് പ്രസിഡന്റ് ജനങ്ങളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേദിയിലാണ് അപ്രതീക്ഷിത പ്രതിഷേധ പ്രകടനം നടന്നത്.  ആക്രോശിച്ച് കൊണ്ട് വേദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റുകയാണ്. 

"ഞങ്ങൾ ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ നടുവിലാണ്. ഹവായിയിൽ എൺപത് ആളുകൾ മരിച്ചു, കാലാവസ്ഥാ വ്യതിയാനത്തില്‍ ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. വീടുകള്‍ കത്തുകയാണ്, ആളുകൾ മരിക്കുന്നു," പ്രതിഷേധക്കാരൻ ആക്രോശിക്കുന്നു. വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. കമലാ ഹാരിസിനെ സംസാരിക്കാന്‍ അനുവദിക്കാത്ത വിധത്തിലായിരുന്നു യുവാവിന്‍റെ പ്രതിഷേധം. 

“നിങ്ങൾ നിങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുമോ എന്ന് ഞങ്ങൾ ചിന്തിക്കുകയായിരുന്നു, എന്നാല്‍ നിങ്ങളും ജോയും കാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നു." യുവാവ് ഉറക്കെ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഡോറ ചുഴലിക്കാറ്റിന്‍റെ ഫലമായി കഴിഞ്ഞയാഴ്ച ഹവായിയിൽ ഉടനീളം മാരകമായ കാട്ടുതീ നിരവധി ദ്വീപുകളിലുടനീളം വ്യാപിച്ചിരുന്നു. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് തീപിടുത്തത്തിന് കാരണമെന്ന് കലാവസ്ഥാ വിദഗ്ധർ പറയുന്നു. കാട്ടു തീയിൽ 99 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു.