കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കണം; കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാരിന്‍റെ കത്ത്

the-state-government-has-sent-a-letter-to-the-center-requesting-to-restore-the-financial-allocation-due-to-kerala
SHARE

കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചു. പതിനാറാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങളായി കേരളത്തിനുള്ള വിഹിതത്തിലുണ്ടായ കുറവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്കുള്ള വായ്പയും ഗ്രാന്‍റുമെല്ലാം നിശ്ചയിക്കുന്നത് ധനകാര്യകമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ്. പതിനാറാം ധനകാര്യ കമ്മീഷന്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. കേരളത്തിന് അര്‍ഹമായ വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന വിവാദം കത്തിനില്‍ക്കെ, ഈ കത്തിന് ബുധനാഴ്ച നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തിന് അര്‍ഹമായ വിഹിതം സംരക്ഷിച്ചു നല്‍കണമെന്ന ആവശ്യമാണ് പ്രധാനമായി കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിന്‍റെ വിഹിതത്തില്‍ ഉണ്ടായ കുറവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന ബന്ധം കാത്തുസൂക്ഷിക്കുന്ന സമീപനമായിരിക്കണം പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുമ്പോള്‍ സ്വീകരിക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെ ഗുണകരമായ നിലപാടെടുക്കണം. കടമെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട റവന്യൂകമ്മി ഗ്രാന്‍റ് തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുകയാണ് എന്ന വിമര്‍ശനം സമീപകാലത്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവര്‍ത്തിച്ച് ഉന്നയിക്കാറുണ്ട്.

കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഇനം തിരിച്ച് ഈ കത്തില്‍ പറഞ്ഞിട്ടില്ല. ധനകാര്യ കമ്മീഷന്‍ രൂപീകരിച്ച ശേഷം സംസ്ഥാനം അയക്കുന്ന മെമ്മോറാണ്ടത്തിലായിരിക്കും ഇത്തരം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. 2024ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ പതിനാറാം ധനകാര്യകമ്മീഷന്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കിടല്‍ ഫോര്‍മുല തയ്യാറാക്കുന്നത് ധനകാര്യകമ്മീഷനാണ്.

The state government has sent a letter to the Center requesting to restore the financial allocation due to Kerala.

MORE IN WORLD
SHOW MORE