കൊടും വനത്തില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് നാല് കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടന്ന സന്തോഷത്തിലായിരുന്നു കൊളംബിയ. എന്നാല്‍ ആമസോണ്‍ മഴക്കാടുകളില്‍ വിശപ്പിനോടും കാലാവസ്ഥയോടും പടവെട്ടി അലയുന്ന കുട്ടികളെ ഇതുവരെ കണ്ടെത്താനായില്ല. പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ, കുഞ്ഞിന്റെ വെള്ളക്കുപ്പി, കത്രിക, കമ്പും ഇലകളും കൊണ്ടുള്ള കൂര എന്നിവയാണ് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ സംഘങ്ങള്‍ കണ്ടെത്തിയത്. ഇത് അവര്‍ ജീവനോടെയുണ്ടെന്ന പ്രതീക്ഷ നല്‍കുന്നു. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികൾക്കു കാട് പരിചിതമാണ് എന്നതും കാട്ടിലെ പ്രതികൂല കാലാവസ്ഥ അതിജീവിക്കാന്‍ അവര്‍ക്കാവുമെന്ന പ്രതീക്ഷ നല്‍കുന്നു.
19 ദിവസം മുൻപുണ്ടായ വിമാനാപകടത്തിലാണ് 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങള്‍ ആമസോണ്‍ മഴക്കാടുകളിലകപ്പെട്ടത്. കുട്ടികള്‍ നിബിഡ വനത്തിൽ അലയുന്നതായി ഗോത്രവർഗക്കാർ സൈനികർക്കു വിവരം നല്‍കി. എന്നാൽ, സൈനികർക്ക് ഇതുവരെ കുട്ടികളുടെ അടുത്തേക്ക് എത്താനായിട്ടില്ല. കുട്ടികൾ സുരക്ഷിതരാണെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അത് അദ്ദേഹം അതു പിന്നീട് പിന്‍വലിച്ചു.
മെയ് ഒന്നിനാണ് വിമാനം തകര്‍ന്നു വീണത്. കുട്ടികളുടെ അമ്മയുടേയും രണ്ട് പൈലറ്റുമാരുടേും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിടത്ത് നിന്ന് കുട്ടികളെ കാണാനാവാതെ വന്നതോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്നാണ് ചെറുവിമാനം യാത്ര തിരിച്ചത്. എന്നാല്‍ കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച് തകര്‍ന്നു വീണു.