സിയേറ ലിയോണിന്റെ ചരിത്ര സാക്ഷി ..; 400 വർഷം പഴക്കമുള്ള മരമുത്തശ്ശി നിലംപൊത്തി

tree
SHARE

സിയേറ ലിയോണിന്റെ അഭിമാന ചിഹ്നങ്ങളില്‍ ഒന്നായ മരമുത്തശ്ശി നിലംപൊത്തി. തലസ്ഥാനമായ ഫ്രീടൗണില്‍ തല ഉയര്‍ത്തി നിന്നിരുന്ന 230 അടി ഉയരമുള്ള പഞ്ഞിമരം കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് വീണത്. രാജ്യത്തിന് കനത്ത നഷ്ടമെന്ന് പ്രസിഡന്റ് ജൂലിയസ് മാഡ ബയോ പറഞ്ഞു

400 വര്‍ഷം പഴക്കമുള്ള, ആദ്യകാല സ്വാതന്ത്ര്യ സ്മാരകമായ, സിയേറാ ലിയോണിന്റെ കറന്‍സി നോട്ടുകളില്‍ വരെ ഇടംപിടിച്ച പഞ്ഞിമരമാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കാറ്റിലും മഴയിലും മരത്തിന്റെ ചില്ലകള്‍ പലതും വീണിരുന്നു. എന്നാല്‍ ബുധനാഴ്ചയുണ്ടായ കനത്ത കാറ്റില്‍ മരം അപ്പാടെ നിലംപൊത്തി. ചരിത്രപരമായ പ്രാധാന്യമുള്ള മരമാണിത്. മുന്‍പ് അടമത്തത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഫ്രീടൗണില്‍ എത്തുന്നവര്‍ മരത്തെ പ്രാര്‍ഥിച്ചാണ് നഗരത്തില്‍ താമസം തുടങ്ങിയിരുന്നത്. മരം നിന്ന സ്ഥലം എങ്ങനെ സംരക്ഷിക്കണമെന്നതിനെ ചൊല്ലി ചര്‍ച്ചകളും സജീവമായി. വേരുകള്‍ അവിടെ തന്നെ നിര്‍ത്തണമെന്നും അതില്‍ നിന്ന് പുതിയ തളിരുകള്‍ ഉണ്ടായേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മരത്തിന്റെ ഒരുഭാഗം സമീപത്തെ മ്യൂസിയത്തില്‍ സ്ഥാപിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്ലാ അഭിപ്രായവും പരിഗണിച്ച് മരം നിന്നിരുന്ന സ്ഥലം ഉചിതമായി സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 

MORE IN WORLD
SHOW MORE