തന്നെ കാപട്യക്കാരനെന്ന് ആക്ഷേപിച്ച സൈനിക ഉദ്യോഗസ്ഥനെതിരെ രൂക്ഷപരിഹാസവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലോകത്തിന് മുന്നില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുകയും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയും ചെയ്ത കാലത്ത് താന്‍ ജനിച്ചിട്ട് പോലുമില്ലെന്നായിരുന്നു ഇന്‍റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയെ ഇമ്രാന്‍ പരിഹസിച്ചത്. സൈന്യ വിരുദ്ധനെന്നും കാപട്യക്കാരനെന്നും തന്നെ വിളിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ ലജ്ജിക്കണമെന്നും ഇമ്രാന്‍ തുറന്നടിച്ചു.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങി 'അപചയത്തില്‍' നിന്നും പാക്കിസ്ഥാനെ രക്ഷിക്കാന്‍ സൈന്യം തയ്യാറാകണമെന്നും ഇമ്രാന്‍ പരിഹസിച്ചു. തടവില്‍ നിന്ന് മോചിതനായ ശേഷം സമന്‍പാര്‍ക്കിലെ വസതിയില്‍ അണികളെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു ഇമ്രാന്‍റെ വിമര്‍ശനം. ഇമ്രാന്‍റെ പാര്‍ട്ടിയായ തെഹ്രീക് ഇ–ഇന്‍സാഫിനെ സൈന്യം അതിക്രൂരമായാണ് അടിച്ചമര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാന്റെ നന്‍മയ്ക്ക് വേണ്ടിയെങ്കിലും പിടിഐ വിരുദ്ധനയം അവസാനിപ്പിക്കണമെന്നും ഇമ്രാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു.
'പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക്ക് സൈന്യത്തിനു നല്ല പ്രതിച്ഛായ ഉണ്ടായിരുന്നു. ആളുകൾക്കു സൈന്യത്തെ ഇഷ്ടമായിരുന്നു. മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ എന്നെ പിന്നിൽനിന്നു കുത്തിയതോടെ സ്ഥിതി മാറി. പാക്കിസ്ഥാനിലെ കുപ്രസിദ്ധരും അഴിമതിക്കാരുമായ ക്രമിനിലുകൾ അധികാരം പിടിച്ചു. ജനങ്ങൾ സൈന്യത്തെ വിമർശിക്കുന്നതു ഞാൻ കാരണമല്ല. സൈനിക മേധാവിയുടെ പ്രവർത്തനങ്ങൾ കാരണമാണ്. ഞാൻ നുണ പറയുന്നതായി നിങ്ങൾ പരിഹസിക്കുന്നു. പക്ഷേ, പാക്ക് സുപ്രീം കോടതി പോലും എന്നെ സത്യസന്ധനായ മനുഷ്യനായിട്ടാണു വിലയിരുത്തിയത്.സൈനിക സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തിയവരെ സൈന്യം അധികാരത്തിലേറ്റി. പിടിഐ നേതൃത്വത്തെയും 3500 പ്രവർത്തകരെയും സൈന്യം ജയിലിൽ അടച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് നടത്താൻ താത്പര്യമില്ല. കാരണം അവർ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. അതിനാൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു തിരഞ്ഞെടുപ്പു നടത്തുന്നത് തടയാൻ അവർ പദ്ധതിയിട്ടു. അതു വലിയ പ്രത്യാഘാതമുണ്ടാക്കും.
സൈന്യം ഞാൻ പറയുന്നതു കേൾക്കില്ല. എങ്കിലും ഒരു ഉപദേശം തരാം. ഇത്തരം പ്രവർത്തികൾ രാജ്യത്തെ എങ്ങോട്ട് കൊണ്ടുപോകുന്നുവെന്നു നിങ്ങൾ മനസിലാക്കണം.പാക്കിസ്ഥാനിലെ ഏക പ്രതീക്ഷ കോടതികളാണ്. ജഡ്ജിമാർ അധികാരികളുടെ നിയമവിരുദ്ധമായ ആജ്ഞകൾ തള്ളിക്കളയുന്നു. സൈന്യം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. സമൂഹമാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർ സൈനിക നിയന്ത്രണത്തിനു കീഴിൽ നിൽക്കാൻ പാടില്ല. പേടി കൂടാതെ പ്രവർത്തിക്കണം.’– ഇമ്രാൻ പറഞ്ഞു.
You were not even born when...": Imran Khan slams pak army officer