IMRAN-KHAN

ട്രസ്റ്റിന്റെ പേരിൽ സ്വീകരിച്ച പണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ അറസ്റ്റിൽ. പാക് അര്‍ധസൈനിക വിഭാഗമാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്‌ലമാബാദ് ഹൈക്കോടതി വളപ്പില്‍ വച്ചായിരുന്നു നടപടി.

എന്താണ് അറസ്റ്റിന് അടിസ്ഥാനമായ ആ കേസ്?

 

മുന്‍ പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനെതിരെ നിലവില്‍ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അൽ ഖാദിർ ട്രസ്റ്റ് കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഇമ്രാന്‍ഖാനെ ഇസ്‌ലമാബാദ് ഹൈക്കോടതി വളപ്പില്‍ വച്ച് അറസ്റ്റിലായത്. അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് കോടിക്കണക്കിന് രൂപയും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബഹ്‌രിയ ടൗണിൽ നിന്ന് ഭൂമിയും കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നിലവിലെ അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത ഇടപാടിലൂടെ ദേശീയ ഖജനാവിന് 190 മില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

 

എന്താണ് അൽ ഖാദിർ ട്രസ്റ്റ്?

 

ഗുണമേൻമയുള്ള വിദ്യാഭ്യാസം വിദ്യാർഥികൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബിലെ ഝലം ജില്ലയിലെ സോഹാവ തഹ്സിലിൽ അൽ ഖാദിർ സർവകലാശാലയ്ക്ക്  സ്ഥാപിക്കാൻ ഇമ്രാൻ പദ്ധതിയിട്ടു. ഇതിനായി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും സുൽഫിക്കർ ബുഖാരിയും ബാബർ അവാനും ചേർന്ന് അൽ ഖാദിർ പ്രോജക്ട് ട്രസ്റ്റിനും രൂപം നൽകി. ബാനി ഗാല ഹൗസ്, ഇസ്ലമാബാദ് എന്നാണ് രേഖകളിൽ ട്രസ്റ്റിന്റെ വിലാസമായി കാണിച്ചിരിക്കുന്നത്.

 

സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 'ബഹ്‌രിയ ടൗണിൽ'  നിന്ന്  സംഭാവനകള്‍ സ്വീകരിക്കുന്നതിനായി 2019 -ൽ ബുഷ്റ ബീബി ഒരു മെമ്മോറണ്ടം ഒപ്പ് വച്ചു. കരാര്‍ പ്രകാരം ബഹ്‌റിയ ടൗണിൽ നിന്ന് 458 കനാല്‍ (57.25 ഏക്കര്‍) 4 മാർല (2.5 സെന്‍റ്) 58 ചതുരശ്ര അടി ഭൂമി ട്രസ്റ്റിന് ലഭിച്ചു. എന്നാല്‍ സംഭാവനയായി ലഭിച്ച ഭൂമിയിൽ നിന്ന് 240 കനാൽ (30 ഏക്കര്‍) ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറാ ഗോഗിയുടെ പേരിലേക്ക് ഇമ്രാൻ വകമാറ്റിയതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല പറഞ്ഞു. ഭൂമിയുടെ മൂല്യം കുറച്ചുകാണിച്ചതിനും സർവകലാശാലയുടെ പേരിൽ വിഹിതം സ്വീകരിച്ചതിനും പുറമെ വിഷയം അടിച്ചമർത്താൻ ഇമ്രാൻ ശ്രമിച്ചുവെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

 

റിയൽ എസ്റ്റേറ്റ് വ്യവസായിയായ മാലിക് റിയാസിന് ,ഇമ്രാൻ ഖാൻ ഏകദേശം 190 ദശലക്ഷം പൗണ്ട് നൽകിയെന്ന് പാകിസ്ഥാൻ മുൻ ധനമന്ത്രി മിഫ്താ ഇസ്മായിലിന്റെ ആരോപണം.  ട്രസ്റ്റിന് മാലിക് റിയാസും  നൂറുകണക്കിന് ഏക്കർ ഭൂമി സംഭാവന നൽകിയിട്ടുണ്ട്. എന്നാല്‍ അൽ-ഖാദിർ യൂണിവേഴ്‌സിറ്റി എന്ന പേരിൽ നിർമ്മാണത്തിലിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിനായി 2021-ൽ ട്രസ്റ്റിന് ദശലക്ഷക്കണക്കിന് സംഭാവനകൾ ലഭിച്ചതായും റിപോർട്ടുകൾ പുറത്തു വന്നു.  ഏകദേശം 8.52 മില്യൺ പാകിസ്ഥാൻ രൂപ ചിലവായതായി ട്രസ്റ്റിന്റെ രേഖകൾ പറയുമ്പോൾ 180 മില്യൺ പാകിസ്ഥാൻ രൂപ ട്രസ്റ്റിന് സംഭാവനയായി  ലഭിച്ചിട്ടുണ്ടെന്ന് പാക് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് അഴിമതി പുറത്തുവരുന്നത്. സ്ഥാപനം ട്രസ്റ്റായിരിക്കെ എന്തിനാണ് വിദ്യാർഥികളിൽ നിന്ന് പണം ഈടാക്കുന്നതെന്ന ചോദ്യവും മാധ്യമങ്ങള്‍ ഉയർത്തുന്നു.

 

കേസില്‍ ഹാജരാകുന്നതിനായി ഇമ്രാന്‍ ഖാന് നിരവധി തവണ നോട്ടീസ് നല്‍കിയിരുന്നു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാനെ കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഖജനാവിനുണ്ടായ നഷ്ടത്തിന്‍റെ അടിസ്ഥാനത്തില്‍ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

Imran Khan arrested; What is the case against former Prime Minister of Pakistan?