ജി–7 ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമയില്‍ തുടക്കം. ചില രാജ്യങ്ങള്‍ നടത്തുന്ന സാമ്പത്തിക ബലപ്രയോഗം തടയുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജി–7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഹിരോഷിമയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ആശയവിനിമയം നടത്തി. ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി പ്രധാനമന്ത്രി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഇന്തോ–പസഫിക് മേഖലയിലെ സഹകരകണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി.
വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാഷ്ട്രീയ തര്‍ക്കമുള്ള രാജ്യങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന ചൈനയെ എങ്ങനെ േനരിടാമെന്നതാണ് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളുടെ ഉച്ചകോടിയുടെ മുഖ്യ അജണ്ട. ചൈനയെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും സാമ്പത്തിക ബലപ്രയോഗത്തെ ഒരുമിച്ച് നേരിടുമെന്ന് ജി–7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ചൈനയുമായി രാഷ്ട്രീയ, അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ട ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. ഉച്ചകോടി വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്വീകരിച്ചു. വേദിയില്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഹ്രസ്വ സംഭാഷണം നടത്തി. ഉച്ചകോടിക്ക് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്തോ–പസഫിക് മേഖലയിലെ സഹകരകണം ശക്തിപ്പെടുത്തുന്നതും മേഖലയിലെ പുതിയ സംഭവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിനോദ സഞ്ചാരം, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ സഹകരണവും, ഭീകരവിരുദ്ധ പോരാട്ടം, ഐക്യ രാഷ്ട്രസഭ പരിഷ്കരണം എന്നീ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ സന്ദര്‍ശനത്തിനിടെ സമ്മാനമായി നല്‍കിയ ബോധി വൃക്ഷം ഹിരോഷിമയില്‍ നട്ടതിലുള്ള നന്ദി പ്രധാനമന്ത്രി ജപ്പാനീസ് പ്രധാനമന്ത്രിയെ അറിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്, വിയറ്റ്നാം പ്രധാനമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാഛാദനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.